Sunday
18 Nov 2018

തൈറോയിഡിനുള്ള പ്രകൃതിദത്ത ഉല്‍പ്പന്നം ഉടന്‍ 

By: Web Desk | Wednesday 14 February 2018 8:03 PM IST

സിഎംഎഫ്ആര്‍ഐ സംഘടിപ്പിച്ച് വിന്റര്‍ സ്‌കൂളില്‍ കടലില്‍ നിന്നുള്ള ഔഷധനിര്‍മാണ ഗവേഷണവുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐയുടെ പരീക്ഷണ ശാലയില്‍ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്നു.

കൊച്ചി: കടല്‍പ്പായലില്‍ നിന്ന് നിര്‍മ്മിച്ച തൈറോയിഡിനുള്ള പ്രകൃതിദത്ത ഉല്‍പ്പന്നം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഉടന്‍ പുറത്തിറക്കുമെന്ന് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍. കടലില്‍ നിന്നുള്ള ഔഷധനിര്‍മാണ പഠനങ്ങള്‍ കാര്യക്ഷമമകാക്കുന്നതിന് സിഎംഎഫ്ആര്‍ഐ നടത്തിയ 21ദിവസം നീണ്ടു നിന്ന വിന്‍റര്‍ സ്‌കൂളിന്‍റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടല്‍പ്പായലില്‍ നിന്ന് യോജിച്ച ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിച്ചെടുത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നം ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ അന്തിമഘട്ടത്തിലാണ്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിതന് ശേഷം ഉല്‍പ്പന്നം പുറത്തിറക്കുമെന്ന് ഡോ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ കടല്‍പ്പായല്‍, കല്ലുമക്കായ എന്നിവയില്‍ നിന്ന് പ്രമേഹം, സന്ധിവേദന, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചിച്ചിരുന്നു.

കടല്‍ ജീവികളില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സിഎംഎഫ്ആര്‍ഐ പുറത്തിറക്കും. ഭക്ഷ്യപൂരകങ്ങളായി ഉപയോഗിക്കുന്ന ന്യൂട്രാസ്യൂട്ടിക്കലുകള്‍ക്ക് പുറമെ സൗന്ദര്യവര്‍ധക വസ്തുക്കളടക്കമുള്ള പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സിഎംഎഫ്ആര്‍ഐ വികസിപ്പിക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന് വ്യവസായ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്നും സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ പറഞ്ഞു.

കടല്‍ജീവികളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ബയോആക്ടീവ് സംയുക്തങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സിഎംഎഫ്ആര്‍ഐയുടെ ഈ സംരംഭത്തിന് ഏറെ പ്രസക്തിയുണ്ട്. സിഎംഎഫ്ആര്‍ഐ ഇതിനകം വികസിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്.

രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും 23 ഗവേഷകര്‍ക്കാണ് സിഎംഎഫ്ആര്‍ഐയുടെ വിന്റര്‍ സ്‌കൂളില്‍ പരിശീലനം നല്‍കിയത്. കടല്‍പ്പായലുകള്‍, കക്കവര്‍ഗ്ഗങ്ങള്‍, കടലിലെ സൂക്ഷ്മ ജീവികള്‍ തുടങ്ങിയവയിലടങ്ങിയിട്ടുള്ള മൂലകങ്ങള്‍ ശാസത്രീയ രീതിയില്‍ വേര്‍തിരിച്ചെടുത്ത് വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നും ആരോഗ്യ സംരക്ഷണത്തിനുള്ള ഭക്ഷ്യവസതുക്കളുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണരീതികളാണ് പരിശീലിപ്പിച്ചത്.

സമാപന സംഗമത്തില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) മുന്‍ ഡയറക്ടര്‍ ഡോ ടി കെ ശ്രീനിവാസ ഗോപാല്‍ മുഖ്യാതിഥിയായിരുന്നു. ആരോഗ്യരക്ഷാ രംഗത്ത് ഉയര്‍ന്ന ഫലപ്രാപ്തിയുള്ള പല ഔഷധങ്ങളുടെയും ഉറവിടമാണ് കടലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ തീരങ്ങളിള്‍ ഇവ പലതും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോടെക്‌നോളജി ഡിവിഷനാണ് മൂന്നാഴ്ച നീണ്ടുനിന്ന വിന്റര്‍ സ്‌കൂള്‍ സംഘടിപ്പിച്ചത്. ഡിവിഷന്‍ മേധാവി ഡോ പി വിജയഗോപാല്‍, കോഴ്‌സ് ഡയറക്ടര്‍ ഡോ കാജല്‍ ചക്രവര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു.