Friday
14 Dec 2018

ആരോഗ്യരംഗത്തിന് പുതിയ ദിശാമുഖം

By: Web Desk | Tuesday 20 February 2018 10:44 PM IST

തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായ കേരളത്തിലെ ആരോഗ്യ രംഗത്തിന് പുതിയ ദിശാമുഖം നല്‍കുന്ന തരത്തില്‍ സമഗ്ര ഇടപെടല്‍ വിഭാവനം ചെയ്തുള്ള ആരോഗ്യ നയം പ്രഖ്യാപിച്ചു.
ദീര്‍ഘകാല ലക്ഷ്യങ്ങളും ഹ്രസ്വകാല ലക്ഷ്യങ്ങളും മുന്നോട്ടുവെച്ച് കേരളത്തിന്റെ ആരോഗ്യമേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണ് ആരോഗ്യ നയത്തിലൂടെ പ്രഖ്യാപിച്ചത്. ഡോ.ബി ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് ആരോഗ്യ നയം ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകരിച്ചു. ഇന്നു മുതല്‍ ആരോഗ്യ നയത്തില്‍ പൊതു ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ നയം അംഗീകരിച്ച് വിജ്ഞാപനം ഇറക്കും.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതായി സാക്ഷ്യപ്പെടുത്തിയാല്‍ മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന നിയമം കൊണ്ടുവരണമെന്ന് ആരോഗ്യ നയരേഖ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ആരോഗ്യ മേഖല നേരിടുന്ന ചില വെല്ലുവിളികള്‍ തരണം ചെയ്യാനും മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റത്തക്ക രീതിയില്‍ സമഗ്ര ഇടപെടല്‍ നടത്തുകയും അതോടൊപ്പം രോഗാതുരതയും മരണനിരക്കും കുറയ്ക്കുകയുമാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിച്ച് മോഡേണ്‍ മെഡിസിന്‍, ആയുഷ് എന്നീ രണ്ടു വകുപ്പുകളാക്കി മാറ്റും. അലോപ്പതിക്കൊപ്പം ആയുര്‍വേദ, ഹോമിയോ, യുനാനി ചികിത്സയും മരുന്നുകളും ഗ്രാമങ്ങളില്‍വരെ ഉറപ്പാക്കും.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതിനായി അവയെ സ്വയംഭരണ സ്ഥാപനങ്ങളായി മാറ്റും. ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്‌സ്മാനെയും നിയമനങ്ങള്‍ നടത്താന്‍ പിഎസ്‌സി മാതൃകയില്‍ മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡും സ്ഥാപിക്കും.
മെഡിക്കല്‍ കോളജുകള്‍ക്കെന്നപോലെ നഴ്‌സിങ് കോളജുകള്‍ക്കും പ്രവര്‍ത്തന സ്വയംഭരണം അനുവദിക്കും. എല്ലാ സര്‍ക്കാര്‍ നഴ്‌സിങ് കോളജുകളിലും ഡിഗ്രി, പിജി തലങ്ങളില്‍ സൈക്യാട്രി ഉള്‍പ്പെടെയുള്ള സ്‌പെഷ്യലൈസേഷനുകളില്‍ വകുപ്പുവിഭജനം അനുവദിക്കും. നഴ്‌സിങില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തുടങ്ങും.
മുഴുവന്‍ പൗരന്മാരുടെയും ആരോഗ്യവിവരങ്ങള്‍ താഴെത്തട്ട് മുതല്‍ ശേഖരിക്കും. ജനനം മുതല്‍ ഓരോ ഘട്ടത്തിലെയും ആരോഗ്യസ്ഥിതി വിവരങ്ങളാണ് സൂക്ഷിക്കുക. വിവിധ ആരോഗ്യപദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഇത് അടിസ്ഥാനവിവരമായി പരിഗണിക്കും.
ജീവിതശൈലീരോഗങ്ങള്‍, കാലാവസ്ഥാവ്യതിയാന രോഗങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകവിഭാഗം ആരംഭിക്കും. ആരോഗ്യകേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കും. രോഗപ്രതിരോധത്തിനും ആരോഗ്യ വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കും. ഡോക്ടര്‍മാരുടെ നിലവിലുള്ള െ്രെപവറ്റ് പ്രാക്ടീസ് നിരോധനം കര്‍ശനമായി നടപ്പാക്കും.
നയം നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ മതിയായ യോഗ്യതയുള്ള നഴ്‌സുമാരെയും ടെക്‌നിഷ്യന്മാരെയും ഫാര്‍മസിസ്റ്റുകളെയും മാത്രമേ നിയമിക്കാനാവു. എല്ലാവര്‍ക്കും മിനിമം വേതനം കര്‍ശനമായി നടപ്പാക്കുകയും അത് സുതാര്യമാക്കുകയും ചെയ്യുമെന്നും നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.