Thursday
24 Jan 2019

സ്വപ്‌ന ജെയിംസ് എന്ന കര്‍ഷക

By: Web Desk | Friday 6 April 2018 9:17 PM IST

മനു വി കുറുപ്പ്

തൂതപ്പുഴയുടെ തീരത്തെ പത്തൊമ്പത് ഏക്കറില്‍ വിളയുന്ന സ്വപ്‌നങ്ങളുടെ അവകാശം ഒരു സ്ത്രീയ്ക്കാണ്. സ്ഥിരോത്സാഹം കൈമുതലാക്കി, മണ്ണിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ്, മണ്ണില്‍ തന്റെ സ്വപ്‌നങ്ങള്‍ വിളയിച്ചെടുത്ത സ്വപ്‌ന ജെയിംസ് എന്ന കുടുംബിനിയുടേത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ നേടിയ ബിരുദാനന്തര ബിരുദം കൈവശമുണ്ടെങ്കിലും മണ്ണിന്റെ മനസ്സറിഞ്ഞ ജോലിയിലേക്കിറങ്ങി അംഗീകാരങ്ങളുടെ നെറുകയിലെത്തി നില്‍ക്കുകയാണ് ഈ നാല്‍പ്പതുകാരി. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി മണ്ണില്‍ തന്റേതായ ഇടം കണ്ടെത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള കര്‍ഷക തിലകം അവാര്‍ഡാണ് സ്വപ്‌നയെ തേടിയെത്തിയത്.

പാലക്കാട് ശ്രീകൃഷ്ണപുരം കുളയ്ക്കാട്ടുകുറിശ്ശി പുളിക്കത്താഴ വീട്ടില്‍ ജയിംസിന്റെ സഹധര്‍മ്മിണി സ്വപ്‌ന ജയിംസ് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വീട്ടാവശ്യത്തിനായി പച്ചക്കറി കൃഷി ചെയ്തു കൊണ്ടാണ് കാര്‍ഷിക രംഗത്തേക്ക് കടന്നു വരുന്നത്.വീടിനോടു ചേര്‍ന്നുള്ള പന്ത്രണ്ട് എക്കര്‍ സ്ഥലത്തും, കുറച്ച് അകലെയായുള്ള ഏഴ് ഏക്കറോളം സ്ഥലത്തും ഇന്ന് വ്യത്യസ്തങ്ങളായ കാര്‍ഷിക വിളകള്‍ സ്വപ്‌നയുടെ കഠിനാധ്വാനത്തില്‍ വിളയിച്ചെടുക്കുന്നു. തെങ്ങ്, ജാതി, കമുക്, വാഴ, ഉള്‍പ്പെടെ നിരവധി കാര്‍ഷിക വിളകള്‍ കൃഷി ചെയ്യുന്നതില്‍പ്പെടുന്നു. ഇതിനു പുറമെ എഴുപത് സെന്റ് സ്ഥലത്ത് ജൈവ നെല്‍കൃഷിയും നടത്തുന്നുണ്ട്.

ഭൂമിയെ പല തട്ടുകളായി തിരിച്ചാണ് വിവിധ കാര്‍ഷിക വിളകള്‍ നട്ടിട്ടുള്ളത്.സ്പിംഗ്‌ളര്‍ സംവിധാനം ഉപയോഗിച്ചാണ് വിളകള്‍ക്ക് ജലസേചന സൗകര്യം ഒരുക്കിയിട്ടുള്ളത്. ജലസംരക്ഷണം ഉറപ്പു വരുത്തുന്നതിനായി തൊണ്ട് ഉള്‍പ്പെടെയുള്ള കാര്‍ഷിക അവശിഷ്ടങ്ങള്‍ തടങ്ങളില്‍ വെച്ചിരിക്കുന്നു.

