Tuesday
23 Jan 2018

പീഡനം വയ്യ: പ്രസ്സ്മീറ്റില്‍ യുവതി ഭര്‍ത്താവിനെ മൊഴിചൊല്ലി

By: Web Desk | Sunday 10 September 2017 9:41 PM IST

ന്യൂഡല്‍ഹി:

ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ മാധ്യമ പ്രവര്‍ത്തകരുടെ മുമ്പില്‍ വച്ച് മുസ്‌ലിം യുവതി ഖുല (വിവാഹമോചനം) ചൊല്ലി ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തി. മതാചാരപ്രകാരം വിവാഹമോചനം തേടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് യുവതി ഈ രീതി സ്വീകരിച്ചത്. മുസ്‌ലിം ആചാരപ്രകാരം ഭര്‍ത്താവിന് മൂന്ന് തവണ തലാക്ക് ചൊല്ലി ഭാര്യയെ മൊഴി ചൊല്ലാം. മുസ്‌ലിം സ്ത്രീയ്ക്ക് ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ് ഖുല.
ഡല്‍ഹി സ്വദേശിനിയായ ഷജദ ഖതൂന്‍ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ധൈര്യപൂര്‍വം ഖുലയില്‍ ഒപ്പുവച്ചത്. ജുബെര്‍ അലി എന്നയാളാണ് ഷജദയുടെ ഭര്‍ത്താവ്. ഒന്നര വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു ഷജദ. വിവാഹമോചനത്തിനായി മതകേന്ദ്രങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍, വിവാഹമോചനം അനുവദിക്കാന്‍ അവര്‍ തയ്യാറായില്ല. ഇതോടെയാണ് ഖുല മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതയായത്. നാളെ മുതല്‍ താന്‍ സ്വതന്ത്രയാണെന്നും ഷജദ പറഞ്ഞു. മുസ്‌ലിം ലീഗ് വനിതാ ജനറല്‍ സെക്രട്ടറി നരീഷ് ഹസന്റെ സഹായവും ഷജദയ്ക്ക് ലഭിച്ചു.
അതേസമയം, ഷജദയ്‌ക്കെതിരെ ആള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്ത് വന്നിട്ടുണ്ട്. ഷജദ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഖുല സ്വീകരിച്ചതെന്ന് ബോര്‍ഡംഗം മൗലാന ഖാലിദ് റഷീദ് ഫരാംഗി മഹാലി പറഞ്ഞു.