Thursday
17 Aug 2017

നകുഷ; അവഗണിക്കപ്പെടുന്ന പെൺജന്മങ്ങൾ

By: Web Desk | Friday 16 June 2017 4:55 AM IST

ആശ സുൽഫിക്കർ
നകുഷ. കേൾക്കുന്നവർക്ക്‌ ഇതൊരു പേരു മാത്രമാണ്‌. എന്നാൽ മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പെൺകുട്ടികൾക്ക്‌ ഇത്‌ വെറുമൊരു പേരല്ല. അവഗണനയുടെയും പുറത്താക്കപ്പെടലിന്റെയും ഒറ്റപ്പെടുത്തലിന്റെയും ഓർമ്മപ്പെടുത്തലുകളാണ്‌ അവർക്ക്‌ ഈ പേര്‌. കുടുംബത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പെൺകുട്ടിയാണിതെന്നും ഇവളെ തങ്ങൾക്ക്‌ ആവശ്യമില്ലെന്നും സ്വന്തം കുടുംബം തന്നെ നൽകുന്ന ഓർമ്മപ്പെടുത്തൽ.
ആർക്കും വേണ്ടാത്തവൾ അതാണ്‌ നകുഷ എന്ന പേരിന്റെ അർത്ഥം തന്നെ. സത്താര ജില്ലയിൽ നാന്നൂറോളം പെൺകുട്ടികളാണ്‌ ഇത്തരത്തിൽ മാതാപിതാക്കളാൽ, കുടുംബാംഗങ്ങളാൽ തഴയപ്പെട്ട്‌ നകുഷകളായി കഴിയുന്നത്‌. ഒരു വീട്ടിൽ തന്നെ ഒന്നിലധികം നകുഷമാരുണ്ടാകും. കേൾക്കുന്നവർക്ക്‌ ഇതിൽ ആശ്ചര്യമുണ്ടെങ്കിൽ സത്താരക്കാർക്ക്‌ ഇതൊരു സാധരണ വിഷയമാണ്‌. ഇന്ത്യ പുരോഗതിയിലേക്ക്‌ കുതിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ നമ്മുടെ ഭരണാധികാരികൾ ഉറപ്പിച്ച്‌ പറയുമ്പോഴും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നിലനിർത്തിപ്പോരുന്ന സമൂഹങ്ങൾ ഇപ്പോഴുമുണ്ട്‌. അവർക്കിടയിൽ നിന്നാണ്‌ നകുഷമാരുണ്ടാകുന്നത്‌.
വീട്ടിൽ ഒന്നിലധികം പെൺകുട്ടികൾ ഉണ്ടായാൽ ദുശ്ശകുനമാണെന്ന്‌ കരുതുന്ന ഇവർ ആ ശകുനപ്പിഴ ഒഴിവാക്കാൻ മകളെ വേണ്ടാത്തവളാക്കുന്നു. നകുഷ എന്ന പേര്‌ നൽകിയാൽ അടുത്തത്‌ ആൺകുട്ടിയാകുമെന്നും അവർ വിശ്വസിക്കുന്നു. സ്ത്രീ പുരുഷ സമത്വത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി നിരന്തരം വാദങ്ങൾ ഉയരുന്നുണ്ടെങ്കിലും ലിംഗവിവേചനത്തിന്റെ ഏറ്റവും വ്യക്തമായ പ്രതീകങ്ങളാണ്‌ സത്താരയിലെ നകുഷമാർ. ഇത്‌ മഹാരാഷ്ട്രയിലെ മാത്രം കാര്യമല്ല. ഒന്നിലധികം പെൺകുട്ടികൾ ജനിക്കുന്നത്‌ അപശകുനമായി കാണുന്ന സമൂഹങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്‌. മഹാരാഷ്ട്രയിലെ നകുഷ ഗുജറാത്തിലെ മോയി ആണ്‌. മരണം എന്നാണ്‌ ഇതിനർത്ഥം. ഹരിയാനയിൽ അവൾക്ക്‌ മാറോ (കൊല്ലുക), മാറിയോ (മാരകം), ഭത്തേരി (ഇനി മതി), ഭർപായ്‌ (പിഴ ഒടുക്കൽ) എന്നിങ്ങനെ പല പേരുകളാണ്‌. വടക്കേ ഇന്ത്യ മാത്രമല്ല തെക്കേ ഇന്ത്യയും ഇത്തരം ദുരാചാരങ്ങളിൽ പിന്നിലല്ല. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ പോലും പെണ്ണ്‌ (പെൺകുട്ടി ഇനി വേണ്ട) എന്ന പേരിലാണ്‌ പെൺകുട്ടികളെ വേണ്ട എന്ന നിലപാട്‌ പരസ്യമായി അറിയിക്കുന്നത്‌.
