Friday
18 Aug 2017

അസംബ്ലി സീറ്റിൽ മത്സരിക്കാൻ ഷരീഫിന്റെ ഭാര്യ

By: Web Desk | Saturday 12 August 2017 2:36 PM IST

ലഹോർ: ദേശീയ അസംബ്ലി സീറ്റിൽ മത്സരിക്കാൻ ഷരീഫിന്റെ ഭാര്യ കുൽസൂം നവാസ്. സുപ്രീം കോടതി വിധിയെത്തുടർന്നു നവാസ് ഷരീഫ് ഒഴിഞ്ഞ സീറ്റിലേക്കാണ് കുൽസൂം മത്സരിക്കുക. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) ആണ് ഇവരെ തെരഞ്ഞെടുത്തത്. ഇളയ സഹോദരനും പ‍ഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷരീഫ് സ്ഥാനാർഥിയാകുമെന്നാണു നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും അദ്ദേഹം പിൻമാറിയതിനെത്തുടർന്നാണു ഷരീഫിന്റെ ഭാര്യയ്ക്ക് അവസരം ലഭിച്ചത്. 1999ൽ പർവേശ് മുഷറഫിന്റെ പട്ടാള അട്ടിമറിയെത്തുടർന്നു തടവിലായ നവാസ് ഷരീഫിനെ മോചിപ്പിക്കാനായുള്ള പ്രക്ഷോഭം നയിച്ചതു കുൽസൂം ആയിരുന്നു.

സെപ്റ്റംബർ 17നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കു കുൽസൂമിന്റെ നാമനിർദേശപത്രിക ഇന്നലെയാണ് സമർപ്പിച്ചത്. കഴിഞ്ഞ 28ന് ആണു നവാസ് ഷരീഫ് പ്രധാനമന്ത്രിസ്ഥാനവും എംപിസ്ഥാനവും രാജിവച്ചത്.
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കുൽസൂമിനു വേണ്ടി പ്രധാനമന്ത്രി ഷാഹിദ് അബ്ബാസ് സ്ഥാനമൊഴിയുമെന്നാണു പാർട്ടി വക്താവ് ഇന്നലെ പറഞ്ഞത്.

Related News