ഹൈന്ദവ ധ്രുവീകരണശ്രമങ്ങള്‍ പുതിയ വിതാനത്തിലേയ്ക്ക്

അബ്ദുള്‍ ഗഫൂര്‍
കഴിഞ്ഞ വര്‍ഷത്തിന്റെ – 2017 ലെ-അവസാന ദിവസങ്ങളിലാണ് കേന്ദ്ര നൈപുണ്യ വികസനവും സംരംഭവും വകുപ്പ് മന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. മതേതരവാദിയെന്ന് സ്വയം ഘോഷിക്കുന്നവര്‍ അവരുടെ സ്വത്വത്തെയും പിതൃത്വത്തെയും അറിയാത്തവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബ്രാഹ്മിണ്‍ യുവ പരിഷത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസ്തുത പ്രസംഗത്തില്‍ സമീപഭാവിയില്‍ തന്നെ രാജ്യത്തിന്റെ ഭരണഘടന മാറ്റുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തുകയുണ്ടായി.
പുതിയ വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ദളിത് വിഭാഗത്തില്‍പ്പെടുന്ന മെഹര്‍ സമുദായം പെഷ്വാസിനെതിരെ നേടിയ വിജയത്തിന്റെ വാര്‍ഷികാഘോഷത്തിന് നേരെ രണ്ട് പ്രമുഖ ബിജെപി നേതാക്കളുടെ അനുയായികള്‍ അക്രമം അഴിച്ചുവിട്ടു. ദളിത് വിഭാഗത്തില്‍പ്പെട്ട മെഹര്‍ സമുദായാംഗങ്ങള്‍ ഭൂരിപക്ഷമുള്ള ബ്രിട്ടീഷ് സൈന്യം പെഷ്വ ശക്തിയെ പരാജയപ്പെടുത്തിയ സംഭവത്തിന്റെ ഓര്മ പുതുക്കുന്ന ചടങ്ങായിരുന്നു അത്. വര്‍ഷങ്ങളായി സമാധാനപൂര്‍ണമായി നടന്നുവന്നിരുന്നതായിരുന്നു പ്രസ്തുത ചടങ്ങ്. ജീവിച്ചിരുന്ന കാലത്ത് ബാബാ സാഹേബ് അംബേദ്കറുടെ സ്ഥിരം സാന്നിധ്യമുണ്ടായിരുന്ന പരിപാടിയായിരുന്നു ഈ വിജയാഘോഷം. എന്നാല്‍ ഇത്തവണ കാവിക്കൊടിയുമേന്തിയെത്തിയ ആള്‍ക്കൂട്ടം ദലിതര്‍ക്കുനേരെ അക്രമം നടത്തുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു.
ഈ രണ്ടുസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ 2018 നെ സംബന്ധിച്ച ആകുലതകളും പ്രതീക്ഷകളും സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളില്‍ പുതിയ വര്‍ഷം ഹിന്ദുത്വം ഭീകരത തീവ്രമാകാനിടയുണ്ടെന്ന പ്രവചനമാണ് നടത്തിയിട്ടുള്ളത്. അതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് വര്‍ഷാവസാനം കേന്ദ്ര മന്ത്രി ഹെഗ്ഡേ നടത്തിയ പ്രസംഗവും പൂനെയിലെ ദളിതര്‍ക്കുനേരെ സംഘപരിവാര്‍ നടത്തിയ അക്രമങ്ങളും.
ഹെഗ്ഡേയുടെ പ്രസംഗത്തിനും പൂനെയിലെ അക്രമത്തിനും യഥാര്‍ഥത്തില്‍ പരസ്പര ബന്ധമില്ല. എന്നാല്‍ ഹെഗ്ഡേയുടെ വാക്കുകളും പൂനെയിലെ അക്രമവും തങ്ങളെ ദളിതരെ സംബന്ധിച്ച് അടിച്ചമര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങളുടെ ഉദാഹരണമാണ്. ഹെഗ്ഡേ ദളിതരെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും ഭരണഘടനയില്‍ മാറ്റം വരുത്തുകയെന്നാല്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഇല്ലാതാക്കിയേക്കുമെന്ന ആശങ്കയാണ് ദളിതരില്‍ സൃഷ്ടിക്കുന്നത്. വളരെയധികം പേര് ബിജെപിയും ആര്‍എസ്എസും ഭരണഘടനയില്‍ ഭേദഗതി വരുത്തി മതേതരത്വം, സോഷ്യലിസം തുടങ്ങിയ കാഴ്ചപ്പാടുകള്‍ എടുത്തുകളയുമെന്നും ഭയപ്പെടുന്നുണ്ട്. പ്രത്യേകമായും തങ്ങള്‍ക്കെതിരായുള്ള ഗൂഢാലോചനയാണിതെന്ന് ദളിതരും ഭയക്കുന്നുണ്ട്. പൊള്ളവാക്കുകളില്‍ പ്രശംസ ചൊരിയുന്നുവെങ്കിലും തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത മഹാനായ അംബേദ്കറുടെ ആശയങ്ങള്‍ ഇല്ലാതാക്കാനുള്ള സവര്‍ണ വിഭാഗത്തിന്റെ നീക്കമാണ് ഭരണഘടനയ്ക്കെതിരായ അവരുടെ കടന്നാക്രമണം.
