Tuesday
22 Aug 2017

മിതാലിപ്പട തിരിച്ചെത്തി

By: Web Desk | Thursday 27 July 2017 4:45 AM IST

മുംബൈ : ക്രിക്കറ്റ്‌ ലോകകപ്പിൽ ഫൈനൽ വരെയത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ ഇന്ത്യൻ ടീം നാട്ടിൽ തിരിച്ചെത്തി. മുംബൈയിൽ ഇന്നലെ പുലർച്ചെയാണ്‌ ടീമംഗങ്ങൾ വിമാനമിറങ്ങിയത്‌.
‘ഇന്ത്യ, ഇന്ത്യ’ എന്ന ആരവത്തോടെയാണ്‌ മിതാലിയുടെ സംഘത്തെ ആരാധകർ വരവേറ്റത്‌. ഇന്ത്യൻ ടീമിന്‌ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ സ്വീകരണം എന്നെഴുതിയ ബാനറും ചിലരുടെ കൈയിലുണ്ടായിരുന്നു.
ഹർമൻപ്രീത്‌ കൗർ, ജുലൻ ഗോസ്വാമി, സുഷമ വർമ്മ, സ്മൃതി മന്ദാന, ശിഖ പാണ്ഡെ, പൂനം റാവത്‌, ദീപ്തി ശർമ്മ എന്നിവരടങ്ങിയ ഏഴംഗ സംഘമാണ്‌ നാട്ടിൽ തിരിച്ചെത്തിയത്‌. മറ്റംഗങ്ങൾ വൈകുന്നേരത്തോടെ എത്തിച്ചേർന്നു. അതിനു ശേഷം ബിസിസിഐ ഒരുക്കിയ സ്വീകരണത്തിലും ടീം പങ്കെടുത്തു.
ഇന്ത്യയിൽ വനിതാക്രിക്കറ്റിന്‌ നല്ലകാലത്തിന്‌ തുടക്കമായെന്ന്‌ ഇന്ത്യൻ നായിക മാധ്യമങ്ങളോട്‌ പറഞ്ഞു. ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനോട്‌ ജയിക്കാനായത്‌ ടീമിന്റെ ആത്മവിശ്വാസം ഏറെ ഉയർത്തുന്നതിന്‌ ഗുണകരമായെന്നും മിതാലി അഭിപ്രായപ്പെട്ടു.
മികച്ച പ്രകടനം കാഴ്ച്ച വെച്ച മിതാലി രാജിന്‌ ബിഎംഡബ്ലിയു കാർ സമ്മാനമായി നൽകുമെന്ന്‌ ഹൈദരാബാദിലെ വ്യവസായി വാഗ്ദാനം ചെയ്തിരുന്നു. മിതാലിയുടെ ടീമിലുള്ള മുഴുവൻ അംഗങ്ങൾക്കും കഴിഞ്ഞ ദിവസം റെയിൽവെ ജോലിക്കയറ്റവും വാഗ്ദാനം ചെയ്തിരുന്നു.

Related News