Monday
17 Dec 2018

ദേശീയവോളി കേരള ടീമംഗം രതീഷിന് ജോലി പരിഗണിക്കും; എ സി മൊയ്തീന്‍

By: Web Desk | Friday 2 March 2018 7:41 PM IST

കെ കെ ജയേഷ്

ദേശീയവോളിയില്‍ കിരീടം നേടിയ കേരള വോളിടീമംഗം രതീഷിന് ജോലി നല്കുന്ന കാര്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. ഇത്രയും കാലം അദ്ദേഹത്തിന് ജോലി ലഭിക്കാതെ പോയത് ദൗര്‍ഭാഗ്യകരമായെന്ന് അദ്ദേഹം പറഞ്ഞു. ജേതാക്കളായ ടീമിനെ മന്ത്രി അഭിനന്ദിച്ചു.

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് സമാപിച്ച ദേശീയ വോളിബോളിന്‍റെ ഫൈനലില്‍ കേരളം ശക്തരായ റെയില്‍വേസിനെ നേരിടുമ്പോള്‍ ഗ്യാലറിയില്‍ തിങ്ങി നിറഞ്ഞ കാണികള്‍ ഉയര്‍ത്തിപ്പിടിച്ച പ്ലേ കാര്‍ഡില്‍ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത് ‘വേണം രതീഷിന് ഒരു ജോലി..’

റെയില്‍വേസിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്ത് വീണ്ടും കേരളം കിരീടം സ്വന്തമാക്കിയപ്പോള്‍ കേരളത്തിന്‍റെ വിജയശില്‍പ്പികളില്‍ എടുത്തു പറയേണ്ടത് ‘ലിബറോ ‘ സി കെ രതീഷിന്‍റെ മികവ് തന്നെയായിരുന്നു. കേരളാ ടീമിലെ സഹകളിക്കാര്‍ക്കെല്ലാം ജോലിയുണ്ടെങ്കിലും കേരളത്തിന്‍റെ വിജയശില്‍പ്പികളില്‍ ഒരാളും നിരവധി തവണ കേരളത്തിന്‍റെയും രണ്ട് തവണ ഇന്ത്യന്‍ ക്യാമ്പിലും ഉണ്ടായിരുന്ന രതീഷിന് ജോലി ഇപ്പോഴും കിട്ടാക്കനിയാണ്. കളിക്കളത്തില്‍ വിജയം കൊയ്യുമ്പോഴും ഈ കളിക്കാരന്‍റെ ജീവിതം പക്ഷെ പരിതാപകരമാണ്.

കൗമാരവും യൗവ്വനവുമെല്ലാം സംസ്ഥാനത്തിനും രാജ്യത്തിനുമായി കളിച്ചുതീര്‍ത്ത രതീഷ് ദുരിതക്കയത്തിലേക്ക് പോവാതിരിക്കാന്‍ ഒരു സര്‍ക്കാര്‍ ജോലി നല്‍കി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്ന് വോളിബോള്‍ ആരാധകരും പറയുന്നു.
താരതമ്യേന ഉയരം കുറഞ്ഞ രതീഷ് ഗ്രൗണ്ടില്‍ ഓടിനടന്നു കളിക്കുന്നത് കാണാന്‍ തന്നെ രസമാണെന്ന് വോളി ആരാധകര്‍ പറയുന്നു. എതിരാളികള്‍ തൊടുത്തു വിടുന്ന പന്ത് വീഴാന്‍ സാധ്യതയുള്ള സ്ഥലം മുന്‍കൂട്ടി മനസ്സിലാക്കിയാണ് രതീഷിന്‍റെ പ്രകടനം. ഗ്രൗണ്ട് അറിഞ്ഞു കളിക്കുന്ന കളിക്കാരനാണ് രതീഷെന്നും ആരാധകര്‍ പറയുന്നു. കസ്റ്റംസില്‍ ഗസ്റ്റ് പ്ലെയറായ രതീഷിന് ഭാര്യയുടെ വരുമാനം മാത്രമാണ് ആശ്രയം. 2005 മുതല്‍ എട്ട് വര്‍ഷം സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് കളിച്ച രതീഷ് ലിബറോ പൊസിഷനിലാണ് കളിക്കുന്നത്. ഫെഡറേഷന്‍ കപ്പ് ടീമിലും കളിച്ചിട്ടുണ്ട്. ഇന്ന് പരിശീലകന്‍ നാസറിനൊപ്പം രതീഷ് മന്ത്രിയെ കണ്ടു.

