Thursday
24 Jan 2019

ദേശീയ വനനയം – ആശങ്കകളും നിര്‍ദ്ദേശങ്ങളും

By: Web Desk | Saturday 14 April 2018 10:17 PM IST

അഡ്വ. കെ രാജു
(വനംവകുപ്പു മന്ത്രി)

ദേശീയ വനനയത്തിന്റെ പുതുക്കിയ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത് കഴിഞ്ഞ മാസം 14 നാണ്. വനവും പരിസ്ഥിതിയും സംബന്ധിച്ച് വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാവുന്നതും രാജ്യവ്യാപകമായി വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും നാനാകോണുകളില്‍ നിന്നും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വരേണ്ടതുമായ ഈ ദേശീയ വനനയം ചര്‍ച്ച ചെയ്യപ്പെടുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും കേവലം ഒരു മാസം മാത്രമാണ് സമയം നല്‍കിയിട്ടുള്ളത് എന്നത് തികച്ചും അപര്യാപ്തമാണ്. 2014 ലും 2016 ലും കരട് വന നയം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും പിന്നീട് അത് പിന്‍വലിക്കപ്പെട്ടു. ഇപ്പോള്‍ ഇത്രയും സാവകാശമെടുത്ത് തയ്യാറാക്കി പുറത്തിറക്കിയ കരട് വനനയം പക്ഷേ ഇത്ര ചുരുങ്ങിയ സമയത്തിനുളളില്‍ രാജ്യത്തെ ജനങ്ങള്‍ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സമര്‍പ്പിക്കണമെന്ന് ശഠിക്കുന്നത് അത്ര ശരിയായി തോന്നുന്നില്ല. അതുകൊണ്ട് ആയതിന് ഒരു മാസം കൂടി സമയപരിധി നീട്ടി നല്‍കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നിരിക്കിലും നിശ്ചിത സമയപരിധിക്കകത്ത് തന്നെ സര്‍ക്കാരും വനം വകുപ്പ് മേധാവിയും വെവ്വേറെയായി ഇക്കാര്യത്തിലെ ആശങ്കകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ദേശീയ വനനയത്തില്‍ നിലവിലുള്ള നയത്തില്‍ നിന്ന് മുഖ്യമായതോ സാരവത്തായതോ ആയ മാറ്റങ്ങളൊന്നും ദൃശ്യമാകുന്നില്ല. എങ്കിലും 2018 ലെ കരടില്‍ 4.1.1 (ഡി) ഖണ്ഡത്തില്‍ വനമേഖലയിലെ തോട്ടങ്ങളുടെ ഉല്‍പ്പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിക്കണമെന്ന ശീര്‍ഷകത്തിന്‍ കീഴില്‍ വനവല്‍ക്കരണത്തിലും മരം വച്ച് പിടിപ്പിക്കുന്ന കാര്യങ്ങളിലും പൊതുസ്വകാര്യ പങ്കാളിത്ത മാതൃക സ്വീകരിക്കണമെന്ന് പറയുന്നുണ്ട്. ഈ നിര്‍ദേശം വനനശീകരണത്തിനോ കച്ചവടതാല്‍പ്പര്യങ്ങള്‍ക്കോ ഇടയാക്കാത്ത വിധത്തില്‍ സുതാര്യത ഉറപ്പാക്കിക്കൊണ്ട് ഭേദഗതി ചെയ്യപ്പെടേണ്ടതുണ്ട്.
സംസ്ഥാനത്തെ വനവല്‍ക്കരണ ബജറ്റ് കേന്ദ്രവിഹിതത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുന്നതാണ് എന്ന പ്രസ്താവം ധനലഭ്യത വര്‍ദ്ധിപ്പിക്കുമെന്ന് ആശിക്കാമെങ്കിലും ഫലത്തില്‍ കേന്ദ്രസഹായം ഓരോ വര്‍ഷവും കുറഞ്ഞു വരികയാണ്. കടുവാ സങ്കേതം പോലുള്ള ചില മേഖലകളിലൊഴിച്ചാല്‍ വനസംരക്ഷണത്തില്‍ കേന്ദ്ര വിഹിതം 30 ശതമാനത്തില്‍ താഴെയാണ് എന്നതാണ് വസ്തുത. അതുകൊണ്ട് കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ നയങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
നാഷണല്‍ പാര്‍ക്കുകളുടെയും സാങ്ച്വറികളുടെയും ശൃംഖല സ്ഥാപിക്കുന്നതിനുള്ള നയങ്ങള്‍ കരടുരേഖ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ വനവല്‍ക്കരണത്തിനായി ഭൂമി വാങ്ങേണ്ടി വന്നാല്‍ അതിന് ‘കാമ്പ’ ചട്ടങ്ങളില്‍ വ്യവസ്ഥയില്ല. അതിനുകൂടി സാധിക്കുന്ന വിധത്തില്‍ നിലവിലെ ‘കാമ്പ’ ചട്ടങ്ങള്‍ ഭേദഗതി ചെയ്യപ്പെടേണ്ടതുണ്ട്.
