Friday
20 Jul 2018

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

By: Web Desk | Tuesday 2 January 2018 9:25 AM IST

ന്യൂഡല്‍ഹി:മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ ലോകസഭ പാസാക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ബില്ലാണിത്.ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ ഭേദഗതിയില്ലാതെ പാസാക്കുക കേന്ദ്രത്തിന് അസാധ്യമാണ്.

ബില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാമെന്ന വാദമാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനുള്ളത്. രാജ്യസഭ കൂടി ബില്‍ പാസാക്കിയാല്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മുസ്ലീം സംഘടനകള്‍. ലോക്‌സഭയില്‍ ബില്‍ പരിഗണിച്ചപ്പോള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായം ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ചിരുന്നു. തൃണമൂല്‍ മാത്രമാണ് നിലവില്‍ പ്രതിപക്ഷനിരയില്‍ ബില്ലിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് എതിര്‍ത്താല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

എന്‍ഡിഎയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ശബ്ദവോട്ടോടെ ബില്‍ പാസാക്കാന്‍ സാധിച്ചെങ്കിലും രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തില്‍ ബില്‍ നിലവിലെ രൂപത്തില്‍ രാജ്യസഭയില്‍ പാസാകുമോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അവ്യക്തതയുണ്ട്. ബില്ലിനെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെങ്കിലും ബില്ലിലെ ശിക്ഷാകാലയളവുള്‍പ്പെടെ ചില കാര്യങ്ങളില്‍ കടുത്ത വിയോജിപ്പ് കോണ്‍ഗ്രസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. സഭയുടെ നടപ്പുസമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കിയെടുക്കണമെങ്കില്‍ ചെറുകക്ഷികളെ ഒപ്പം കൂട്ടുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള ഏക വഴി. ബില്ലിനെ ലോകസഭയില്‍ എതിര്‍ത്ത എഐഎഡിഎംകെ, ബിജു ജനതാദള്‍ കക്ഷികളുമായി സര്‍ക്കാര്‍ നേരത്തെ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷെ, ഇടതുപക്ഷവും അണ്ണാ ഡിഎംകെയും ബിജു ജനതാദളും എന്‍സിപിയും അടക്കം പ്രതിപക്ഷത്തുള്ള എഴുപത്തഞ്ചോളം അംഗങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട ബില്‍ ചര്‍ച്ചയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായമാണുള്ളത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയിലെത്തുമ്പോള്‍ മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്ന് ലോക്‌സഭ പാസാക്കിയ ബില്‍ മാറ്റങ്ങളില്ലാതെ രാജ്യസഭയും പാസാക്കുക. രണ്ട് പ്രതിപക്ഷത്തിന്റെ ഭേദഗതികളോടെ പാസാക്കുക. മൂന്ന് സെലക്ട് കമ്മിറ്റിയ്ക്ക് വിടുക എന്നിവയാണ്. അതിനിടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ച് മൊഴിചൊല്ലിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇസ്രത് ജഹാന്റേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ടത്.