Tuesday
16 Oct 2018

മ്യാന്‍മാറിന് ഞങ്ങളെ വിട്ടുകൊടുക്കരുത്: റൊഹിങ്ക്യന്‍ അഭയാര്‍ഥികള്‍

By: Web Desk | Monday 4 September 2017 7:25 PM IST

ന്യൂഡല്‍ഹി: മ്യാന്‍മറിന് തങ്ങളെ വിട്ടുകൊടുക്കരുതെന്ന് റൊഹിങ്ക്യ മുസ്ലിം അഭയാര്‍ഥികള്‍. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്ത് വന്ന രണ്ട് റൊഹിങ്ക്യ മുസ്ലിമുകളാണ് പരമോന്നത കോടതിയോട് സഹായം അഭ്യര്‍ഥിച്ചത്. റോഹിങ്ക്യകളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്കും യുഎന്‍ പ്രമേയങ്ങള്‍ക്കും എതിരാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മദന്‍പുര്‍ ഖാദര്‍ സ്വദേശികളായ മുഹമ്മദ് സാലിമുല്ല, മുഹമ്മദ് ഷക്കീര്‍ എന്നിവരാണ് കോടതിയില്‍ഹര്‍ജി സമര്‍പ്പിച്ചത്.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
റോഹിങ്ക്യന്‍ മുസ്ലിംകളെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂട്ടക്കൊല ഭയന്ന് പ്രശ്‌നമേഖലയില്‍ നിന്ന് പലായനം ചെയ്തുവന്നവരാണ് റോഹിങ്ക്യന്‍ മുസ്ലിംകള്‍.
റോഹിങ്ക്യകള്‍ ആരും ഇന്ത്യക്കാരല്ലെന്നും യുഎന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താലും അവരെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
തീവ്ര ബുദ്ധമതക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് റോഹിന്‍ഗ്യകള്‍ പലായനം ചെയ്യുന്നത്.
റോഹിങ്ക്യകള്‍ കൂട്ടക്കൊലക്കിരയാകുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റോഹിങ്ക്യകള്‍ ബംഗ്ലാദേശില്‍ നിന്നു കുടിയേറിയവരാണെന്നാണ് തീവ്ര ബുദ്ധ മതക്കാരുടെ ആരോപണം. വംശീയാക്രമണത്തിന് ശേഷം പലായനം ചെയ്തവരുടെ എണ്ണം 73,000 കവിഞ്ഞതായി യുഎന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റൊഹിങ്ക്യകളിലേയ്ക്ക് എത്തിപ്പെടാനാകാത്തതിനാല്‍ യുഎന്‍ നല്‍കുന്ന ഭക്ഷ്യ സഹയാവും സ്തംഭിച്ചിരിക്കുകയാണ്.

 

 

Related News