Wednesday
21 Nov 2018

ദേശീയ ചലച്ചിത്രോത്സവം അരങ്ങൊഴിയുമ്പോള്‍

By: Web Desk | Tuesday 5 December 2017 9:06 PM IST

കെ ദിലീപ്
1952 ജനുവരി 24 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് ഫിലിം ഡിവിഷന്‍ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടത്തിയത്. 23 ലോകരാഷ്ട്രങ്ങളില്‍ നിന്ന് നാല്‍പത് കഥാചിത്രങ്ങളും നൂറ് ഡോക്യുമെന്ററികളും. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും ഉത്സാഹത്തിലുമാണ് ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവം നടന്നത്. മേള മത്സരാധിഷ്ഠിതമാവുന്നത് 1965 ല്‍ മാത്രമാണ്. മദ്രാസും ഡല്‍ഹിയും കല്‍ക്കത്തയും തിരുവനന്തപുരവുമൊക്കെ കടന്ന് 2004 ല്‍ ഗോവയിലെത്തി. പിന്നീട് സ്ഥിരമായി അവിടെതന്നെ തുടരുന്നു.
ഐഎഫ്എഫ്‌ഐ ഡല്‍ഹിയിലായിരുന്നപ്പോഴും കൊല്‍ക്കത്തയിലായിരുന്നപ്പോഴും ഗോവയില്‍ എത്തിയപ്പോഴും തികച്ചും പ്രൗഢമായ ഒരു ചലച്ചിത്രമേളയായിരുന്നു. ഈ മേളകളിലെല്ലാംതന്നെ അന്താരാഷ്ട്ര പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകരുടെ, ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഋതുപര്‍ണോഘോഷ്, സുഭാഷ് ഗായ്, അമോല്‍ പലേക്കര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ലെനിന്‍ രാജേന്ദ്രന്‍, കെ ആര്‍ മോഹനന്‍ ഇങ്ങനെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍ ഇവരുടെയെല്ലാം മുഴുവന്‍സമയസാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ഈ ചലച്ചിത്രോത്സവം- നിലവാരത്തിലും സംഘാടനത്തിലും മികവുറ്റ മേള. ഐഎഫ്എഫ്‌ഐയുടെ അടുത്തകാലം വരെ ഉണ്ടായിരുന്ന സവിശേഷത ഡെലിഗേറ്റ് ആയിരുന്നു ആ മേളയില്‍ ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തി എന്നതായിരുന്നു. ഡെലിഗേറ്റ് പാസിന് വലിയ മാന്യത കല്‍പ്പിക്കപ്പെട്ടിരുന്നൂ. ചര്‍ച്ചാവേദികള്‍ സജീവമായിരുന്നു. തിയേറ്ററിനു പുറത്തും ഓപ്പണ്‍ ഫോറത്തിലും വളരെ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഫിലിം മാര്‍ക്കറ്റിങ്ങിനും ഫിലിം മേക്കിങ്ങിനും മേള അവസരമൊരുക്കിയിരുന്നു. മേളയുടെ പത്തു ദിവസങ്ങളും എല്ലാ അര്‍ഥത്തിലും സജീവമായിരുന്നു. മത്സര സിനിമകള്‍ക്ക് പുറമെ ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരുടെ മികച്ച സൃഷ്ടികള്‍ കാണാനായി ഇന്ത്യയിലെല്ലായിടത്തുനിന്നും പ്രത്യേകിച്ച് കേരളം, ബംഗാള്‍, ഡല്‍ഹി, ബോംബെ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ഒരുപിടി വിദേശരാജ്യങ്ങളില്‍ നിന്നും ചലച്ചിത്രപ്രേമികള്‍ എത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മേളയുടെ നടത്തിപ്പിനും അതിന്റെ രൂപഭാവങ്ങള്‍ക്കും വലിയ മാറ്റങ്ങള്‍ വന്നു. ഡെലിഗേറ്റ് അനേകം മെറ്റല്‍ ഡിറ്റക്ടറുകളിലൂടെ വിവിധ പരിശോധനകള്‍ കഴിഞ്ഞ് ആരുടേയോ ഔദാര്യം കൊണ്ട് സിനിമ കാണുന്നവനായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. അതോടെ സിനിമാ രംഗത്തെ പ്രശസ്തരും പ്രമുഖരും മേളയിലേക്ക് വരാതായി. 