Monday
28 May 2018

നീറ്റ് പരീക്ഷ ഇന്ന്

By: Web Desk | Saturday 5 May 2018 10:49 PM IST

തിരുവനന്തപുരം: മെഡിക്കല്‍ ദന്തല്‍ കോഴ്‌സ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്(നീറ്റ് )പരീക്ഷ ഇന്ന് നടക്കും. ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പത്ത് ജില്ലകളിലായി കേരളത്തില്‍ പരീക്ഷ എഴുതുന്നത്. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരീക്ഷ. ഏഴരമുതല്‍ ഹാളില്‍ പ്രവേശിക്കാം. അഡ്മിഷന്‍ കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കയ്യില്‍ കരുതണം. വസ്ത്രധാരണത്തിനും നിബന്ധനയുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങളേ പാടുള്ളൂ. ശിരോവസ്ത്രം ധരിച്ചെത്തുന്നവര്‍ ഒരു മണിക്കൂര്‍ മുമ്പ് പരിശോധനയ്‌ക്കെത്തണം. മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, വാച്ച് , ഷൂസ് , വസ്ത്രങ്ങളിലെ വലിയ ബട്ടണ്‍ എന്നിവ അനുവദിക്കില്ല. പരീക്ഷാ സെന്ററുകളിലെ കര്‍ശനപരിശോധനകള്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൂടുതല്‍ സെന്ററുകളില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ കേരളത്തില്‍ പരീക്ഷയെഴുതുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുമാത്രം അയ്യായിരത്തിലധികം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതാന്‍ കേരളത്തിലെത്തുന്നത്. ആയിരം രൂപയുടെ ധനസഹായത്തിന് പുറമെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വ്വീസും തമിഴ്‌നാട് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടെ പരീക്ഷ സെന്ററുകള്‍.
നീറ്റ് പരീക്ഷ എഴുതാനെത്തുന്ന ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍ ഇന്നലെ വൈകുന്നേരത്തോടെ തന്നെ കേരളത്തിലെത്തി. നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് സംസ്ഥാനത്തെ പ്രധാന റയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതര ജില്ലകളില്‍ പോയി പരീക്ഷ എഴുതേണ്ടവര്‍ക്കും അയല്‍ സംസ്ഥാനത്തുനിന്ന് കേരളത്തിലെത്തുന്നവര്‍ക്കും സുഗമമായ യാത്രാസൗകര്യവും ആവശ്യമുളളവര്‍ക്ക് താമസസൗകര്യവും മറ്റ് സഹായവും ലഭ്യമാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.