Wednesday
23 Jan 2019

മാറ്റത്തിന്‍റെ വര്‍ഷം

By: Web Desk | Saturday 5 January 2019 10:34 PM IST

new-age editorial janayugom

പുതുവര്‍ഷത്തെപ്പോലെ കഴിഞ്ഞ പുതുവത്സരപിറവികളെ രാജ്യത്തെ സാധാരണക്കാര്‍ കാത്തിരുന്നിട്ടുണ്ടാകില്ല. മാറ്റത്തിന്റെ പുതുവര്‍ഷമായാണ് ഈ വര്‍ഷത്തെ രാജ്യത്തെ ജനങ്ങള്‍ നോക്കികാണുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പിലെ മാറ്റമാണ് ജനങ്ങള്‍ ഈ പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇത് ബൂര്‍ഷ്വാ ജനാധിപത്യത്തിലെ കേവലം അധികാര കൈമാറ്റമോ ബുര്‍ഷ്വാ സംവിധാനത്തില്‍ തന്നെയുള്ള ഒന്നിന് പകരം മറ്റൊന്ന് എത്തിയെന്നതോ മാത്രമല്ല.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനങ്ങളില്‍ പോലും വലതുപക്ഷ വ്യതിയാനത്തിന് തുടക്കമിട്ടു. കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ അന്താരാഷ്ട്ര സാമ്പത്തിക കുത്തകകളുടേയും പ്രതിനിധിയായി നരേന്ദ്ര മോഡി സര്‍ക്കാര്‍ മാറി. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഇവരുടെ സാമ്പത്തിക താല്‍പര്യങ്ങളാണ് മോഡി സര്‍ക്കാര്‍ സംരക്ഷിച്ചത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി സാമ്പത്തിക മേഖലയുടെ മേന്മയേറിയ എല്ലാ വശങ്ങളും വികലമാക്കി. തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന് മാത്രമല്ല നിലവിലുള്ള തൊഴിലവസരങ്ങള്‍ പോലും കുറയുന്ന അവസ്ഥയിലെത്തി. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഗതാഗതം, പൊതുവിതരണസംവിധാനം തുടങ്ങിയ പൊതുസേവനങ്ങളെ സ്വകാര്യവല്‍ക്കരിച്ചു. ഇതൊക്കെ ഇന്ന് സാധാരണക്കാരന് അപ്രാപ്യമായി.

ഭരണത്തിന്റെ എല്ലാ മേഖലകളിലും വലതുപക്ഷ വ്യതിയാനം ദൃശ്യമായി. ഭരണത്തിന്റെ വിവിധ തലങ്ങളില്‍ സംഘപരിവാറുകാരെ തിരുകികയറ്റി. ജാതിമത വര്‍ഗീയധ്രുവീകരണ പ്രവര്‍ത്തനങ്ങളുടെ ആക്കം കൂട്ടാന്‍ എല്ലാ നികൃഷ്ടമായ മാര്‍ഗങ്ങളും അവലംബിച്ചു. ഇതിന്റെ ഫലമായി സമൂഹം അപചയത്തിന്റേയും അരാജകത്വത്തിന്റേയും വക്കിലെത്തി. വൈകിയാണെങ്കിലും വലതുപക്ഷശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. മോഡി സര്‍ക്കാര്‍ പിന്തുടരുന്ന കോര്‍പ്പറേറ്റ് പ്രീണന, വര്‍ഗീയ നിലപാടുകള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ അസ്ഥിവാരത്തിനുപോലും ഭീഷണിയാണ്. അതാണ് പുതുവര്‍ഷത്തിന്റെ വരവ് മാറ്റത്തിന്റെ വര്‍ഷമെന്നതിന്റെ അന്തസ്സത്ത.
ജനങ്ങള്‍ ആഗ്രഹിക്കുന്ന ഈ മാറ്റം ഒഴിവാക്കുന്നതിനും വികലമായ ഭരണം തുടരുന്നതിനും ഇപ്പോഴത്തെ സര്‍ക്കാര്‍ പരമാവധി ശ്രമിക്കും. ഇപ്പോഴുള്ള പ്രധാനമന്ത്രിക്ക് പകരക്കാരനില്ലെന്ന ബോധ്യം വരുത്താനുള്ള ശ്രമങ്ങള്‍ നടത്തി. ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം മാത്രമല്ല, നേരത്തെ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും രാജ്യത്തെ ജനങ്ങളുടെ മനോനില കൂടുതല്‍ വ്യക്തമാക്കി. അധികാരത്തില്‍ മാറ്റം വരുമ്പോള്‍ അത് വ്യക്തികളുടെ സവിശേഷതകളുടെ അടിസ്ഥാനത്തിലല്ല മറിച്ച് അവര്‍ പിന്തുടര്‍ന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാണ്. പിന്തുടര്‍ന്ന നയങ്ങളുടെ ബദലുകളുടെ അടിസ്ഥാനത്തിലുമാണ്.

