Wednesday
23 Jan 2019

പ്രകൃതിക്ഷോഭം: ദുരിതബാധിതര്‍ക്ക് ആശ്വാസം പകര്‍ന്ന് മന്ത്രിമാരെത്തി

By: Web Desk | Thursday 14 June 2018 9:21 PM IST

റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ കൃഷിമന്ത്രി ഇരിട്ടി കിളിയന്തറയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോള്‍

ഇരിട്ടി: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കണ്ണൂര്‍ ജില്ലയിലെ മലയോരപ്രദേശങ്ങളില്‍ ആശ്വാസം പകര്‍ന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും കൃഷിമന്ത്രി വി എസ് സുനില്‍കുമാറുമെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ദുരിതത്തില്‍ കഴിയുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും പരിഹരിക്കാന്‍ അടിയന്തരനടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പും ഇരുമന്ത്രിമാരും സന്ദര്‍ശിച്ചു. 17 കുടുംബങ്ങളിലായി 82 പേരാണ് കിളിയന്തറ സെന്റ് തോമസ് ഹൈസ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്നത്.

ഉരുള്‍ പൊട്ടിയും കാലവര്‍ഷത്തിലും വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഗൗരവപരമായ ഇടപെടല്‍ നടത്തി അടിയന്തര നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കിളിയന്തറ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. 50 ലക്ഷം രൂപ എല്ലാ കളക്ടര്‍മാര്‍ക്കും അടിയന്തര ദുരിതാശ്വാസത്തിനു അനുവദിച്ചിരുന്നു. കേരളത്തിലെ മുഴവന്‍ കാലവര്‍ഷക്കെടുതിയും പരിഗണിച്ച് അടിയന്തര തിരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എംഎല്‍എ, പി കെ ശ്രീമതി എംപി, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍, ജില്ല കളക്ടര്‍ മീര്‍ മുഹമ്മദ് അലി, തഹസീല്‍ദാര്‍ കെ കെ ദിവാകരന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, ബിനോയ് കുര്യന്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

കൃഷി നശിച്ചവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കണ്ണുര്‍ ജില്ലയില്‍ അഞ്ചുകോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. ഇന്‍ഷുര്‍ ചെയ്ത കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം പത്തുദിവസത്തിനുള്ളില്‍ വിതരണം ചെയ്യും. വാഴ കുലച്ച ഒന്നിന് 300 രൂപയും കുലയ്ക്കാത്തതിന് 200 രൂപയും നല്‍കും. ബാക്കി നഷ്ടപരിഹാരം ജില്ല കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കും. ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ വസ്ത്രങ്ങളും പഠനോപകരണങ്ങളും നല്‍കാന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്തര്‍ സംസ്ഥാന പാതയായ മക്കൂട്ടം ചുരം റോഡില്‍ കൂടുതല്‍ റോഡും പാലവും തകര്‍ന്നതിനാല്‍ കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രിക്ക് ഇതിന്റെ ഫോട്ടോ ഉള്‍പ്പെടെ വച്ച് കത്ത് നല്‍കുമെന്ന് പി കെ ശ്രീമതി എം പി പറഞ്ഞു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി പി ഷൈജന്‍, കെ പി കുഞ്ഞികൃഷ്ണന്‍, പായം ബാബുരാജ്, കെ ശ്രീധരന്‍, എന്‍ വി രവീന്ദ്രന്‍, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്നും കൂട്ടുപുഴ പാലത്തിനപ്പുറം പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കുള്‍പ്പെടെ സര്‍ക്കാരിന്‍റെ സഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മരിച്ച ശരത്തിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും സിപിഐ ഇരിട്ടി മണ്ഡലം കമ്മറ്റി റവന്യൂവകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.