Friday
14 Dec 2018

ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം കൊല്ലത്ത്‌ ഇന്നുമുതല്‍

By: Web Desk | Friday 10 November 2017 12:42 PM IST

കൊല്ലം: കണ്ണുകളില്‍ കടിച്ചു കീറാന്‍ തക്ക ക്രോധം, കാരിരുമ്പിന്റെ കരുത്തുളള മേനി, ഉയര്‍ന്ന ബുദ്ധിശക്തി ഇവയെല്ലാം ഒത്താല്‍ റോട്ട്‌വീലറായി. ജര്‍മ്മനിയിലെ റോട്ട്‌വീല്‍ എന്ന സ്ഥലത്ത് ജനിച്ച് ലോകമാകെ പ്രശസ്തമായ റോട്ട്‌വീലര്‍ നായയുടെ ലോകചാമ്പ്യന്‍ റൊനാല്‍ഡോ ആശ്രാമത്തെത്തുന്നു. നായ്ക്കളിലെ ധൈര്യത്തിന് നേര്‍ പ്രതിരൂപമായി കാണികളുടെ മനംകവരാന്‍ ദേശീയ പക്ഷി-മൃഗ പ്രദര്‍ശനത്തിനായി എത്തിച്ചതാണ് റൊനാല്‍ഡോയെ.
റോട്ട്‌വീലര്‍ നായയെ കൂടാതെ വിപ്ലവനായകന്‍ ചെഗ്വേരയുടെ പ്രിയ നായയായ ഷിവാവ വരുന്നുണ്ട്. ലോകത്തെ ഏറ്റവും കുഞ്ഞന്‍ നായ കൂടിയായ ഷിവാവ, ഏറിയാല്‍ 15 സെ.മീ ഉയരം, ഉയര്‍ന്ന കുര, പോക്കറ്റ് നായ എന്നാണ് ഷിവാവയുടെ ഓമനപ്പേര്.
മൊബൈല്‍ കമ്പനിയുടെ പരസ്യ അമ്പാസിഡറായ പഗ്ഗ് ലോകത്തെ ഏറ്റവും കൂടുതല്‍ വനിതാ ആരാധകരുളള നായയാണ്. പഗ്ഗിലേയും ലോകചാമ്പ്യന്‍ തന്നെ ആശ്രാമത്തെത്തുന്നു. ജനപ്രിയ നായ് ജനുസ്സുകളായ ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, നീന്തല്‍ക്കാരായ ലാബ്രഡോര്‍, സിനിമാതാരമായ ഡാല്‍മേഷന്‍, ഉരഗങ്ങളുടെ ശത്രുവായ ഡാഷ്ഹണ്ട്, നായ്ക്കളിലെ ഭീമന്മാരായ ഗ്രേറ്റ് ഡെയിന്‍, സെന്റ് ബെര്‍ണാള്‍ഡ് എന്നിവരെ കൂടാതെ പുതുകാലത്ത് ഹരമായ ബീഗിളും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങളുടേതായി 350 ഓളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്. ഇതില്‍ 150 ഓളം സ്റ്റാളുകള്‍ പക്ഷികളും മൃഗങ്ങളും ചേക്കേറി.
അരുമമൃഗങ്ങള്‍ക്കും ഓമനമൃഗങ്ങള്‍ക്കുമായി അരകിലോമീറ്റര്‍ നീളുന്ന പ്രത്യേക പവലിയനുണ്ട്. സര്‍ക്കസ് തത്തകള്‍, ഫിഞ്ചുകള്‍. ജാവക്കുരുവികള്‍, കൊക്കറ്റീലുകള്‍, ലോറികള്‍ തുടങ്ങി വിഖ്യാതരായ പക്ഷികള്‍ക്കൊപ്പം നൂറോളം വരുന്ന നായ് ജനുസ്സുകളും പ്രദര്‍ശനത്തിനായി എത്തിക്കഴിഞ്ഞു.
വനംവകുപ്പ്, ഫിഷറീസ് വകുപ്പ്, ക്ഷീരവികസനവകുപ്പ്, കൃഷിവകുപ്പ് എന്നിവരുടേതായി ഫാമുകളിലെ മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു.
ഇന്ന് പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്. നാളെ മുതല്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് നിരക്ക്. വിദ്യാലയങ്ങളില്‍ നിന്ന് അധ്യാപകരോടൊപ്പം എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശനം സൗജന്യമാണ്.
മൂന്ന് ദിവസം നീളുന്ന മേള ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജു അധ്യക്ഷനാകും. മേയര്‍, നിയമസഭാസാമാജികര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യമുണ്ടാകും.
രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വേദി രണ്ടില്‍ ബംഗലുരു സിപിഡിഒ ഡയറക്ടര്‍ ഡോ. മഹേഷ് പി എസ് ‘കോഴിവളര്‍ത്തലിലെ നൂതന ആശയങ്ങള്‍’ പരിചയപ്പെടുത്തും. പകല്‍ രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഡോ. എച്ച് നാഗഭൂഷണ്‍ ‘കോഴിവളര്‍ത്തലിലെ സാധ്യകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംസാരിക്കും.
വേദി ഒന്നില്‍ വൈകിട്ട് ഏഴു മണി മുതല്‍ ബാബു സിംഫണിയുടെ സംഗീത പരിപാടി നടക്കും.

Related News