2016 ആവുമ്പോഴേക്ക് ഡെലിഗേറ്റുകള്‍ക്ക് ഫെസ്റ്റിവല്‍ ബുക്കുപോലും നല്‍കാത്ത തരത്തില്‍ മേളയുടെ സംഘാടനം അധഃപതിച്ചു. ഏതൊക്കെ കവാടങ്ങളില്‍ ഇനിയും മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കാനുണ്ട് എന്നതായിരുന്നു സംഘാടകര്‍ക്ക് കൂടുതല്‍ താല്‍പര്യമുണ്ടായിരുന്ന കാര്യം. 2017 ലെ 48-ാമത് ചലച്ചിത്രമേളയിലെത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പ്രധാനവേദികള്‍, ചലച്ചിത്ര വിപണനവുമായി ബന്ധപ്പെട്ട സ്റ്റാളുകള്‍, വിവിധ ഭക്ഷണശാലകള്‍ ഇവയെല്ലാം അപ്രത്യക്ഷമാവുകയും ചീട്ടുനോക്കി ഭാഗ്യം പറയുന്ന സ്റ്റാളും ഭക്ഷണത്തിന് തീവില ഈടാക്കുന്ന ഏതോ ഒരു ഹോട്ടലും ഇടം പിടിക്കുകയും ചെയ്തു. ഓപ്പണ്‍ ഹൗസ് പൊതുവേദിയില്‍ നിന്ന് ഓഫീസ് കെട്ടിടത്തിലെ ഒരു മുറിയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലും ഇതേ മെറ്റല്‍ ഡിറ്റക്ടറുകളിലൂടെയുള്ള പരിശോധനകളാണ് നടത്തുന്നത് എന്നാണ് സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗയ്ക്കും രവിയാദവിന്റെ മറാത്തി സിനിമയായ ന്യൂഡും- രണ്ട് സിനിമകളും ശക്തമായ സ്ത്രീപക്ഷ സിനിമകളായിരുന്നിട്ടുപോലും അവസരം നിഷേധിക്കപ്പെട്ടതില്‍ നിന്നും മനസിലാവുന്നത്. ജൂറി ശുപാര്‍ശചെയ്ത സിനിമകളാണ് ഇങ്ങനെ വെട്ടിമാറ്റപ്പെട്ടത്. ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവയ്ക്കുകയും ചെയ്തു. ഈ തീരുമാനത്തിനെതിരെ സംവിധായകന്‍ നല്‍കിയ കേസില്‍ ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടുപോലും അതിനെതിരെ വാശിയോടെ സുപ്രിംകോടതിയില്‍ പോവുകയും സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ച് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുക എന്ന ഇതുവരെ എങ്ങും പറഞ്ഞുകേള്‍ക്കാത്ത നാണംകെട്ട പണിവരെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സ്വീകരിക്കുകയും ചെയ്തു. മന്ത്രിക്കസേരയിലിരിക്കുന്ന ഒരു പഴയ മസാല സീരിയല്‍ നടിയുടെ വാശി മാത്രമല്ല സംഘപരിവാറിന്റെ തിട്ടൂരവും ഇതിന് പുറകിലുണ്ട്. ഇതുവരെ ആരും കാണാത്ത ‘പത്മാവതി’ എന്ന സിനിമക്കെതിരെ നാല് മുഖ്യമന്ത്രിമാര്‍ പ്രതികരിച്ചു കഴിഞ്ഞു. നൂറു കണക്കിനു കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചുവീണപ്പോഴോ, സമൂഹത്തിലെ അവശവിഭാഗങ്ങളില്‍ പെട്ടവരെ തെരുവില്‍ തല്ലിക്കൊല്ലുമ്പോഴോ ഒരക്ഷരം ഉരിയാടാത്തവര്‍ ഒരു സാദാ കച്ചവടസിനിമയുടെ കാര്യത്തില്‍ കാണിക്കുന്ന ക്രൗര്യം ഫാസിസ്റ്റുകളുടെ മനോനിലയെക്കുറിച്ച് ഒരു ഓര്‍മപ്പെടുത്തലായി തന്നെ കാണണം. ഇത്തരത്തിലെല്ലാം നിറംകെട്ട ഒരു മേളയുടെ പരിസമാപ്തിയിലാണ് കേരളത്തിലെ മാധ്യമങ്ങളുടെ തലക്കെട്ടില്‍ ടേക്ക് ഓഫ് എന്ന സിനിമയിലൂടെ പാര്‍വതി എന്ന മലയാളനടിക്ക് ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരം ലഭിച്ചതായുള്ള വാര്‍ത്ത വരുന്നത്.
