Friday
19 Oct 2018

മുസ്‌ലിം വിരുദ്ധ ലഘുലേഖയുമായി ആര്‍എസ്എസ് അനുകൂല സംഘടന

By: Web Desk | Sunday 19 November 2017 10:59 PM IST

ജയ്പൂര്‍:

വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് അനുകൂല സംഘടന നടത്തുന്ന ആദ്ധ്യാത്മിക മേളയില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെ മേളയില്‍ വിതരണം ചെയ്ത ലഘുലേഖയും വിവാദമായി.
ജിഹാദും ലൗ ജിഹാദും; ഹിന്ദുപെണ്‍കുട്ടികള്‍ ജാഗ്രത എന്ന പേരിലാണ് ലഘുലേഖ പുറത്തിറക്കിയിക്കുന്നത്. മുസ്‌ലിങ്ങള്‍ ലൗ ജിഹാദ് നടത്താന്‍ തക്കംപാര്‍ത്തിരിക്കുകയാണെന്ന് ലഘുലേഖയില്‍ ആരോപിക്കുന്നു. കഴിഞ്ഞ ആയിരം വര്‍ഷങ്ങളായി ഹിന്ദുക്കളെ മതം മാറ്റുന്നതിനായി മുസ്‌ലിംകള്‍ ലൗ ജിഹാദ് ഉപയോഗിക്കുന്നു. ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും സെയ്ഫ് അലി ഖാനും ഇതിന് ഉദാഹരണമെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്. ഒരു ഹിന്ദു പെണ്‍കുട്ടിയെ ഇസ്‌ലാമാക്കി മാറ്റുമ്പോള്‍ ഒരു യുവാവിന് കിട്ടുന്ന തുകയെത്രയാണെന്ന് ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു. ലൗ ജിഹാദ് തടയുന്നതിനുള്ള നിര്‍ദേശങ്ങളും ലഘുലേഖ മുന്നോട്ട് വെക്കുന്നുണ്ട്. സ്‌കൂളുകളിലെയും കോളജുകളിലെയും കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക, അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുക, മുസ്‌ലിം യുവാക്കള്‍ കാണാന്‍ വരുന്ന ഹിന്ദുപെണ്‍കുട്ടികളെ കുറിച്ച് വിവരം നല്‍കുക, ഹിന്ദുക്കളുടെ ഉല്‍സവങ്ങള്‍ വിപുലമായി ആഘോഷിക്കുക എന്നതാണ് ലഘുലേഖയിലെ നിര്‍ദേശങ്ങള്‍. അതേസമയം, ഇത്തരമൊരു ലഘുലേഖ നല്‍കിയിട്ടില്ലെന്നാണ് സംഘാടകരുടെ വാദം.
ലവ് ജിഹാദിനെ കുറിച്ച് മനസിലാക്കുന്നതിനായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളോട് ആര്‍എസ്എസ് അനുകൂല സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടി നേരത്തെ വിവാദമായിരുന്നു.ഹിന്ദു പെണ്‍കുട്ടികള്‍ ലവ് ജിഹാദില്‍ അകപ്പെടുന്നത് തടയാന്‍ മേള സഹായകമാവുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

photo courtesy: Scroll.in

 

 

Related News