Sunday
16 Dec 2018

നാഗേശ്വര്‍ റാവുവിന്റെ ഭാര്യ ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ നടത്തി

By: Web Desk | Monday 29 October 2018 10:13 PM IST

ന്യൂഡല്‍ഹി: സിബിഐയുടെ ഇടക്കാല മേധാവിയായി നിയമിക്കപ്പെട്ട നാഗേശ്വര്‍ റാവുവിന്റെ ഭാര്യ ദുരൂഹതകളുള്ള സ്ഥാപനവുമായി മൂന്ന് വര്‍ഷക്കാലത്തിനിടെ നടത്തിയത് 1.14 കോടിയുടെ സാമ്പത്തിക ഇടപാടുകള്‍. കൊല്‍ക്കത്ത കേന്ദ്രമായുള്ള എയ്ഞ്ചല മെര്‍ക്കന്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായാണ് 2011-14 കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി ഇത്രയും തുകയുടെ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്.

2011 മാര്‍ച്ചില്‍ റാവുവിന്റെ ഭാര്യ സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപ കടമെടുത്തപ്പോള്‍ 2012 മുതല്‍ 14 വരെയുള്ള കാലയളവില്‍ 1.14 കോടി രൂപ സ്ഥാപനത്തിന് കടമായി നല്‍കുകയും ചെയ്തു. 2012 ല്‍ 35.26 ലക്ഷം, 2013 ല്‍ 38.27 ലക്ഷം, 2014 ല്‍ 40.29 ലക്ഷം എന്നിങ്ങനെ മൂന്ന് ഇടപാടുകളിലായാണ് ഇത്രയും തുക കടമായി നല്‍കിയിരിക്കുന്നത്.

അതേസമയം ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് തന്നെയാണോ എന്ന് വാര്‍ത്ത പുറത്തുവിട്ട ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. സിഎ, 39, സാള്‍ട്ട് ലേക്ക്, കൊല്‍ക്കത്ത എന്ന വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ അത് ഒരു വസതിയുടെ വിലാസമായിരുന്നു. ഇവിടെ ഏതെങ്കിലും ഓഫീസ് പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്നും അതൊരു വസതിയാണെന്നുമാണ് കെട്ടിടത്തിന്റെ നടത്തിപ്പുകാരനും സുരക്ഷാ ജീവനക്കാരനും പറയുന്നത്. താമസിച്ചിരുന്ന കുടുംബം ഇപ്പോള്‍ അവിടെയില്ലെന്ന് കെട്ടിടത്തിന്റെ നടത്തിപ്പുകാരനായ അലോക് മണ്ഡല്‍ പറഞ്ഞു.

സിബിഐ മേധാവിയായിരുന്ന അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് മാറ്റിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആശിര്‍വാദത്തോടെ ഇടക്കാല മേധാവിയായി നിയമിതനായ നാഗേശ്വര്‍ റാവുവിന്റെ വിശ്വാസ്യതയെയും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഭരണഘടനാ വിരുദ്ധമായ നിലപാടുകളും വര്‍ഗീയമായ അഭിപ്രായപ്രകടനങ്ങളും നടത്തിയ വ്യക്തിയായിരുന്നു റാവുവെന്ന ആരോപണമുയര്‍ന്നിരുന്നു. 1988 ല്‍ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനത്തെ തുടര്‍ന്ന് സ്ഥലം മാറ്റത്തിന് വിധേയനായ വ്യക്തിയുമാണ് റാവു. സാമ്പത്തികമായി നല്ല റെക്കോഡല്ല ഉള്ളതെന്നും ചില കോണുകളില്‍ നിന്നും ആരോപണമുയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ റാവുവിന്റെ ഭാര്യയുടെ ദുരൂഹ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍.

Related News