ദേശീയവോളിയില്‍ കിരീടം നേടിയ കേരള വോളിടീമംഗം രതീഷിന് ജോലി നല്കുന്ന കാര്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിയുടെ വാക്കുകളാണ് ഈ കളിക്കാരന്‍റെ പ്രതീക്ഷ. കേരളത്തിന് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച രതീഷിന്‍റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

കോഴിക്കോട് മൂലാട് സ്വദേശിയാണ് സി കെ രതീഷ്. ഇന്ത്യന്‍ വോളിബോളില്‍ ശ്രദ്ധേയരായ നിരവധി താരങ്ങളെ വളര്‍ത്തിയെടുത്ത ഗ്രാമമാണ് കോട്ടൂര്‍ പഞ്ചായത്തിലെ മൂലാട്. ഈ നാടിന്റെ ഓരോ തുടിപ്പിലും വോളിബോള്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രദേശത്തെ ബ്രദേഴ്‌സ് മൂലാട് സ്‌പോര്‍ട്‌സ് ക്ലബ് വളര്‍ത്തിയെടുത്ത കളിക്കാരനാണ് രതീഷ്. വോളിബോള്‍ കളിക്കാരനായ സഹോദരന്‍റെ പ്രേരണയിലാണ് കളിക്കളത്തിലെത്തിയതെന്ന് രതീഷ് ജനയുഗത്തോട് പറഞ്ഞു. സംസാര ശേഷിയില്ലാത്ത ചേട്ടന്‍ മികച്ച വോളിബോള്‍ കളിക്കാരനാണ്. നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ചേട്ടന്‍റെ കളി കണ്ടാണ് വളര്‍ന്നത്. തുടര്‍ന്ന് ബ്രദേഴ്‌സ് മൂലാടിന്‍റെ ഗ്രൗണ്ടില്‍ പരിശീലനം തുടങ്ങി. മൂലാട് എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് സീനിയര്‍ ഇന്ത്യന്‍ ക്യാമ്പ് വരെയെത്തിയ രതീഷ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളത്തിന്‍റെ ലിബറോ ആയി കളിച്ചത്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോള്‍ തന്നെ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞിട്ടും ജോലിയ്ക്കായി കാത്തിരിക്കാന്‍ തന്നെയാണ് രതീഷ് എന്ന മുപ്പത്തൊന്‍പതുകാരന്‍റെ വിധി.

കേരള സീനിയര്‍ ടീമിലെ ജിതിനും മൂലാട്ടുകാരന്‍ തന്നെയാണ്. ബി പി സി എല്‍ കൊച്ചിയുടെ താരമാണ് ജിതിന്‍. ഒരേ ഗ്രാമത്തില്‍ നിന്നുള്ള രണ്ട് താരങ്ങളാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് വേണ്ടി ജഴ്‌സി അണിഞ്ഞത്. മികച്ച പ്രകടനത്തോടെ ഇരുവരും കാണികളുടെ മനം കവരുകയും ചെയ്തു. സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സൂചികുത്താന്‍ പോലും ഇടമില്ലാത്ത വിധം പതിനായിരത്തില്‍ പരം കാണികളുടെ കൈയ്യടികള്‍ക്കിടയിലാണ് കേരളം റെയില്‍വേ ക്ലാസിക് പോര് അരങ്ങേറിയത്. തുടക്കം മുതല്‍ ആര്‍ത്തലച്ച ജനക്കൂട്ടത്തെ രതീഷ് ഉള്‍പ്പെടെയുള്ള കേരള താരങ്ങള്‍ നിരാശരാക്കിയില്ല. വിജയ കിരീടം നാടിന് സമ്മാനിച്ച രതീഷെന്ന കേരളത്തിന്‍റെ സൂപ്പര്‍ താരം മൂലാട് ചീനിക്കണ്ടി വീട്ടില്‍ ഭാര്യയ്ക്കും അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ജോലി സ്വപ്നവുമായി കഴിയുകയാണ്.