അവഗണിക്കപ്പെടുന്ന പെൺകുട്ടികൾ എല്ലായിടത്തും ഉണ്ടെങ്കിലും സത്താറയിലെ നകുഷമാരെ ജനശ്രദ്ധയിൽ കൊണ്ടു വരുന്നത്‌ വി പി ഷിജിത്ത്‌ എന്ന മലയാളി യുവാവാണ്‌. കോഴിക്കോട്‌ സ്വദേശിയായ ഷിജിത്ത്‌ ഒരു തീസിസിന്റെ ഭാഗമായി ചെയ്ത ‘നകുഷ-അൺവാണ്ടഡ്‌ ഈസ്‌ മൈ നെയിം’ എന്ന ഡോക്യുമെന്ററി കടുത്ത ലിംഗവിവേചനത്തിന്റെ ഇരകളായ നകുഷമാരുടെ ജീവിതം നമുക്ക്‌ മുന്നിൽ തുറന്നു കാട്ടുന്നു.
സാമൂഹിക പ്രവർത്തകരായ ചിലർ ഇടപെട്ട്‌ നകുഷമാരുടെ പേര്‌ മാറ്റാൻ നടത്തിയ ശ്രമങ്ങൾ വാർത്തകളായതോടെയാണ്‌ സത്താര എന്ന ജില്ലയെക്കുറിച്ചും നകുഷമാരെക്കുറിച്ചും ഷിജിത്ത്‌ അറിയുന്നത്‌. തുടർന്ന്‌ സാമൂഹ്യപ്രവർത്തനത്തിലും ഫോട്ടോഗ്രഫിയിലും താൽപര്യമുള്ള ഷിജിത്ത്‌ നകുഷമാരുടെ ജീവിതം ക്യാമറയിൽ പകർത്താൻ ഇറങ്ങിത്തിരിക്കുകയായിരുന്നു.
വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ്‌ നകുഷമാരെയും, അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെയും വിവേചനത്തിന്റെയും ദുരിത കഥകളും ഷിജിത്ത്‌ ചിത്രീകരിക്കുന്നത്‌. വർഷങ്ങളോളം നീണ്ട തയ്യാറെടുപ്പുമായി സത്താരയിലെത്തിയ സംവിധായകൻ ഏതാണ്ട്‌ നാൽപ്പത്തിരണ്ടോളം ഗ്രാമങ്ങളാണ്‌ ഇതിനായി സന്ദർശിച്ചത്‌. നകുഷകളായി മാറ്റി നിർത്തപ്പെട്ട പെൺകുട്ടികളുമായും അവരുടെ കുടുംബാംഗങ്ങളുമായും ഷിജിത്ത്‌ സംസാരിച്ചു. ഇത്തരം ഒരു ആചാരത്തിൽ അതിശയപ്പെടാൻ എന്തിരിക്കുന്നുവെന്ന നിലപാടാണ്‌ മാതാപിതാക്കളുടെതെങ്കിൽ തങ്ങൾക്ക്‌ നേരിടേണ്ടി വന്ന അവഗണനകളോടും ഒറ്റപ്പെടുത്തലുകളോടും പൊരുത്തപ്പെട്ടു പോയ പെൺമുഖങ്ങളാണ്‌ നകുഷമാരിൽ കാണുന്നത്‌. എല്ലാവരെയും പോലെ ജീവിക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്നും തങ്ങൾ മാറ്റി നിർത്തപ്പെടേണ്ടവരല്ല എന്നും തുറന്നു പ്രതികരിച്ചവർ വളരെ കുറവാണെന്നും ഷിജിത്ത്‌ പറയുന്നു. ഷൂട്ട്‌ ചെയ്ത പല ഭാഗങ്ങളും ചില ബാഹ്യ ഇടപെടലുകൾ മൂലവും സാമൂഹ്യമായ കാരണങ്ങൾ കൊണ്ടും ഒഴിവാക്കേണ്ടി വന്നതായും സംവിധായകൻ പറയുന്നു.
വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമെ ‘നകുഷ അൺവാണ്ടഡ്‌ ഈസ്‌ മൈ നെയിം’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളു. ഹൈദരാബാദ്‌ ഐ്‌ വിദ്യാർഥിയായ ഷിജിത്ത്‌ പഠനത്തിരക്കുകളിലായതിനാൽ ചിത്രത്തിന്റെ സ്ക്രീനിങ്ങിനായി സമയം ചിലവഴിക്കാൻ പറ്റിയിട്ടില്ല. എന്നാലും അടുത്ത മാസത്തോടു കൂടി ഫെസ്റ്റിവലുകളിലടക്കം ചിത്രം പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ താനെന്ന്‌ ഷിജിത്ത്‌ പറയുന്നു.
ഇന്ത്യയിലെ നിലവിലുള്ള സാഹചര്യം വച്ച്‌ രാജ്യത്തെ മോശമായി കാണിക്കുന്ന അല്ലെങ്കിൽ രാജ്യത്തിന്‌ മോശം ഇമേജ്‌ സൃഷ്ടിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനം തടയപ്പെടുമോ എന്ന ആശങ്കയും സംവിധായകൻ പങ്കുവയ്ക്കുന്നുണ്ട്‌. പുരോഗതിയുടെ മുഖംമൂടിയണിഞ്ഞ്‌ നിൽക്കുന്ന രാജ്യത്ത്‌ ഇത്തരം ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന്‌ ലോകമറിയുന്നത്‌ ഒരു തരത്തിൽ രാജ്യത്തെ മോശമായാകും ബാധിക്കുക, ഇത്‌ കണക്കിലെടുത്ത്‌ തന്റെ ഡോക്യുമെന്റര്റിയും പ്രദർശനവിലക്ക്‌ നേരിടുമോയെന്ന സംശയമാണ്‌ ഷിജിത്തിന്‌.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കിടയിൽ പെൺകുട്ടികൾ ജനിക്കുന്നത്‌ അപശകുനമായി കണക്കാക്കപ്പെടുന്നു എന്ന പൊതുധാരണയെയും ഡോക്യുമെന്ററിയിൽ ഷിജിത്ത്‌ മാറ്റിയെഴുതുന്നുണ്ട്‌. സാമ്പത്തികമായും സാമൂഹികമായും മുൻപന്തിയിൽ നിൽക്കുന്നവർ പോലും പെൺകുട്ടികളെ ബാധ്യതയായി തന്നെയാണ്‌ കാണുന്നത്‌. ജനിക്കുന്നതിന്‌ മുമ്പ്‌ തന്നെ അവർ ഒരു അബോർഷനിലൂടെ പെൺകുട്ടികളെ ഇല്ലാതാക്കുകയാണ്‌. നകുഷമാർ ഭൂമിയിൽ വന്നതിനു ശേഷമാണ്‌ അവരുടെ ജീവിക്കാനുള്ള അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുന്നതെങ്കിൽ പിറക്കുന്നതിന്‌ മുമ്പ്്‌ തന്നെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട്‌ അമ്മയുടെ ഉദരത്തിൽ തന്നെ കൊല ചെയ്യപ്പെടുന്നവരുടെ അവസ്ഥ ഇതിലും ഭീകരമാണെന്നും ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ( മകളെ സംരക്ഷിക്കു.. മകളെ പഠിപ്പിക്കു) നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റ ശേഷം കേൾക്കാൻ തുടങ്ങിയ വാക്യങ്ങളാണിത്‌. ലക്ഷങ്ങൾ ചിലവഴിച്ച്‌ പ്രമുഖ സിനിമാ താരങ്ങളെ വച്ച്‌ പരസ്യം നിർമ്മിച്ച്‌ ഇതിനായി പ്രചാരണം നടത്തി. പെൺകുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി സർക്കാർ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി എന്ന വാദങ്ങൾ ഉന്നയിക്കപ്പെടുമ്പോഴാണ്‌ ബിജെപിയ്ക്ക്‌ മുൻതൂക്കമുള്ള, ബിജെപി സർക്കാർ ഭരിക്കുന്ന ഒരു സംസ്ഥാനത്തിൽ തന്നെ പെൺകുട്ടികൾ വേണ്ടാത്തവളായി കഴിയുന്നത്‌. ഷിജിത്തിന്റെ ഡോക്യുമെന്ററി സംബന്ധിച്ച്‌ ചില ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്ന്‌ നകുഷമാരുടെ പേര്‌ മാറ്റൽ അടക്കമുള്ള കാര്യങ്ങൾക്കായി ഒരു കമ്മിഷൻ രൂപീകരിക്കപ്പെട്ടിരുന്നു. പേര്‌ മാറ്റൽ ചടങ്ങ്‌ ഗംഭീരമായി നടന്നുവെങ്കിലും വിദ്യാഭ്യാസ രേഖകളിലും മറ്റ്‌ സുപ്രധാന രേഖകളിലുമെല്ലാം ഇവർ നകുഷമാരായി തന്നെ തുടരുകയാണെന്നും സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നു.