48-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടിയത് 120 ബാറ്റില്‍മെന്റ്‌സ് പെര്‍ മിനിട്ട് എന്ന ഫ്രഞ്ച് ചിത്രമാണ്. 1998 കളുടെ തുടക്കത്തില്‍ എയ്ഡ്‌സ്/എച്ച്‌ഐവി ബോധവല്‍കരണത്തിന് മുന്നിട്ടിറങ്ങിയ ആക്ട് അപ് എന്ന എച്ച്‌ഐവി ബാധിതരുടെ സന്നദ്ധസംഘടനയുടെ കഥയാണ് ആ സിനിമ പറയുന്നത്. ഡോക്യുമെന്ററിയോടടുത്ത് നില്‍ക്കുന്ന അവതരണ ശൈലിയുള്ള ഈ ചിത്രത്തിലെ അഭിനയത്തിനാണ് നാവന്‍ പെറസ് ബിസ്‌കാര്‍ട്ടിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചത്.
വിവിയന്‍ ക്യു എന്ന ചൈനീസ് സംവിധായികയ്ക്കാണ് ഇത്തവണ ഏറ്റവും മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഏഞ്ജല്‍സ് വെയര്‍ വൈറ്റ് അഥവാ മാലാഖമാര്‍ വെളുത്ത വസ്ത്രം ധരിക്കുന്നു എന്ന സിനിമയിലൂടെ.
ജ്യൂറി പുരസ്‌കാരവും ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരവും ഇക്കുറി ടേക് ഓഫ് എന്ന മലയാള ചിത്രത്തിനാണ്. സംവിധായകന്‍ മഹേഷ് നാരായണന്‍ തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ എഡിറ്ററാണ്. ഇറാഖിലെ തിക്രിതില്‍ 2014-ല്‍ ഐഎസ് ഭീകരരുടെ ഇടയില്‍ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടി വന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചലച്ചിത്രം. പ്രധാന കഥാപാത്രമായ സമീറ എന്ന നേഴ്‌സിനെ അവതരിപ്പിച്ച പാര്‍വതിക്കാണ് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. അങ്ങേയറ്റം സങ്കീര്‍ണമായ ഒരു കഥാപാത്രമാണ് സമീറ, മകള്‍, ഭാര്യ, അമ്മ, വിദേശത്ത് ശത്രുക്കളുടെ തടവിലാക്കപ്പെടുന്ന സ്ത്രീ, ഈ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞ പാര്‍വതിയുടെ അഭിനയസിദ്ധി അഭിനന്ദനീയമാണ്. മലയാളത്തില്‍ നിന്നുള്ള ഏക എന്‍ട്രിയും ഈ സിനിമയായിരുന്നു. മലയാളത്തില്‍ നിന്നും ഏറ്റവും കുറഞ്ഞ പ്രാതിനിധ്യവും ഈ മേളയിലായിരുന്നു. ചലച്ചിത്ര മേളകളില്‍ മത്സരവിഭാഗത്തെക്കാള്‍ മികച്ച സിനിമകള്‍ എക്കാലവും ലോകസിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കപ്പെടുക. ഇത്തവണയും ഏറ്റവും മികച്ച ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ തന്നെയായിരുന്നു. മേളയിലെ മികച്ച ചിത്രങ്ങള്‍ മൈക്കള്‍ ഹസാന വിയസിന്റെ റീ ഡൗട്ടബിള്‍ എന്ന ഫ്രഞ്ച് സിനിമയും ഹെയ്തിയില്‍ നിന്നുള്ള ചലച്ചിത്ര സംവിധായകന്‍ റൗള്‍ പെക്കിന്റെ യങ് കാള്‍മാര്‍ക്‌സുമായിരുന്നു എന്ന് നിസംശയം വിലയിരുത്താം. റൗള്‍ പെക്കിന്റെ യങ്ങ് കാള്‍ മാര്‍ക്‌സ് 25കാരനായ മാര്‍ക്‌സ് എന്ന ചെറുപ്പക്കാരനും ഭാര്യ ജെന്നിയും 1844ല്‍ ഒരു ധനിക വ്യവസായിയുടെ മകനായ ഫെഡറിക് ഏംഗല്‍സിനെ കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള അവരുടെ ജീവിതാന്ത്യം വരെയുള്ള ചങ്ങാത്തത്തിന്റെ തുടക്കവും യഥാര്‍ത്ഥമായി വിവരിക്കുന്ന ചിത്രമാണ്. ഒരു ആക്ടിവിസ്റ്റായ റൗള്‍ പെക്ക് ജെയിംസ് ബാള്‍ഡ് വിന്നിന്റെ ജീവിതം ആസ്പദമാക്കി രചിച്ച ഐ ആം നോട്ട് എ നീഗ്രോ എന്ന ഡോക്യുമെന്ററിയും പ്രശസ്തമാണ്.
