Wednesday
22 Aug 2018

നാഗരാജാവിന്റെ താക്കോല്‍

By: Web Desk | Sunday 11 February 2018 6:49 PM IST

ചെറുകഥ

ഞങ്ങളുടെ കുടുംബവക സര്‍പ്പക്കാവിലെ ആയില്യം പൂജയ്ക്ക് ഇനി ദിവസങ്ങള്‍ ഏറെയില്ല. കാവില്‍ നൂറും പാലും സര്‍പ്പം തുള്ളലുമെല്ലാം കെങ്കേമമായി അനുഷ്ഠിക്കും. കുമാരന്‍മാമനാണ് നാഗരാജാവിന്റെ സ്ഥാനത്ത് കളത്തിലിരിക്കാറ്. പക്ഷേ, പൂജാവിധികള്‍ക്കു ശേഷം കവുങ്ങിന്‍ പൂക്കുല പിടിച്ച് തുള്ളി കളം മായ്ക്കുന്ന ചടങ്ങില്‍ മാമന്‍ അത്രകണ്ട് ശോഭിക്കാറില്ല. ഉത്തരവാദിത്വവും ചടങ്ങും പൂര്‍ത്തിയാക്കാനായി നാഗാരാജാവായ കുമാരന്‍ മാമന്‍ മെയ്യും മനവും മറന്നു തുള്ളി കളം മായ്ക്കാന്‍ ശ്രമിച്ച് ബോധപൂര്‍വം സൃഷ്ടിക്കുന്ന അബോധാവസ്ഥയില്‍ കളത്തില്‍ വീഴുകയാണ് പതിവ്.
പക്ഷേ, ഇനി ഇതിനൊന്നും ഒരു നിര്‍വാഹവുമില്ല. കുമാരന്‍ മാമന്‍ കാലപുരി പൂകിയിട്ട് മാസങ്ങളായി. മാമന്റെ അനന്തിരവനും അനന്തരാവകാശിയുമായ ഗോപാലനണ്ണനെ അടുത്ത നാഗരാജാവാക്കാന്‍ യോഗ്യനായി കുടുംബാംഗങ്ങള്‍ കണ്ടെത്തി. ജോലിഭാരങ്ങളൊന്നുമില്ലാത്ത അണ്ണനും സന്തോഷമായി.
‘നൂറും പാലും’ അടുത്തെത്തി. നാലുവാരം വ്രതാനുഷ്ഠാനത്തോടെ നാഗരാജാവാകാന്‍ ഗോപാലനണ്ണന്‍ തയാറായി. ആയില്യമെത്തി. പൂജാദ്രവ്യങ്ങളൊക്കെയൊരുക്കി. കാവില്‍ സര്‍പ്പക്കളം വരഞ്ഞു. തന്ത്രികള്‍ ഗോപാലനണ്ണനെ കളത്തിലിരുത്തി. പൂജ തുടങ്ങി. പൂജാദികള്‍ മൂര്‍ദ്ധന്യത്തിലെത്തിയതോടെ ഗോപാലനണ്ണന്‍ ആപാദചൂഡം വിറച്ചുതുടങ്ങി. വിറയല്‍ തുള്ളലായി മാറി.
അപ്രതീക്ഷിതമായി നിലവിളക്കിലെ ദീപങ്ങള്‍ മങ്ങിത്തുടങ്ങി. വിളക്കെണ്ണ എടുക്കാന്‍ തന്ത്രി ആവശ്യപ്പെട്ടു. കാവില്‍ സൂക്ഷിച്ചിരുന്ന പൂജാദ്രവ്യങ്ങളുടെ കൂട്ടത്തില്‍ എണ്ണ കാണുന്നില്ല. പൂജാദ്രവ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ ഗോപാലനണ്ണന്‍ തന്നെയാണ്. കളത്തിലെ സര്‍പ്പം തുള്ളലിന്റെ പാരമ്യതയിലും. എണ്ണ തേടുന്നവരുടെ കോലാഹലങ്ങള്‍ ശ്രവണപുടങ്ങളിലെത്തിയിട്ടാകണം നാഗരാജാവായ ഗോപാലനണ്ണന്‍ വിളിച്ചുപറഞ്ഞു, ‘എണ്ണ വീട്ടിലെ ഇടമുറിയില്‍ ഇരിപ്പുണ്ട്. വീട്ടിന്റെ താക്കോല്‍ കിഴക്കതിലെ സോമന്റെ കൈയിലും’ സമയോചിതമായി എണ്ണയുടെ വിശദാംശങ്ങള്‍ അറിയിച്ചെങ്കിലും തുള്ളിക്കൊണ്ടിരുന്ന നാഗരാജാവിന് ഇത്രവേഗം ഗോപാലനണ്ണനായി മാറാന്‍ കഴിഞ്ഞതില്‍ സര്‍പ്പാരാധകരെല്ലാം അത്ഭുതം കൂറി. ഗോപാലനണ്ണന്റെ നാഗരാജപ്പട്ടം അതോടെ അവസാനിച്ചു.

ഭവ്യാ സജി
ക്ലാസ്: 6 സി.
എസ്എന്‍പി സ്‌കൂള്‍
കൊല്ലം-10