Wednesday
21 Nov 2018

ചാരവൃത്തിക്കേസ്: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിം കോടതി

By: Web Desk | Wednesday 9 May 2018 12:34 PM IST

ന്യൂഡല്‍ഹി:

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരവൃത്തിക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിം കോടതി പരാമര്‍ശം. വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം പോരേയെന്നു സുപ്രിം കോടതി ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ ആവശ്യമില്ല. നഷ്ടപരിഹാരം ആദ്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍നിന്നു തുക പിന്നീട് ഈടാക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. വീടുവിറ്റായാലും ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് സുപ്രിം കോടതി പരാമര്‍ശം നടത്തിയത്. ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ ഇന്നും തുടരും.
ഐഎസ്ആര്‍ഒ ചാരവൃത്തിക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണത്തിന് തയ്യാറാണെന്നും സിബിഐ സുപ്രിം കോടതിയില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ സുപ്രിംകോടതിയെ ഇന്നലെ രാവിലെ വാദത്തിനിടയിലും അറിയിച്ചിരുന്നു.
ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട. എസ്പിമാരായ കെ കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം തുടരുന്നത്. എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് മാറ്റിവച്ചത്.
ചാരക്കേസ് അന്വേഷിച്ച പ്രത്യേക പൊലീസ് സംഘം, തന്നെ അറസ്റ്റ് ചെയ്തത് ഐഎസ്ആര്‍ഒയുടെ മനോവീര്യം കെടുത്താനാണെന്നു നമ്പി നാരായണന്‍ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. കേസിലെ ചാരവൃത്തി ആരോപണങ്ങള്‍ക്കു തെളിവില്ലെന്നും വ്യാജമാണെന്നും സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതിന്റെ അര്‍ഥം കേസ് കെട്ടിച്ചമച്ചതാണെന്നും വിശദീകരിച്ചിരുന്നു.
അമേരിക്കയിലെ പ്രിന്‍സെറ്റണ്‍ സര്‍വകലാശാലയില്‍നിന്ന് ‘നാസ’യുടെ ഫെലോഷിപ്പോടെ കെമിക്കല്‍ റോക്കറ്റ് പ്രൊപ്പല്‍ഷനില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയ ശാസത്രജ്ഞനായിരുന്നു നമ്പി നാരായണന്‍.1990കളില്‍ ഇന്ത്യയുടെ ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രോജ്ക്ടിന്റെ ആദ്യത്തെ ഡയറക്ടറായിരുന്നു. പിഎസ്എല്‍വി, ജിഎസ്എല്‍വി പ്രോജക്ടുകളുടെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 35 വര്‍ഷത്തെ സേവനത്തിനു ശേഷം 2001ല്‍ വിരമിച്ചു.

Related News