സോവിയറ്റ് യൂണിയന്‍ ശിഥിലമാവുകയും അമേരിക്കന്‍ ഉപരോധം അതിന്റെ മൂര്‍ധന്യത്തിലെത്തുകയും ചെയ്ത 1994-ലെ ക്യൂബയിലെ ഒരു വൃദ്ധ ദമ്പതികളുടെ കഥ പറയുന്ന ജോണി ഹെന്‍ടിക്കിന്റെ സ്പാനിഷ് ചിത്രം ‘കാന്‍ഡലേറിയ’. മൂന്ന് പേര്‍ മാത്രമവശേഷിച്ച ഗ്രാമത്തിന്റെ കഥ പറയുന്ന റഷ്യന്‍ ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം. ഫിന്‍ലാന്റില്‍ നിന്നുള്ള ‘യുണനെസര്‍’ അസര്‍ബൈജാന്‍ സിനിമ പോമഗ്രനേറ്റ് ഓര്‍ച്ചഡ്. ജോര്‍ജിയന്‍ സിനിമ കിബുല ഇവയെല്ലാം മികച്ച നിലവാരമുള്ളവയായിരുന്നു. മലയാളത്തില്‍ നിന്നുള്ള മറ്റൊരു ചിത്രം കെ ജി ജോര്‍ജ് എന്ന സംവിധായകനെക്കുറിച്ചുള്ള ലിജിന്‍ ജോസ് സംവിധാനം ചെയ്ത 81/2 ഇന്റര്‍കട്‌സ് എന്ന ഡോക്യുമെന്ററിയെ പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണമാവില്ല. കെ ജി ജോര്‍ജ് എന്ന മധ്യവര്‍ഗ മലയാളിയുടെ ജീവിതത്തിന്റെ എല്ലാ നാട്യങ്ങളേയും പച്ചയായി അപഗ്രഥിച്ച (ഇരകള്‍, മറ്റൊരാള്‍, ആദാമിന്റെ വാരിയെല്ല്) ഒന്നിനോടൊന്ന് വ്യത്യസ്തമായ സിനിമകള്‍ ചെയ്ത (സ്വപ്‌നാടനം, യവനിക, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്) സംവിധായകന്റെ രചനകളും 1990കളില്‍ നിശബ്ദനായ ആ സംവിധായകന്റെ നീണ്ട മൗനത്തിന്റെ കാരണങ്ങളും അനേ്വഷിക്കുന്ന ഈ ഡോക്യുമെന്ററി മേളയിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. എങ്കിലും ഫെസ്റ്റിവല്‍ നടത്തിപ്പുകാര്‍ പ്രദര്‍ശനദിവസവും സമയവും നേരത്തെ അറിയിക്കാതിരുന്നതിനാല്‍ ഇത് അധികംപേര്‍ക്ക് കാണാനായില്ല. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഫെസ്റ്റിവല്‍ പാസ് നല്‍കാന്‍ പോലും രണ്ട് ദിവസം കഴിഞ്ഞാണ് അധികൃതര്‍ കനിഞ്ഞത്.
48-ാം അന്താരാഷ്ട്ര ചലച്ചിത്രമേള പടിയിറങ്ങിയപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്. സിനിമാ പ്രവര്‍ത്തകരും ഡെലിഗേറ്റുകളും ആദരിക്കപ്പെട്ടിരുന്ന, അവരെ മേളയുടെ പ്രധാന ആകര്‍ഷണമായി കണ്ടിരുന്ന കാലഘട്ടം കഴിഞ്ഞുപോയി. ചലച്ചിത്ര ബാഹ്യമായ ഏതൊക്കെയോ മെറ്റല്‍ ഡിറ്റക്ടറുകളിലൂടെ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞേ ചലച്ചിത്രങ്ങള്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും പ്രേക്ഷിതര്‍ക്കും മേളയില്‍ പ്രവേശനമുള്ളൂ. പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍ തീരുമാനിക്കുന്നത് ജ്യൂറി അറിയണമെന്നില്ല, എതിര്‍പ്പുള്ളവര്‍ക്ക് പുറത്തുപോവാം. ചെയര്‍മാനും രണ്ട് അംഗങ്ങളും രാജിവച്ച് പോയതിനുപകരം ഏതോ പാര്‍ശ്വവര്‍ത്തികളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത് അതിനാല്‍ തന്നെ അവാര്‍ഡുകളുടെയും നിറംകെട്ടു. ലോകമെമ്പാടും കാലദേശ ഭേദമില്ലാതെ സാംസ്‌കാരിക വൈവിധ്യങ്ങളോടുള്ള ഫാസിസ്റ്റുകളുടെ സമീപനം ഒന്നുതന്നെ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ടാണ് ഈ മേള അരങ്ങൊഴിയുന്നത്.