Wednesday
22 Aug 2018

ഉന്നത പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റി,റിസോര്‍ട്ടിന്റെ സുരക്ഷ പിന്‍വലിച്ച്‌ പോലീസുകാരെ തിരികെ വിളിപ്പിച്ചു

By: Web Desk | Thursday 17 May 2018 6:54 PM IST

ബെംഗളുരു:ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റി പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ബിഎസ് യെദ്യൂരപ്പ ബിജെപിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുകയാണ്. അധികാരമേറ്റെടുത്ത ഉടന്‍ ശക്തമായ നടപടികൾ ആരംഭിച്ചു.

കോണ്‍ഗ്രസ് -ജെഡിഎസ് എംഎല്‍എ മാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടിന്റെ സുരക്ഷ പിന്‍വലിച്ച്‌ പോലീസുകാരെ തിരികെ വിളിപ്പിച്ചു. അതിനു പിന്നാലെ കര്‍ണാടകയില്‍ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലം മാറ്റം നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. ബെംഗളൂരു അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അമര്‍ കുമാര്‍ പാണ്ഡെയെ ബെംഗളുരു ഇന്റലിജന്‍സിലേക്കാണ് മാറ്റിയിരിക്കുന്നത്. കെഎസ്‌ആര്‍പി ഡിഐജി സന്ദീപ് പാട്ടീലിനും ഇന്റലിജന്‍സിലേക്കാണ് മാറ്റം. ബിദാര്‍ ജില്ല എസ്പി ഡി. ദേവരാജയെ ബെംഗളുരു സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപിയായും മാറ്റിയിരിക്കുകയാണ്.

റിസോര്‍ട്ടിലെ സുരക്ഷ പിന്‍വലിച്ചതോടെ കര്‍ണാടകയ്ക്കു പുറത്തുള്ള സംസ്ഥാനങ്ങളിലേക്ക് എംഎല്‍എമാരെ കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകും. ആകെ എംഎല്‍എമാരില്‍ രണ്ടു പേരെ നിലവില്‍ കാണാതായിരിക്കുകയാണ്. ഒരാള്‍ അസുഖത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ക്യാമ്പിൽ  നിന്ന് മടങ്ങിയിരുന്നു.