ഗോമാതാവിന്‌ വേണ്ടി മുറവിളി കൂട്ടുന്ന നാട്ടിൽ സ്വന്തം സ്വത്വം പോലും നഷ്ടപ്പെട്ട്‌ ജീവിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾ അവർ വേണ്ടാത്തവളായി കഴിയുന്ന പ്രദേശങ്ങളുടെ അതിർത്തിക്കുള്ളിൽ തന്നെ ഒതുങ്ങുകയാണ്‌. പെണ്ണായി ജനിച്ചു പോയി എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം നിസ്സാഹായതയിലേക്കും അവഗണനയിലേക്കും തള്ളി വിടേണ്ടവരാണോ ഇവർ? പശു മാതാവാണെന്ന്‌ വാദിക്കുന്ന, മാതാവിനെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുന്ന എന്ത്‌ രീതിയിലുള്ള അതിക്രമങ്ങൾക്കും മുതിരുന്ന ജനങ്ങളുള്ള നാട്ടിൽ ഇതെല്ലാം കണ്ടിട്ടും കണ്ണടയ്ക്കുന്ന സർക്കാരുള്ള നാട്ടിൽ ഇത്‌ പോലെ പാർശ്വവൽക്കരിക്കപ്പെടുന്ന പെൺജന്മങ്ങൾക്ക്‌ എന്ത്‌ നീതി ? രാജ്യം പുരോഗതിയിലേക്ക്‌ കുതിക്കുന്നുവെന്ന്‌ സ്വയം വീമ്പ്‌ പറയുമ്പോഴും സ്വന്തം മൂക്കിന്‌ താഴെ നടക്കുന്ന ഇതു പോലുള്ള ദുരാചാരങ്ങൾക്കെതിരെ എന്തുകൊണ്ടാണ്‌ സർക്കാർ കണ്ണടയ്ക്കുന്നത്‌?
ഗ്രാമങ്ങൾ ലക്ഷ്യം വച്ച്‌ സാമൂഹ്യമുന്നേറ്റത്തിനായി സർക്കാർ ശ്രമങ്ങൾ നടത്തുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാൽ പെൺകുട്ടികൾ കടുത്ത വിവേചനം നേരിടേണ്ടി വരുന്ന നാട്ടിൽ അവരെ സംരക്ഷിക്കാതെ എന്ത്‌ പുരോഗതിയാണുണ്ടാവുക? സ്ത്രീകളെയും മനുഷ്യരായി പരിഗണിക്കുന്ന, അവർക്കും വ്യക്തിത്വമുണ്ടെന്നു മനസ്സിലാക്കുന്ന ഒരു സമൂഹത്തെയാണ്‌ ആദ്യം വാർത്തെടുക്കേണ്ടത്‌. അതിനാണ്‌ സർക്കാർ ശ്രമിക്കേണ്ടതും. അല്ലാത്ത പക്ഷം നകുഷയായും മോയിയായും ഭർപായിയായും അവളുടെ ജീവിതം ഇനിയും അനാഥമായി തുടരും.

Related News