ബിജെപിയുടെ വിവിധ നേതാക്കള്‍ പല ഘട്ടങ്ങളിലായി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്, ഇന്ത്യയിലെ മുസ്ലിങ്ങള്‍ സമൂഹത്തിന് ഭീഷണിയാണെന്നാണ് അഭിപ്രായപ്പെട്ടത്. ഹിന്ദുസ്ഥാന്‍ എന്നറിയപ്പെടുന്ന രാജ്യം ഹിന്ദുക്കളുടേത് മാത്രമാണെന്നാണ് ഉത്തര്‍പ്രദേശിലെ ഒരു ബിജെപി നേതാവ് പ്രസ്താവിച്ചത്. രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഇന്ത്യയില്‍ മുസ്ലിങ്ങളുടെ ജനസംഖ്യാ വര്‍ധന ഹിന്ദുക്കളെ അപകടത്തിലാക്കുന്നുവെന്ന വിവാദ പരാമര്‍ശം നടത്തിയതും സമീപകാലത്താണ്.
സംഘപരിവാറിനകത്തും പുറത്തുമുള്ള നേതാക്കളില്‍ നിന്ന് കടുത്ത വര്‍ഗീയ പ്രസ്താവനകളുണ്ടാകുമ്പോള്‍ തന്നെ സംഘടനകളില്‍ നിന്ന് ദളിത് – ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളും ശക്തമായിക്കൊണ്ടിരിക്കുകയാണ്.
2014 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം അവര്‍ ഭരിക്കുന്നതും അല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രവണതകള്‍ വര്ധിച്ചുവരികയായിരുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. അത് കൂടുതല്‍ ശക്തമാകാന്‍ പോകുന്നുവെന്നതിന്റെ സൂചനകളാണ് സമീപദിവസങ്ങളില്‍ പുറത്തുവരുന്നത്.
2019 ലാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. നാലുവര്‍ഷം പൂര്‍ത്തിയാക്കാന്‍ അഞ്ചുമാസങ്ങള്‍ മാത്രം ബാക്കിനില്ക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേത്. പിന്നിടുന്ന ഈ കാലയളവിലെ കണക്കെടുപ്പില്‍ ഒരു ഭരണഘട്ടത്തില്‍ തന്നെ ഇത്രയധികം ജനവിദ്വേഷം ഏറ്റുവാങ്ങേണ്ടിവന്നൊരു സര്‍ക്കാര്‍ ഇതിന് മുമ്പ് ഉണ്ടായിരുന്നുവോ എന്നത് പഠനവിഷയമാക്കേണ്ട വിധത്തിലാണ് നരേന്ദ്രമോഡിയുടെ ഭരണം എല്ലാ തലത്തിലും പാരജയപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ സാധിക്കാതെ പൂര്‍ണപരാജയമായിരുന്നുവെന്ന് എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും സഹയാത്രികരായ നേതാക്കള്‍ക്കും പോലും സമ്മതിക്കേണ്ടിവന്നു.
പ്രഖ്യാപനങ്ങളെല്ലാം പാഴ്വാക്കാവുകയും വാഗ്ദാനങ്ങളെല്ലാം പൊള്ളയാവുകയും ചെയ്തതുമാത്രമാണ് മോഡി സര്‍ക്കാരിന്റെ ബാക്കിപത്രം. ഏത് രംഗത്താണ് നരേന്ദ്രമോഡി സര്‍ക്കാരിന് നല്ല മാര്‍ക്ക് നല്‍കാനാവുക എന്ന് ചോദിച്ചാല്‍ ഒന്നിനുമില്ല എന്നുതന്നെയാണ് ഉത്തരം.
