Thursday
24 Jan 2019

നരേന്ദ്രമോഡി എന്ന കോര്‍പ്പറേറ്റ് ഏജന്റും തകര്‍ന്ന ഇന്ത്യയും

By: Web Desk | Monday 12 March 2018 10:44 PM IST

കഴിഞ്ഞ ഏതാനും ആഴ്ചകളിലെ വാര്‍ത്തകള്‍ അനുസരിച്ച് നമ്മുടെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വ്യാജ ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങ് ഉപയോഗിച്ച് നീരവ് മോദി എന്ന വജ്രവ്യാപാരി നടത്തിയ തട്ടിപ്പ് 21,000 കോടിയിലധികം വരുമെന്നാണ് ഏറ്റവും പുതിയ അനുമാനം. 9000 കോടിയുടെ കടവുമായി വിദേശത്തേയ്ക്ക് കടന്ന വിജയ്മല്യ ലണ്ടനില്‍ ആര്‍ഭാട ജീവിതം നയിക്കുന്നു. അതിനുമുമ്പ് കടന്ന ലളിത് മോഡിയും ഇംഗ്ലണ്ടില്‍തന്നെ ആര്‍ഭാടത്തോടെ ജീവിക്കുന്നു. നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ 2016 – 17ല്‍ എഴുതിത്തള്ളിയ കടം 81,683 കോടി രൂപയാണ്. 3000 രൂപ മിനിമം അക്കൗണ്ട് തുക നിലനിര്‍ത്താന്‍ പറ്റാത്ത പാവങ്ങളില്‍ നിന്നും കണ്ണില്‍ ചോരയില്ലാതെ പിഴയിനത്തില്‍ 2000-ത്തിലധികം കോടി ലാഭമുണ്ടാക്കിയ എസ്ബിഐ മാത്രം 20336 കോടിയാണ് കിട്ടാക്കടം എഴുതിത്തള്ളിയത്. ഇതില്‍ വിളവുനശിച്ചുപോയ ഒരു കര്‍ഷകന്റെയോ പ്രകൃതിദുരന്തത്തില്‍പ്പെട്ട ഏതെങ്കിലും ഒരു മത്സ്യത്തൊഴിലാളിയുടേയോ പെണ്‍മക്കള്‍ മാത്രമുള്ള ഗതിയില്ലാത്ത ഒരു വിധവയുടെയോ നാമമാത്രമായ ഒരു വായ്പാ തുകയും ഉള്‍പ്പെടുന്നില്ല. അവരെയെല്ലാം നിര്‍ദാക്ഷിണ്യം തെരുവിലേയ്ക്കടിച്ചിറക്കി നീതി നടപ്പാക്കിക്കഴിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കടം തിരിച്ചുപിടിക്കാന്‍ ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞത് ഓര്‍മ്മവരുന്നു. ഒരു ദരിദ്രകുടുംബത്തിന്റെ കിടപ്പാടം ജപ്തി നോട്ടീസ് പതിച്ച് അടുത്തദിവസം ഒഴിപ്പിക്കാനായി ചെന്നപ്പോള്‍ അവരുടെ വീട്ടുപകരണങ്ങളെല്ലാമെടുത്ത് കുടുംബം ഏതോ ബന്ധുവീട്ടിലേയ്ക്ക് പോയിരിക്കുന്നു. ബാക്കിയായത് അവരുടെ വളര്‍ത്തുനായ മാത്രം. പക്ഷെ അവനും സംഭവിച്ച ദുരന്തം മനസിലാക്കിയിരിക്കുന്നു. ബാങ്കുദ്യോഗസ്ഥര്‍ വീട് പൂട്ടി മുദ്രവയ്ക്കുന്നത് നോക്കിനിന്ന അവന്റെ കണ്ണിലെ ദുഃഖവും പകയും ദിവസങ്ങളോളം മനസില്‍ നിന്നും മായാതിരുന്നതിനാലാണ് അവസാനം ഒരു ദിവസം ആ വീട്ടില്‍ ചെന്ന് അവിടം വിട്ടുപോവാത്ത അവനെ വിളിച്ചുകൊണ്ടുപോവാന്‍ ശ്രമിച്ചത്. പക്ഷെ അവന്‍ ഒരിക്കലും തിരിച്ചുവരാത്ത സ്വന്തം യജമാന്മാരെ കാത്ത് അവിടെത്തന്നെ തുടരാനാണ് തീരുമാനിച്ചത് എന്നയാള്‍ വിഷമത്തോടെ പറഞ്ഞു. സാധാരണ മനുഷ്യരെയും അവരുടെ വളരെ ചെറിയ സ്വപ്‌നങ്ങളെയും തകര്‍ത്തെറിയാന്‍ ഒരു ദാക്ഷിണ്യവും കാണിക്കാത്ത പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2017 ഓഗസ്റ്റിലെ കണക്കനുസരിച്ച് 2.54 ലക്ഷം കോടി രൂപയാണ്. ഇന്ത്യയുടെ മൊത്തം പ്രതിരോധ ബജറ്റ് 2.95 കോടിയാണെന്ന് ഓര്‍ക്കുക. ഈ കിട്ടാക്കടം ഈ വര്‍ഷം മാര്‍ച്ചോടെ 9.5 ലക്ഷം കോടിവരെ ആയി ഉയരുമെന്നാണ് അസോചം – ക്രിസിലിന്റെ പഠനപ്രകാരം കാണുന്നത്. മൊത്തം വായ്പയായി വിതരണം നടത്തിയ തുകയുടെ 10.5 ശതമാനം വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞുപറ്റിച്ച് അധികാരത്തില്‍ വന്ന മോഡിയുടെ ഭരണകാലത്ത് ഇവിടെ ബാക്കിയായതുകൂടി കള്ളപ്പണക്കാര്‍ വിദേശത്തേയ്ക്ക് കടത്തുന്നു.
മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം പൊതുമേഖലാ ബാങ്കുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന തട്ടിപ്പുകളില്‍ 61000 കോടി രൂപ നഷ്ടപ്പെട്ടു എന്നാണ്. ആകെ റിപ്പോര്‍ട്ട് ചെയ്തത് 8670 കേസുകള്‍. ഈ കണക്കില്‍ ഇപ്പോള്‍ നീരവ് മോദി ഉള്‍പ്പെട്ട 21,000 കോടിയുടെ തട്ടിപ്പ് ഉള്‍പ്പെട്ടിട്ടില്ല, എങ്കിലും അഞ്ച് വര്‍ഷത്തിനിടെ 389 കേസുകളിലായി 6562 കോടിയുടെ തട്ടിപ്പ് നടന്ന പിഎന്‍ബി തന്നെയാണ് തട്ടിപ്പില്‍ ഒന്നാം സ്ഥാനത്ത്. 4473 കോടിയുടെ തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് ബറോഡ, 231 കേസുകളിലായി 4050 കോടി രൂപയുടെ തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഈ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കേസുകള്‍ മാത്രമേ വരുന്നുള്ളു. അതിനാല്‍തന്നെ കൃഷിയാവശ്യത്തിനും ചികിത്സയ്ക്കും പെണ്‍മക്കളുടെ കല്യാണത്തിനുമൊക്കെ ഏതാനും ആയിരം രൂപ ലോണെടുക്കുന്ന സാധാരണക്കാരന്റെ വായ്പയാണ് ഈ കിട്ടാക്കടം എന്ന് ആരോപിക്കാനാവില്ല. കൂടാതെ തട്ടിപ്പ് നടന്ന വായ്പകളുടെ എണ്ണവും ഉള്‍പ്പെട്ട തുകയും താരതമ്യം ചെയ്താല്‍ ശരാശരി ഏട്ട് കോടി രൂപ ഓരോ ഇടപാടിലും നഷ്ടമായിട്ടുണ്ട്. അതിനാല്‍ കോടീശ്വരന്മാര്‍ക്കായാണ് ഈ ബാങ്കുകള്‍ യാതൊരു നിബന്ധനകളുമില്ലാതെ വായ്പകള്‍ നല്‍കിയത് എന്ന് വ്യക്തമാണ്. ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് ധനകാര്യ സഹമന്ത്രി എഴുതിനല്‍കിയ മറുപടിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 12778 സാമ്പത്തിക തട്ടിപ്പുകളാണെന്നും ഇതിന്റെ 70 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണെന്നും സമ്മതിക്കുന്നു.
2008 ല്‍ ലോകത്തെയാകെ സാമ്പത്തിക മാന്ദ്യം ഉലച്ചപ്പോഴും 19-ാം നൂറ്റാണ്ട് മുതല്‍ നിലനിന്ന പല അമേരിക്കന്‍, ബ്രിട്ടീഷ് ബാങ്കുകളും പാപ്പരായപ്പോഴും കുലുക്കമില്ലാതെ ഇന്നുവരെ രാജ്യത്തെ എല്ലാ സാമ്പത്തിക പ്രതിസന്ധികളെയും നേരിട്ട ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ തകര്‍ന്നുകഴിഞ്ഞു. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പിടിയിലമര്‍ന്ന് നിക്ഷേപകരുടെ പണം ശതകോടീശ്വരന്മാരുടെ ലീലാവിലാസങ്ങള്‍ക്ക് നല്‍കി അവ പാപ്പരാവാന്‍ പോവുന്നു. എങ്ങനെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും അവസാനത്തെ ചില്ലിക്കാശും പിടിച്ചുപറിച്ച് അവനെ തെരുവില്‍ തള്ളാം എന്നാണ് നരേന്ദ്രദാസ് ദാമോദര്‍ ദാസ് മോഡിയും അയാളുടെ സഹായി അമിത് ഷായും തലപുകഞ്ഞാലോചിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍തന്നെ അടുത്ത നിയമനിര്‍മാണം ബാങ്കുകളിലെ നിക്ഷേപത്തിന്റെ ഗ്യാരന്റി ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ടാണത്രേ, ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപകന്റെ പണം മറ്റുനിക്ഷേപങ്ങളാക്കി മാറ്റാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന നിയമം.
