Tuesday
21 Aug 2018

നായനാര്‍ അക്കാഡമി ശനിയാഴ്ച സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

By: Web Desk | Thursday 17 May 2018 4:46 PM IST

കണ്ണൂര്‍ : മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ സ്മരണയ്ക്കായി കണ്ണൂര്‍ ബര്‍ണശേരിയില്‍ സ്ഥാപിച്ച നായനാര്‍ അക്കാഡമി നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ അക്കാഡമി ഉദ്ഘാടനവും നായനാരുടെ പ്രതിമ അനാവരണവും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അക്കാദമി മ്യൂസിയം കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വഹിക്കുമെന്ന് മാനേജിങ് ട്രസ്റ്റികൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നായനാര്‍ അനുസ്മരണദിനമായ 19ന് തന്നെ ഉദ്ഘാടനം വേണമെന്ന ആഗ്രഹപ്രകാരമാണ് ഈ നിലയില്‍ ക്രമീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന മ്യൂസിയമായിരിക്കും അക്കാഡമിയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. റഫറന്‍സ് ലൈബ്രറി, വിവിധ സമ്മേളനങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന ഹാള്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സ്മാരക സമുച്ചയമാണ് നായനാര്‍ അക്കാദമി എന്നതുകൊണ്ട് വിഭാവനം ചെയ്യുന്നത്. ഇതില്‍ ആധുനിക രീതിയിലുള്ള മ്യൂസിയം ഒഴികെ മറ്റെല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കിട്ടുണ്ട്. അക്കാദമിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ചുമതലക്കാരെ അക്കാഡമി നിശ്ചയിക്കുന്നതായിരിക്കും. പഠനക്ലാസുകള്‍, സെമിനാറുകള്‍, വിവിധ കോഴ്‌സുകള്‍ എന്നിവ സംഘടിപ്പിക്കും. ദേശീയ സാര്‍വദേശീയതലത്തില്‍ അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാരെ വരുത്തി പങ്കെടുപ്പിച്ചുള്ള പരിപാടികളും അക്കാദമിയുടെ ഭാഗമായി സംഘടിപ്പിക്കും.
45000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നുനിലകളിലാണ് അക്കാഡമി സജ്ജമാക്കുന്നത്. ഒന്നാംനിലയുടെ പ്രവൃത്തി പൂര്‍ണമായി നടന്നുകഴിഞ്ഞു. രണ്ടും മൂന്നും നിലകളില്‍ ചില പ്രവൃത്തികള്‍ ബാക്കിയുണ്ട്. ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ 1200 പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ കാണാന്‍ സാധിക്കും. അടുക്കള, ഡൈനിങ്ഹാള്‍ സൗകര്യങ്ങളുമുണ്ട്. വലിയ രീതിയിലുള്ള പരിപാടികള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Pic Courtesy: CR Praveen