ആഭ്യന്തര രംഗത്ത്, വിദേശ രംഗത്ത്, കാര്‍ഷിക – തൊഴില്‍ – ഉല്പാദന – വിദ്യാഭ്യാസ മേഖലകളില്‍, സാംസ്കാരിക – വിദ്യാഭ്യാസ പരിസരങ്ങളില്‍ എല്ലാം സമ്പൂര്‍ണ പരാജയമെന്ന കണക്കെടുപ്പില്‍ മാത്രമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നില്‍ക്കുന്നത്. ഇനിയുള്ള കുറഞ്ഞ കാലയളവില്‍ അതിന് എന്തെങ്കിലും മാറ്റം വരുത്താനാകുമെന്ന് നരേന്ദ്രമോഡിക്കുപോലും വിശ്വാസമില്ല. അത്തരമൊരു സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പിലേയ്ക്ക് പോകുമ്പോള്‍ ഭരണ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് ബിജെപിക്കു മുന്നിലുള്ളത്. അതിന്റെ പരീക്ഷണങ്ങളാണ് പുതുവര്‍ഷമാദ്യം പൂനെയില്് നിന്ന് തുടങ്ങിയതും മധ്യപ്രദേശിലേയ്ക്കും ഗുജറാത്തിലേയ്ക്കുമൊക്കെ വ്യാപിച്ചുകൊണ്ടിരിക്കുന്നതും.
ഇതുവരെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചിരുന്ന ബിജെപി ദളിതരെക്കൂടി ശത്രുപക്ഷത്തു നിര്‍ത്തുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ന്യൂനപക്ഷങ്ങളെ എതിര്പക്ഷത്തുനിര്ത്തുമ്പോള് അവരുടെ ലക്ഷ്യം പൊതു ഹിന്ദു ധ്രുവീകരണമായിരുന്നു. രാമജന്മഭൂമിയുടെയും ഹൈന്ദവതയുടെയും പേരില്‍ അരങ്ങുകൊഴുപ്പിച്ചതിലൂടെ ഹിന്ദു ധ്രുവീകരണം സാധ്യമാകുമെന്ന പ്രതീക്ഷയും അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ലാഭേച്ഛയുമാണ് അവരെ നയിച്ചത്. അത് ഒരു പരിധിവരെ ഫലം കാണുകയും ചെയ്തു. രണ്ടില്‍ നിന്ന് രണ്ടുതവണ കേവല ഭൂരിപക്ഷവും ഇപ്പോള്‍ വ്യക്തമായ ഭൂരിപക്ഷവും നേടി അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധിച്ചു. ബിജെപിയെ സംബന്ധിച്ച് ഇതുവരെയുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങള്‍. ഹിന്ദുത്വത്തെ കുറിച്ച് ആണയിടുമ്പോള്‍ തന്നെ ഹിന്ദു സമുദായത്തിന്റെ ഭാഗവും ബിജെപിക്കൊപ്പവുമായി നിലകൊണ്ടിരുന്ന ദളിത് വിഭാഗങ്ങളെ പരിഗണിക്കുന്നില്ലെന്ന ബോധ്യത്തിലേയ്ക്ക് എത്തുകയും അവര്‍ ബിജെപിക്കും സംഘപരിവാറിനുമെതിരെ രംഗത്തെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. പ്രത്യേകിച്ച് കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍.
നേരത്തേയുണ്ടായിരുന്ന ബിജെപി ഭരണങ്ങള്‍ക്ക് സ്വയം അധികാരത്തിലിരിക്കുന്നതിനുള്ള പരിമിതിയുണ്ടായിരുന്നു. ഇപ്പോള്‍ ബിജെപിക്ക് തീരുമാനിക്കുന്നതെന്തും നടപ്പിലാക്കാനുള്ള ഭൂരിപക്ഷവും നേതൃത്വവുമുണ്ട്. പക്ഷേ അതുപയോഗിച്ച് ഹിന്ദുവിഭാഗത്തിലെ സവര്‍ണ താല്പര്യങ്ങള് മാത്രമാണ് നടപ്പിലാക്കുന്നതെന്ന് തിരിച്ചറിഞ്ഞ ദളിത് വിഭാഗങ്ങള്‍ ബിജെപിയുടെ ചട്ടക്കൂട് ഉപേക്ഷിക്കുകയും തങ്ങളില്‍ നിന്നോ പുറത്തുനിന്നോ ഉയര്‍ന്നുവന്ന നേതാക്കള്ക്കുകീഴില് അണിനിരക്കുകയും ചെയ്തു.
അതിലേയ്ക്ക് നയിച്ച നിരവധി സംഭവങ്ങളുണ്ടായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ യൂണിയന് പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളോട് ദേശീയതയുടെ പേരില്‍ കാട്ടിയ ക്രൂരതകളുണ്ട്, രോഹിത് വെമുലയെന്ന ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയുണ്ട്, ഉനയില്‍ യുവാക്കള്‍ പരസ്യമായി മൃഗീയ മര്‍ദനത്തിനിരയായ സംഭവമുണ്ട്, അധികാരത്തിന്റെ സുഖലോലുപതയിലെത്തിയിട്ടും വാക്കു നല്കിയ സംവരണം നടപ്പിലാക്കാതെ വന്നപ്പോള്‍ പ്രക്ഷോഭത്തിനിറങ്ങിയ ഗുജറാത്തിലെ പാടിദാര്‍ സമുദായമുണ്ട്. മഹാരാഷ്ട്രയില്‍ വംശീയതയുടെ പേരില്‍ ദളിതര്‍ നേരിടുന്ന കടന്നാക്രമങ്ങളുണ്ട്.
ജെഎന്‍യുവിലെ പ്രശ്നങ്ങളും രോഹിത് വെമുലയുടെ ആത്മഹത്യയും രാജ്യവ്യാപകമായി യുവജന – ദളിത് മുന്നേറ്റത്തെ ഉത്തേജിപ്പിച്ചുവെങ്കില്‍ ഉനയിലെ സംഭവം ജിഗ്നേഷ് മെവാനിയെന്ന യുവാവിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാക്കി. പാടിദാര്‍ പ്രക്ഷോഭത്തിലൂടെ ഹാര്‍ദിക് എന്ന യുവാവും അങ്ങനെ ഉയര്‍ന്നുവന്നതാണ്.
ഇത്തരം നവ ദളിത് – യുവ മുന്നേറ്റങ്ങളെ ആശങ്കയോടെ കാണുന്ന ബിജെപിയും സംഘപരിവാറും ഇതുവരെയുള്ള പൊതുഹൈന്ദവത വിലപ്പോകില്ലെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതിന് പകരം സവര്‍ണ ഹൈന്ദവതയുടെ ധ്രുവീകരണമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. അതിന്റെ പരീക്ഷണങ്ങളാണ് മഹാരാഷ്ട്രയില്‍ വര്‍ഷാദ്യം നടന്നത്.
തീര്‍ച്ചയായും ഇനിയുള്ള മാസങ്ങളില്‍ അത് ശക്തിപ്പെടുമെന്നു തന്നെയാണ്, അതിന് അധികാരശക്തി പരമാവധി ഉപയോഗിക്കുമെന്നുതന്നെയാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ തന്നെ ദളിത് – യുവ നേതാക്കളെ റാലി നടത്താനനുവദിക്കാതിരുന്നതും നടത്താത്ത പ്രസംഗത്തിനെതിരെ കേസെടുത്തതും അതിന്റെ തെളിവാണ്. ഡല്‍ഹിയില്‍ ഭരണം എഎപിയാണെങ്കിലും പൊലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ഭരണമാണ്. ആ സാധ്യത ഉപയോഗിച്ച് ഡല്‍ഹിയിലെ യുവറാലി നടത്താതിരിക്കാനുള്ള എല്ലാ പരിശ്രമങ്ങളും അവര്‍ നടത്തി. എങ്കിലും എതിര്‍പ്പുകളെ അവഗണിച്ചാണ് യുവറാലി നടന്നിരിക്കുന്നത്.
ഭരണരംഗത്ത് പൂര്‍ണമായും പരാജയപ്പെട്ടിടത്തുനിന്നുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അതിനെ മറികടക്കാനുള്ള കുതന്ത്രങ്ങള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തും മോഡി – ഷാ പ്രഭൃതികളുടെ ദുഷ്ട മനസിനകത്തും രൂപം കൊണ്ടുകഴിഞ്ഞു. അത് ഹൈന്ദവ ധ്രുവീകരണമാണ്, അതിനുമപ്പുറം കൂടെ നില്ക്കുന്നില്ലെങ്കില് ദളിതരെയും തള്ളിപ്പറഞ്ഞുകൊണ്ടുള്ള സവര്‍ണ ധ്രുവീകരണമാണ്. അതുകൊണ്ടുതന്നെ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുന്ന കാഴ്ചയായിരിക്കും വരുംകാല ഇന്ത്യയിലുണ്ടാകാന്‍ പോകുന്നത്.