Tuesday
19 Sep 2017

ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പ്: മൂന്ന് കേരള താരങ്ങളെ ഉള്‍പ്പെടുത്തി: അസോസിയേഷന്‍

By: Web Desk | Thursday 31 August 2017 10:59 PM IST

കൊച്ചി : സെപ്തംബര്‍ മൂന്നു മുതല്‍ 11 വരെ പട്‌നയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം സ്വദേശി ഹരി സുരേഷ്, കണ്ണൂര്‍ സ്വദേശിനികളായ വി എസ് സ്വാഹ, അഷിത എന്നിവര്‍ക്ക് പങ്കെടുക്കാന്‍ സൗകര്യം ഒരുക്കിയെന്ന് കേരള ചെസ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ കേരള ചെസ് അസോസിയേഷനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജികള്‍ അസോസിയേഷന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സിംഗിള്‍ ബെഞ്ച് തീര്‍പ്പാക്കി. കേരളത്തില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സെലക്ഷന്‍ കിട്ടിയെങ്കിലും രജിസ്‌ട്രേഷനുള്ള സമയം കഴിഞ്ഞതിനാല്‍ പങ്കെടുക്കാനാവുമോയെന്ന ആശങ്കയിലായിരുന്നു ഹര്‍ജിക്കാര്‍.
രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷനു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഹര്‍ജിക്കാര്‍ക്ക് തടസമില്ലെന്ന് ചെസ് അസോസിയേഷന്‍ വ്യക്തമാക്കിയതോടെ ഈ ആശങ്ക ഇല്ലാതായി. ഹര്‍ജിയില്‍ തിരുവനന്തപുരം റെയില്‍വെ ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരെക്കൂടി കക്ഷിചേര്‍ത്ത ഹൈക്കോടതി ഹര്‍ജിക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും പട്‌നയില്‍ എത്താനും മടങ്ങാനുമുള്ള റെയില്‍വെ ടിക്കറ്റ് എമര്‍ജന്‍സി ക്വാട്ടയില്‍ ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.