Sunday
24 Jun 2018

ഫ്രെയിമുകളിലൂടെ സഞ്ചരിക്കുമ്പോള്‍

By: നിമിഷ | Friday 18 August 2017 1:12 PM IST

 

”ക്യാമറയുടെ ഒരു ക്ലിക്കില്‍ വിരിയുന്ന ചിത്രം – ആ നിമിഷമാണ് ഞാനേറ്റവുമധികം ആസ്വദിക്കുന്നത്. ക്യാമറയുടെ പുറകില്‍ നില്‍ക്കുമ്പോഴാണ് ഏറ്റവുമധികം സ്വാതന്ത്ര്യം അനുഭവപ്പെടുന്നതും.” ബ്രിട്ടീഷ് ഫിലിംമേക്കറും ഫോട്ടോഗ്രാഫറുമായ നതാലിയ ശ്യാമിന്റെ വാക്കുകളാണിത്. സ്മാര്‍ട്ട് ഫോണുകളുടെയും ഡിജിറ്റൈസേഷന്റെയും ഈ കാലത്ത് ഫോട്ടോഗ്രാഫി എന്നത് സര്‍വസാധാരണമായ ഒന്നാണ്. എങ്കിലും ഓരോ ചിത്രവും ഓരോ ഫ്രെയിമും ഓരോ ആംഗിളും വിഭിന്നമാണ്. ഫോട്ടോഗ്രാഫിയുടെ പ്രത്യേകതതന്നെ ഇതാണ്. ഓരോ ചിത്രവും ഓരോ വ്യത്യസ്തമായ കഥ പറയുന്നു എന്നത്.
”ചലച്ചിത്ര സംവിധാനമാണ് എന്റെ പ്രധാന പ്രവര്‍ത്തന മേഖലയെങ്കിലും ഫോട്ടോഗ്രാഫി എന്ന കലയും അതിന്റെ പിറകിലുള്ള അര്‍ത്ഥതലങ്ങളും എന്നെ ഏറെ ആകര്‍ഷിക്കുന്നതാണ്.” നതാലിയ ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്നതിങ്ങനെ”. ഈ ടു ഡൈമെന്‍ഷന്‍ കലയില്‍ കൂടി എങ്ങനെയാണ് ജീവിതത്തെ അവതരിപ്പിക്കേണ്ടത് എന്ന അന്വേഷണമാണ് ഞാന്‍ നിരന്തരം നടത്തുന്നത്. ഇതെന്നെ ഏറെ ത്രസിപ്പിക്കുന്നു. ഞാനൊരിക്കലും ഫോട്ടോഗ്രാഫിയുടെ ഈ ലോകത്ത് എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്റെ സഹോദരി നിതയുടെ വിവാഹനിശ്ചയസമയത്ത് നിതയുടെയും ഭാവിവരന്റേയും ചില ഫോട്ടോകള്‍ ഞാനെടുക്കുകയുണ്ടായി. ആ സമയത്ത് ക്യാമറയെക്കുറിച്ചും ഫോട്ടോഗ്രാഫിയെക്കുറിച്ചും എനിക്ക് വളരെ കുറച്ച് അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഇതു ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒടുവില്‍ ആദ്യമായി ഒരു ഡിഎസ്എല്‍ആര്‍ ക്യാമറ സ്വന്തമായി കിട്ടിയതോടെ ഫോട്ടോഗ്രാഫിയോടുള്ള എന്റെ പാഷന്‍ അതിരുകളില്ലാത്തതായി. ഇഷ്ടപ്പെടുന്ന കാഴ്ചകളുടെ ചിത്രങ്ങള്‍ ഭാവനയ്ക്കനുസരിച്ച് എടുക്കാന്‍ കഴിയുമ്പോള്‍ ഞാനനുഭവിക്കുന്ന ആനന്ദം വാക്കുകള്‍ക്കതീതമാണ്. എന്തിന് ഫോട്ടോയെടുക്കണമെന്ന അന്വേഷണം ഒടുവില്‍ എന്നെ എത്തിച്ചത് യാത്രകളിലൂടെ ഫോട്ടോഗ്രാഫി ചെയ്യുന്നതിന്റെ സാധ്യതകളിലാണ്. ധാരാളം യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയില്‍ ഇതെനിക്ക് കൂടുതല്‍ അവസരങ്ങളൊരുക്കിത്തന്നു. ചലച്ചിത്ര സംവിധാനത്തോടൊപ്പം ഫോട്ടോഗ്രാഫിയും ഞാനിഷ്ടപ്പെടുന്ന ഒന്നായി മാറി.
ഓരോ യാത്രകളിലും എന്റെ ഫോട്ടോകള്‍ തേടിയത് അവിടത്തെ ജനജീവിതങ്ങളാണ്. അവരുടെ സംസ്‌കാരം, കല പ്രത്യേകിച്ചും ഭക്ഷണശീലങ്ങള്‍ ഇവയൊക്കെ എന്റെ ഫ്രെയിമുകളില്‍ നിറഞ്ഞുനിന്നു. ഓരോ യാത്രയും തരുന്ന ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഫോട്ടോഗ്രാഫി കാരണമാകുന്നു. ഒരു നല്ല സുഹൃത്തിനെപ്പോലെ ക്യാമറ എന്റെകൂടെ എവിടെയും പിന്തുടരുന്നു.”
നതാലിയ സ്വയം ആസ്വാദനത്തിനായി ചിത്രമെടുക്കുക മാത്രമല്ല ചെയ്യുന്നത്. തന്റെ ഫോട്ടോഗ്രാഫി യാത്രകള്‍ നല്കിയ അനഭവങ്ങള്‍ പങ്കുവയ്ക്കാനും അത് നല്‍കിയ അറിവുകള്‍ പകര്‍ന്നുനല്‍കാനും ശ്രമിക്കുന്നു. കേരളത്തില്‍ ഫോട്ടോഗ്രാഫി സ്‌നേഹികള്‍ക്കായി നതാലിയ വര്‍ക്ക് ഷോപ്പുകള്‍ നടത്താറുണ്ട്, കഴിഞ്ഞ ഒരു വര്‍ഷമായിട്ട്. അന്താരാഷ്ട്രതലത്തില്‍ സഞ്ചാര ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായികയുമൊക്കെ ആകുമ്പോഴും കേരളത്തിലെ തന്റെ വേരുകളില്‍ അങ്ങേയറ്റം അഭിമാനമുണ്ട് നതാലിയക്ക്. അപ്പൂപ്പന്‍ നാടകാചാര്യനായ ഒ മാധവന്റെ വിപ്ലവസ്മരണകള്‍ നതാലിയയ്ക്ക് ആവേശവും അഭിമാനവും നല്‍കുന്നതാണ്. താന്‍ ജീവിക്കുന്ന ലണ്ടനിലെ മലയാളി സമൂഹം ഒ മാധവന് നല്‍കുന്ന ആദരം നേരില്‍ അനുഭവിക്കുന്നു. ജയശ്രീയുടെയും ശ്യാംലാലിന്റെയും മകളായ നതാലിയ തന്റെ പാഷനുകള്‍ക്ക് പുറകേ സഞ്ചരിക്കുകയാണ്, കയ്യില്‍ ചിരകാല സുഹൃത്തായ ക്യാമറയുമായി. പൂര്‍ണതയാര്‍ന്ന ഒരു ചിത്രത്തിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് നതാലിയ. 24 രാജ്യങ്ങള്‍ താണ്ടിക്കഴിഞ്ഞു – ഇപ്പോഴും യാത്ര തുടരുന്നു.

Related News