അഴിമതിക്കെതിരെ ശക്തമായ പോരാട്ടമെന്ന മോഡി സര്‍ക്കാരിന്റെ വാക്കുകള്‍ പൊള്ളയാണെന്ന് തെളിഞ്ഞു. തനിക്കെതിരെയല്ല അഴിമതി ആരോപണങ്ങള്‍ ഉയരുന്നത് മറിച്ച് ഭരിക്കുന്ന പാര്‍ട്ടിക്കെതിരേയും സഹപ്രവര്‍ത്തകര്‍ക്കെതിരെയുമാണെന്ന് നരേന്ദ്രമോഡി തന്നെ ഇതിനകം വ്യക്തമാക്കി. നരേന്ദ്ര മോഡിയെക്കാള്‍ വലിയ കോര്‍പ്പറേറ്റ് പ്രമോട്ടറെ രാജ്യം കണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് റഫാല്‍ ഇടപാട്. രാജ്യത്ത് ഇപ്പോഴുള്ള സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഊന്നിയുള്ള നിലപാടുകള്‍ പലപ്പോഴും ദേശീയ, പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികള്‍ ഒഴിവാക്കാറുണ്ട്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി പിന്തുടര്‍ന്നവരാണ് ഇവര്‍. ഈ പാര്‍ട്ടികള്‍ക്ക് അധികാരം ഇല്ലാത്ത വേളകളില്‍ ഇടതുപാര്‍ട്ടികളൊപ്പം ചേര്‍ന്ന് തെരുവിലിറങ്ങി നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടര ദശാബ്ദത്തിനിടെ നാം കണ്ടത്. അധികാരത്തില്‍ എത്തുമ്പോള്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കി ഇവര്‍ ജനങ്ങളെ വഞ്ചിക്കുന്നു. ഇതേ സമീപനം തന്നെയാണ് ജാതി, മത വര്‍ഗീയ വിഷയങ്ങളിലും ഇവര്‍ സ്വീകരിക്കുന്നത്. ഇതില്‍ ചിലര്‍ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു. ഇപ്പോഴുള്ള വര്‍ഗീയ, ജാതി, വലതുപക്ഷ, കോര്‍പ്പറേറ്റ് പ്രീണന സര്‍ക്കാരിനെതിരെയുള്ള ബദല്‍ രൂപീകരിക്കുമ്പോള്‍ ഇക്കാര്യം ഓര്‍ക്കണം.

2019ല്‍ ജനങ്ങള്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നത് വ്യക്തമായ കാര്യമാണ്. വ്യക്തികളുടെ മാറ്റം മാത്രമല്ല മറിച്ച് ഇവര്‍ കഴിഞ്ഞ നാലര വര്‍ഷം പിന്തുടര്‍ന്ന നയങ്ങളെ ഇല്ലായ്മ ചെയ്യുന്ന മാറ്റങ്ങളാണ് അനിവാര്യം. 2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ പിന്തുടര്‍ന്ന നയങ്ങള്‍ പൂര്‍ണമായും ഇല്ലായ്മ ചെയ്യണം. ഇത് കേവലം വാചകക്കസര്‍ത്തുകൊണ്ട് നേടാനാകില്ല. നയങ്ങളുടെ അടിസ്ഥാനമാക്കിയുള്ള ബദല്‍ സഖ്യത്തിനും ലക്ഷ്യം നേടാന്‍ കഴിയില്ല. ചില തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം ഇടത് പാര്‍ട്ടികളും ഉള്‍ക്കൊള്ളണം. ജനാധിപത്യ- സാമൂഹ്യ വിപ്ലവത്തിലേക്കുള്ള ഒരു ഗതിസൂചകമായി ഇതിനെ കാണണം.

അതുകൊണ്ടുതന്നെ 2019 ഒരു മാറ്റത്തിന്റെ വര്‍ഷം ആകണമെങ്കില്‍ ജനങ്ങളുടെ ബോധമണ്ഡലം ഉണരണം. ഇത് കേവലം ഒരു ബോധം സൃഷ്ടിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല മറിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി ഇപ്പോഴുള്ള വലതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെ പ്രതികരിക്കണം. ജനങ്ങള്‍ അഭിലഷിക്കുന്ന ബദല്‍ നയങ്ങള്‍ അടിസ്ഥാനമാക്കി ഒരു ബദല്‍ സംവിധാനം സൃഷ്ടിക്കണം. ഇടത് പാര്‍ട്ടികള്‍ക്ക് മുന്നിലുള്ള ദൗത്യം ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളി നേരിടാന്‍ കഴിയണം.