Thursday
18 Oct 2018

നരെയ്‌നും കാര്‍ത്തിക്കും തകര്‍ത്തടിച്ചു കൊല്‍ക്കത്തന്‍ വീരഗാഥ

By: Web Desk | Saturday 12 May 2018 11:58 PM IST

ഇന്‍ഡോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ വിജയം. ബാറ്റ്‌സമാന്‍മാര്‍ തകര്‍ത്താടിയ മത്സരത്തില്‍ 31 റണ്‍സിനാണ് കൊല്‍ക്കത്തയുടെ വിജയം. 75 റണ്‍സെടുത്ത സുനില്‍ നരെയ്‌ന്റെയും 50 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിന്റെയും കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറുവിക്കറ്റിന് 245 റണ്‍സ് പടുത്തുയര്‍ത്തി. പഞ്ചാബിന്റെ മറുപടി എട്ടിന് 214 റണ്‍സില്‍ അവസാനിച്ചു.
കുറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. കെ എല്‍ രാഹുലും ക്രിസ് ഗെയ്‌ലും തകര്‍ത്തടിച്ചപ്പോള്‍ പഞ്ചാബ് ആരാധകര്‍ ആവേശത്തിലായി. എന്നാല്‍ ക്രിസ് ഗെയിലിന്റെയും മായങ്ക് അഗര്‍വാളിന്റെയും വിക്കറ്റുകള്‍ വീഴ്ത്തി ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയ്ക്ക് മുന്‍തൂക്കം നല്‍കി.
അടുത്തതായി 3 റണ്‍സെടുത്ത കരുണ്‍ നായരും റസലിന്റെ പന്തില്‍ വീണു. 29 പന്തില്‍ 66 റണ്‍സെടുത്ത കെഎല്‍ രാഹുലും 20 പന്തില്‍ 34 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും പുറത്തായതോടെ പഞ്ചാബിന്റെ നില പരുങ്ങലിലായി. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ അശ്വിന്‍ തകര്‍ത്തടിച്ചെങ്കിലും പഞ്ചാബിന് വിജയിക്കാനായില്ല. അശ്വിന്‍ 22 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ക്രിസ് ലിന്നും സുനില്‍ നരെയ്‌നും മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ ആറാം ഓവറില്‍ 27 റണ്‍സെടുത്ത ലിന്നിനെ ആന്‍ഡ്ര്യൂ ടൈ പുറത്താക്കി. എന്നാല്‍ റോബിന്‍ ഉത്തപ്പയെ കൂട്ടുപിടിച്ച് സുനില്‍ നരെയ്ന്‍ വെടിക്കെട്ട് തുടര്‍ന്നു.
രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 12ാമത്തെ ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 128 റണ്‍സെത്തി നില്‍ക്കേ നരെയ്‌നെയും ടൈ പുറത്താക്കി. 36 പന്തില്‍ 75 റണ്‍സാണ് നരെയ്ന്‍ നേടിയത്. തുടര്‍ന്ന് ദിനേഷ് കാര്‍ത്തിക്ക് (പുറത്താകാതെ 50), ആന്‍ഡ്രെ റസ്സല്‍ (31), റോബിന്‍ ഉത്തപ്പ (24), ശുഭ്മാന്‍ ഗില്‍ (18) എന്നിവര്‍ ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. പഞ്ചാബിന് വേണ്ടി ആന്‍ഡ്ര്യൂ ടൈ നാലു വിക്കറ്റുകള്‍ വീഴ്ത്തി.