വ്യത്യസ്തങ്ങളായ മുപ്പതിലധികം ഇനം മാവുകളാണ് ഈ കൃഷിത്തോട്ടത്തെ വ്യത്യസ്തമാക്കുന്നത്.ഇരുപതിലധികം ഇനം പ്ലാവുകളും, റമ്പൂട്ടാന്‍, മില്‍ക്ക് ഫ്രൂട്ട്, മംഗോസ്റ്റിന്‍, വെണ്ണപ്പഴം, മുട്ടപ്പഴം, പീനട്ട് ബട്ടര്‍ഫ്രൂട്ട്, മിറാക്കിള്‍ ഫ്രൂട്ട്, വെര്‍മീസ് മുന്തിരി ,ഇലന്തപ്പഴം, റൊളിനിയ, ഐസ്‌ക്രീം ബീന്‍സ് ഫ്രൂട്ട്, ലെമണ്‍ വൈന്‍, കെപ്പല്‍, വ്യത്യസ്തങ്ങളായ പതിനഞ്ചോളം ഇനം പേരമരങ്ങള്‍, വിവിധ നിറങ്ങളിലുള്ള പന്ത്രണ്ടിലധികം ചാമ്പ മരങ്ങള്‍, ഗണപതി നാരകം ഉള്‍പ്പെടെ ഏഴിലധികം വ്യത്യസ്തനാരകങ്ങള്‍, മരാങ്, മുട്ടിപ്പഴം, സബര്‍ ജെല്ലി, സെറാബ, ചതുരപ്പുളി, മുള്ളാത്ത, ഡ്രാഗണ്‍ ഫ്രൂട്ട്, ചെമ്പടക്ക്, പാഷന്‍ ഫ്രൂട്ട് ഇനങ്ങളില്‍പ്പെട്ട പുളി വര്‍ഗങ്ങളും ഈ കൃഷിയിടത്തിന്റെ പ്രത്യേകതയാണ്.

രണ്ടു കിലോഗ്രാം മുതല്‍ എണ്‍പത് കിലോഗ്രാം വരെ ഒരു മൂട്ടില്‍ നിന്നും ലഭിക്കുന്ന വ്യത്യസ്തങ്ങളായ ഇരുപത്തിയഞ്ചിലധികം മരച്ചീനികള്‍ വിളയിച്ചെടുക്കുന്നു. ഇതില്‍ ഷുഗര്‍ ഫ്രീ കപ്പക്കിഴങ്ങിന് മാര്‍ക്കറ്റില്‍ വലിയ ഡിമാന്റാണ് ലഭിക്കുന്നത്. പത്തിലധികം ഇനം ചേമ്പുകളും, മുപ്പതിലധികം ഇനം വ്യത്യസ്തങ്ങളായ വാഴകളുമുണ്ട്. കാവേരി, ചെങ്കദളി, പൂജാകദളി,തുണ്ടില്ലാനേന്ത്രന്‍, പൊക്കിലു തുടങ്ങിയ വ്യത്യസ്തങ്ങളായ ഇനം വാഴകളാണുള്ളത്.
കൃഷിയിടത്തിന്റെ ഒരു ഭാഗം മുഴുവനും പച്ചക്കറിക്കായാണ് മാറ്റി വച്ചിരിക്കുന്നത്. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വിശാലമായി നിര്‍മ്മിച്ച മഴമറയ്ക്കുള്ളിലും, മല്‍സ്യകൃഷി നടത്തുന്ന പടുതാകുളങ്ങളുടെ കരയില്‍ ഗ്രോബാഗിലുമൊക്കെയായാണ് പച്ചക്കറി കൃഷി നടത്തുന്നത്. പച്ച ചീര, ചുമന്ന ചീര, സൗഹൃദ ചീര, ചായ മന്‍സ, വേലിച്ചീര, മുട്ടച്ചീര, സാമ്പാര്‍ ചീര, അഗത്തി ചീര, എന്നീ പേരുകളില്‍ അറിയപ്പെടുന്ന പത്തിലധികം വ്യത്യസ്ത ഇനം ചീരകളും, വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട പത്തിലധികം ഇനം മുളകുകളും, വഴുതന, തക്കാളി, ക്യാബേജ്, കോളീഫ്‌ളവര്‍, വെണ്ട, തുടങ്ങി മുപ്പതിലധികം ഇനം പച്ചക്കറികളും സ്വപനയുടെ കൃഷിത്തോട്ടത്തില്‍ കായ്ക്കുന്നുണ്ട്.

കൊടംപുളി, ഇലുമ്പിപ്പുളി, വാളന്‍പുളി,തടപ്ലാവ്, പപ്പായ റെഡ് ലേഡി ഇനമുള്‍പ്പെടെ മൂന്നിലധികം ഇനം പപ്പായ കളും, മൂന്നോളം വ്യത്യസ്ത ഇനം ഞാവല്‍മരങ്ങളും ഈ കൃഷിത്തോട്ടത്തിന്റെ പ്രത്യേകതയാണ്. വിളകളുടെ പരാഗണത്തിന് സഹായകരമാകുന്ന രീതിയില്‍ കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. കാര്‍ഷിക വിളകളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തേക്കാള്‍ അധിക വരുമാനം തേന്‍ വിപണനത്തിലൂടെ കിട്ടുന്നുണ്ട്. മൂന്നോളം പടുതാകുളങ്ങളിലായി ജയന്റ് ഗൗരാമി, നട്ടര്‍, എന്നീ മല്‍സ്യങ്ങളെ വളര്‍ത്തി മല്‍സ്യ കൃഷിയിലും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട് ഈ ചെറുപ്പക്കാരി.

