Monday
20 Aug 2018

നീരവ് മോഡി ഉലകം ചുറ്റുന്നു

By: Web Desk | Thursday 14 June 2018 10:05 PM IST

*ഇന്ത്യയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല

ലണ്ടന്‍: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയെങ്കിലും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച കേസില്‍ രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ രാഷ്ട്രീയ അഭയം തേടിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നീരവ് മോഡി ബ്രിട്ടണ്‍, അമേരിക്ക, ഹോങ്കോംഗ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതെന്നാണ് വിവരം. തന്റെ പേരിലുള്ള സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാളുടെ യാത്രകളെന്നാണ് കരുതുന്നത്.

രാഷ്ട്രീയ അഭയം തേടിയേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നീരവ് മോഡിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. നീരവ് മോഡിക്കെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മാത്രം പരിഗണിക്കുന്ന കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം വെട്ടിച്ചാണ് കഴിഞ്ഞ ദിവസം ഇയാള്‍ ബ്രസല്‍സിലേക്ക് പറന്നത്. കഴിഞ്ഞ മാര്‍ച്ച് 31ന് ശേഷം ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നില്ലെന്ന് ഇന്റര്‍പോള്‍ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ നീരവ് മോഡി തന്റെ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നതെന്നാണ് കരുതേണ്ടത്. ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥ നടത്താനല്ലാതെ ഇന്ത്യയ്ക്ക് ഒന്നിനും കഴിയില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നീരവ് മോഡി വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നുണ്ടോയെന്നും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. പണം കൊടുത്താല്‍ എന്തും വാങ്ങിക്കാന്‍ കഴിയുമെന്നും സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിനേക്കാള്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിര്‍മിക്കുന്നത് എളുപ്പമാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. നീരവ് മോഡി ഏത് പാസ്‌പോര്‍ട്ടാണ് ഉപയോഗിച്ചതെന്ന് ബ്രിട്ടീഷ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.