ഇന്ത്യയുടെ ജിഡിപി വളരുകയാണത്രേ. ഇന്ധനവില കൃത്രിമമായി ലോകത്തേറ്റവും ഉയര്‍ന്നതോതില്‍ നിലനിര്‍ത്തിയും നോട്ടുനിരോധനം വഴിയും കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുനല്‍കിയും ബാങ്ക് തട്ടിപ്പുകള്‍ക്ക് അവസരമൊരുക്കിയും മോഡി സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ആസ്തികളുടെ 78 ശതമാനവും വെറും 100 പേരുടെ കയ്യിലെത്തിച്ചു. അതില്‍തന്നെ 58 ശതമാനം വെറും 10 പേരുടെ കയ്യിലും. കോര്‍പ്പറേറ്റുകള്‍ ഏല്‍പ്പിച്ച ദൗത്യം ഏറ്റവും ഭംഗിയായി നരേന്ദ്രമോഡി നിര്‍വഹിച്ചുകഴിഞ്ഞു. കുത്തകകള്‍ക്കാര്‍ക്കുംതന്നെ ഒരു പരാതിയും ഉണ്ടാവാന്‍ വഴിയില്ല. കഴിഞ്ഞ മൂന്നരവര്‍ഷക്കാലം കഴിയുന്നത്ര സമയം വിദേശത്ത് ചിലവഴിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അറുപതിലധികം വിദേശയാത്രകളുടെ ചിലവോ ഉദ്ദേശ്യമോ വിവരാവകാശ നിയമപ്രകാരം പോലും ലഭ്യമല്ല. കൂട്ടിനുപോയതാവട്ടെ കുറേ കോര്‍പ്പറേറ്റ് സിഇഒമാരും. ഇനി സംഘപരിവാര്‍ ഏല്‍പ്പിച്ച വിഷയങ്ങളില്‍ തീരുമാനമാക്കണം. ത്രിപുരയില്‍ അതിനു തുടക്കമായിക്കഴിഞ്ഞു. ലെനിന്‍ പ്രതിമ തകര്‍ത്തുകൊണ്ട് നാന്ദികുറിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ പലയിടത്തായി തുടങ്ങിവച്ച ദളിത് – ന്യൂനപക്ഷ ഉന്മൂലന പരിപാടികള്‍ ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കണം. ജനങ്ങള്‍ തമ്മിലുള്ള ഐക്യം പാടെ തകര്‍ക്കണം. വര്‍ഗീയമായും ജാതീയമായും വര്‍ഗപരമായും എല്ലാവരും പരസ്പരം ശത്രുക്കളാവണം. ആഗോള ജനാധിപത്യ സൂചികയില്‍ കഴിഞ്ഞ വര്‍ഷം 32-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ 42-ാം സ്ഥാനത്തായി. ഗോഡ്‌സെയെ നായകനാക്കി ബനാറസ് സര്‍വകലാശാലയില്‍ നാടകം നടത്തുന്നു. ആ സര്‍വകലാശാലയ്ക്ക് 1916ല്‍ തറക്കല്ലിട്ട മാഹാത്മാഗാന്ധിയുടെ ഘാതകനെ നായകനാക്കി. ഇനി ഈ വിപത്ത് ചെറുക്കാന്‍ ഇന്ത്യയിലെ മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് ചേരിക്ക് അവശേഷിച്ചിരിക്കുന്നത് ഒരു വര്‍ഷം മാത്രമാണ്. ആ കാലയളവിനുള്ളില്‍ ഭിന്നതകള്‍ മറന്ന് താന്‍പോരിമ മാറ്റിവച്ച് രാജ്യത്തെ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് വിഭാഗങ്ങള്‍ ഒന്നിച്ച് ഒന്നുചേര്‍ന്ന് പരിശ്രമിച്ചാല്‍ മാത്രമേ ഈ നാടിന്റെ ഏറെ പണിപ്പെട്ട് നേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനാവൂ.

Related News