നാടന്‍ കിഴങ്ങ് പഴവര്‍ഗങ്ങള്‍ക്കു പുറമെ വിദേശ ഇനം കിഴങ്ങ് വര്‍ഗങ്ങളും കൃഷിയിലൂടെ വിളയിച്ചെടുക്കുന്നു. ഇതില്‍ കൂടുതലും നഴ്‌സറികളില്‍ നിന്ന് വില കൊടുത്ത് വാങ്ങുന്നതില്‍പ്പെടുന്നതാണ്. ആവശ്യാനുസരണം ജോലിക്കാരെ ഉപയോഗിച്ചും പഠന സമയത്തിനു ശേഷം മക്കളായ അലന്‍, കെവിന്‍ എന്നിവരുടേയും ഭര്‍ത്താവ് ജയിംസിന്റേയും സഹായത്തോടെയുമാണ് കൃഷിയിടത്തിലെ ജോലികള്‍ തീര്‍ക്കുന്നത്.വേനല്‍ക്കാലത്തൊഴികെ പച്ചക്കറികള്‍ നല്ല നിലയില്‍ കച്ചവടം നടത്താറുണ്ട്.ഇതു കൂടാതെ മഞ്ഞള്‍പ്പൊടി, ഇഞ്ചി സ്‌ക്വാഷ്, പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ്, കൊടംപുളി, തേന്‍, കുത്തരി, എന്നിവ വീട്ടില്‍ തന്നെ വിപണനം നടത്തുന്നുണ്ട്.

പരിപൂര്‍ണമായും ജൈവവളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. വെച്ചൂര്‍ പശു അടക്കം അഞ്ചോളം പശുക്കളെയും, മുപ്പതിലധികം ആടുകളെയും, നിരവധി കോഴികളെയും ജൈവവളത്തിന്റെ ഉത്പ്പാദനത്തിനായി വളര്‍ത്തുന്നുണ്ട്. ചകിരിച്ചോറ്, മീന്‍ വേസ്റ്റ് എന്നിവയൊക്കെ ഉപയോഗപ്പെടുത്തി സ്വന്തമായി നിര്‍മ്മിക്കുന്ന ജൈവവളമാണ് കൃഷിക്ക് കൂടുതലായി ഉപയോഗിക്കുന്നത്. തുമ്പൂര്‍മുഴി കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്,ചാണകം ഗോമൂത്രം ഇവ പെയോഗിച്ചുണ്ടാക്കുന്ന പഞ്ചഗവ്യം, ജീവാമൃതം, കോഴി കാഷ്ഠം, ആട്ടിന്‍ കാഷ്ഠം, ഇവയൊക്കെയാണ് വളമായി ഉപയോഗിക്കുന്നത്.ഗോമൂത്രത്തില്‍ പച്ചിലകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന പച്ചില വളമാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. സൗരോര്‍ജ്ജ മുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിളക്ക് കെണിയും, ഫിഷമിനോ, എന്നിവയും കീടങ്ങളെ അകറ്റുന്നതിന് ഉപയോഗിക്കുന്നു.

കൃഷിയിലുള്ള സജീവ പങ്കാളിത്തം, വൈവിധ്യമാര്‍ന്ന കൃഷിരീതികള്‍, മൃഗപരിപാലനം, മത്സ്യ വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, ജൈവകൃഷി എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങളാണ് സ്വപ്‌നയെ തേടിയെത്തുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള ‘കര്‍ഷക തിലകം’ അവാര്‍ഡ് അര്‍ഹതയ്ക്കുള്ള അംഗീകാരമായാണ് സ്വപ്‌നയെ തേടിയെത്തിയത്.കര്‍ഷകശ്രീ അവാര്‍ഡ്, മികച്ച ജൈവകൃഷിക്കുള്ള അക്ഷയ ശ്രീ ജില്ലാതല അവാര്‍ഡ്, സമ്മിശ്ര കൃഷിയ്ക്കുള്ള ടാറ്റാ വൈറോണ്‍ അവാര്‍ഡ്, കൈരളി കതിര്‍ അവാര്‍ഡ്, ഗ്രാമബ്ലോക്ക് പഞ്ചായത്തുകളുടെ കലവറയില്ലാത്ത അംഗീകാരങ്ങളും ഈ യുവ കര്‍ഷകയെ തേടിയെത്തിയിട്ടുണ്ട്.

Related News