കേരളത്തില്‍ തോട്ടം മേഖലയില്‍ ഏറ്റവുമധികം എതിര്‍പ്പ് നേരിടുന്ന ഒരു മരമാണ് യൂക്കാലിപ്റ്റസ്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ വ്യാപിപ്പിക്കണമെന്ന നയം ഒഴിവാക്കപ്പെടേണ്ടതാണ്.
സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കപ്പെടുന്ന തോട്ടങ്ങള്‍ സ്വാഭാവിക വനങ്ങളായി പരിവര്‍ത്തനപ്പെടുത്തുന്നതിന് വനനയത്തില്‍ മാറ്റം അത്യന്താപേക്ഷിതമാണ്. അത് സംസ്ഥാനത്തിന് റവന്യൂവും മൃഗങ്ങള്‍ക്ക് ഭക്ഷണവും നമുക്ക് ജലസമൃദ്ധിയും നല്‍കും. നാടന്‍ വൃക്ഷ ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് നമുക്കാവശ്യം.
1988 ലെ വനനയത്തിന്റെ പ്രധാന ലക്ഷ്യം പങ്കാളിത്ത വനപരിപാലനമായിരുന്നു. അതിലൂടെ വനാശ്രിത സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കുകയും വന സംബന്ധമായ പ്രവൃത്തികളില്‍ കൂടുതലായി വനാശ്രിത സമൂഹത്തിന് അവസരം നല്‍കുകയും ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിന് അവസരമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. വിഎസ്എസ്, എഫ്ഡിഎ തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ കേരളം വനാശ്രിത സമൂഹത്തിന്റെ ഉപജീവനത്തിനും ഉയര്‍ച്ചയ്ക്കും അവസരമുണ്ടാക്കിയത് പൊതുവെ അഭിനന്ദിക്കപ്പെടുന്ന മാതൃകകളാണ്. ആദിവാസികള്‍ക്ക് മാത്രമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി 700 ഓളം പേരെ നാം ട്രൈബല്‍ വാച്ചര്‍മാരായി നിയമിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. കരട് ദേശീയ വനനയത്തില്‍ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടില്ല. ആദിവാസികളുടെ അവകാശങ്ങള്‍ അവഗണിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. അത് ഭേദഗതി ചെയ്യപ്പെടേണ്ട മറ്റൊരു മേഖലയാണ്.
ജിഎസ്ടി കൗണ്‍സില്‍ മാതൃകയില്‍ വനമേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന പ്രതിനിധികളുടെ ഒരു പൊതുവേദി ആവശ്യമാണ്. കേരളത്തെപ്പോലെ ഒരു ചെറിയ സംസ്ഥാനത്തിന് 33.33 ശതമാനം ഭൂമി വനമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനവധിയാണ്. കേരളത്തിന്റെ സാഹചര്യത്തിന് അനുസൃതമായ വനനയം മാത്രമേ ഇവിടെ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.
വനസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വനമേഖലയില്‍ കൂടിയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കും മറ്റും അനുമതി നല്‍കുന്നതിനുള്ള കടമ്പകള്‍ ഏറെയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
മുമ്പൊക്കെ നഗരവല്‍ക്കരണത്തിനും കൃഷിക്കും വേണ്ടിയാണ് വനഭൂമി പരിവര്‍ത്തനപ്പെടുത്തിയിരുന്നത്. നമുക്ക് ഇപ്പോള്‍ മാറിചിന്തിക്കുവാന്‍ സമയമായിരിക്കുന്നു. കേന്ദ്രവനനയത്തില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് സമഗ്രമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ കാര്യകാരണങ്ങള്‍ വിവരിച്ചു കൊണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് കേരള സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിട്ടുള്ളത്. അവ കൂടി പരിഗണിച്ചു കൊണ്ട് കേന്ദ്രം കരട് നയത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.