Monday
25 Jun 2018

നാഗസാക്കി

By: Web Desk | Sunday 3 June 2018 1:19 AM IST

അജിത് നീലികുളം

അന്നാണ് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. ഞങ്ങളുടെ ഗ്രാമത്തില്‍ ഭൂരിഭാഗത്തിലും നിറഞ്ഞു നിന്ന ഫാക്ടറിയുടെ ഉദ്ഘാടനദിവസം!
ഫാക്ടറിക്ക് തറക്കല്ലിട്ട ദിവസം ഗ്രാമത്തില്‍ ഒരു ഉത്സവം തന്നെ ആയിരുന്നു.
‘ഗ്രാമവാസികള്‍ക്കെല്ലാം തൊഴില്‍, അങ്ങനെ ഈ ഗ്രാമം ഒരു സ്വര്‍ഗ്ഗമാകുവാന്‍ പോകുന്നു’ ശിലാസ്ഥാപനനം നടത്തിയ മുഖ്യ സചിവന്റെ വാക്കുകള്‍ ഞങ്ങളെ ആവേശം കൊള്ളിച്ചു.
മിക്കവരും കിടപ്പാടം ഒഴിഞ്ഞു കൊടുത്തു. പലരും ഫാക്ടറി നിര്‍മ്മാണ വേളയില്‍ വീണു പിടഞ്ഞു മരിച്ചു. അപ്പോഴെല്ലാം സചിവന്റെ വാക്കുകള്‍ ഞങ്ങള്‍ക്ക് ശക്തി പകര്‍ന്നു.
ഉദ്ഘാടനം കഴിഞ്ഞു!
എല്ലാവര്‍ക്കും തൊഴിലുള്ള ഒരു ജീവിതം ഞങ്ങള്‍ സ്വപ്നം കണ്ടു. പക്ഷെ – കമ്പനി അധികാരികള്‍ ഞങ്ങളെ മതില്‍ക്കെട്ടിനു പുറത്തു നിര്‍ത്തി.
ക്രമേണ പ്രതീക്ഷകള്‍ മങ്ങി.
സുഹൃത്ത് കാണുന്നില്ലേ, ഈ നദി. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിര്‍വ്വഹിച്ചു തന്നിരുന്ന നദി!!
ഫാക്ടറിയിലെ മാരകമായ രാസവസ്തുക്കള്‍ കലര്‍ന്ന ജലം നമ്മുടെ നദിയെ നശിപ്പിച്ചു! മത്സ്യങ്ങള്‍ ചത്തു മലച്ചു.
ഇന്ന് ഈ ഗ്രാമവാസികള്‍ എല്ലാം രോഗികളാണ്. വിഷവായു ശ്വസിച്ചും, വിഷജലം കുടിച്ചും, ആയുസ്സറിയാതെ പിടഞ്ഞു ചാവുന്ന ഇവരെ ഓര്‍ത്ത് നിങ്ങള്‍ക്ക് മുതലകണ്ണുനീരൊഴുക്കാം! പാതി മരിച്ച പാവങ്ങളുടെ ശരീരത്തിനു ചുറ്റുമിരുന്ന് വ്യവസായ വിപ്ലവം പാടാം! നമ്മള്‍ക്കും വേണ്ടേ, ഒരു നാഗസാക്കി?
സുഹൃത്തേ!
സാദ്ധ്യമല്ലെന്നറിയാം.
എങ്കിലും ഞങ്ങള്‍ സ്വപ്നം കാണുകയാണ്. ”ഞങ്ങളുടെ ജീവന്‍ തിന്നുകൊണ്ടിരിക്കുന്ന ഈ ഫാക്ടറിയിലെ അവസാനത്തെ യന്ത്രവും നിലയ്ക്കുന്ന മഹത്തായ നിമിഷത്തെ ഓര്‍ത്ത്”!!

അജിത് നീലികുളം
കന്നിമ്മേല്‍ വീട്
വെണ്‍പാലക്കര,വാളത്തുംഗല്‍ പി.ഒ
കൊല്ലം ഫോണ്‍: 9447864858