Thursday
20 Sep 2018

‘നവയുഗ’ത്തിനു നന്ദിപറഞ്ഞ് നദീം ജയിലില്‍നിന്ന് നാട്ടിലേക്ക്

By: Web Desk | Friday 2 March 2018 10:59 PM IST

കെ രംഗനാഥ്

ജിദ്ദ: ഇന്ത്യന്‍ പ്രവാസികളുടെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയായ മുഹമ്മദ് നദീമിന് ‘നവയുഗം’ സാംസ്‌കാരികവേദിയുടെ ഇടപെടലിനെത്തുടര്‍ന്ന് തടവറയില്‍ നിന്ന് മോചനം.
അഞ്ച് മാസം നീണ്ട ജയില്‍വാസത്തിനും ശമ്പളനിഷേധത്തിനുമെതിരെ തൊഴിലുടമയെ നിയമയുദ്ധത്തിലൂടെ വരച്ചവരയില്‍ കൊണ്ടുവന്ന് നദീമിനെ സ്വതന്ത്രനാക്കിയത് പി മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള ദമാമിലെ നവയുഗ സാംസ്‌കാരികവേദി കൂട്ടായ്മയായിരുന്നു. ലക്‌നൗ സ്വദേശിയായ നദീമിനെ കുടുംബ ഡ്രൈവറായാണ് ദമാമിലേക്ക് കൊണ്ടുവന്നത്. ശമ്പളം അഞ്ചുമാസത്തെ കുടിശികയായപ്പോള്‍ പ്രതിഷേധിച്ച നദീമിനെ തൊഴിലുടമ ഒരു മുറിയില്‍ പൂട്ടിയിട്ടു. വീട്ടുവേലക്കാരിയുമായി അവിഹിതബന്ധമുണ്ടെന്ന കള്ളക്കേസില്‍ കുടുക്കി ജയിലിലടപ്പിക്കുന്നതുവരെ കാര്യങ്ങളെത്തി. നദീമിന്റെ സുഹൃത്ത് ഇക്കാര്യം മണിക്കൂട്ടനെ അറിയിച്ചതോടെ ‘നവയുഗം’ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. അവര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നദീമിനെയും വീട്ടുജോലിക്കാരിയേയും വിളിച്ചുവരുത്തി മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ കള്ളക്കേസാണെന്ന് ബോധ്യമായി.

തൊഴിലുടമ എന്നിട്ടും കനിയാതെ വന്നപ്പോള്‍ നദീമിന് പിന്നെയും ജയില്‍ജീവിതം തുടരേണ്ടിവന്നു. തൊഴിലുടമയോട് മണിക്കുട്ടനും നവയുഗം പ്രവര്‍ത്തകരും പലതവണ സംസാരിച്ചെങ്കിലും അയാള്‍ വഴങ്ങാതായപ്പോള്‍ കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അവര്‍ ജയില്‍ അധികൃതരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ജയില്‍ അധികൃതര്‍ ഇടപെട്ട് തൊഴിലുടമയുടെ ബിസിനസ് സ്ഥാപനത്തിലെ ഓണ്‍ലൈനും സര്‍ക്കാര്‍ ഇടപാടുകളും മരവിപ്പിച്ചതോടെ അയാള്‍ വഴിക്കു വരികയായിരുന്നു. ജയിലിലെത്തിയ അയാള്‍ നാട്ടിലേക്ക് തിരിച്ചു പോകാനുള്ള പാസ്‌പോര്‍ട്ടും ശമ്പള കുടിശികയും വിമാന ടിക്കറ്റും നല്‍കി. നവയുഗം പ്രവര്‍ത്തകരുടെ കാരുണ്യ പ്രവര്‍ത്തനത്തിനു നന്ദി പറഞ്ഞ് മുഹമ്മദ് നദീം ഇന്നലെ നാട്ടിലേക്ക് മടങ്ങി.

Related News