Wednesday
22 Aug 2018

വരുന്നൂ! പുത്തന്‍ സ്വാതന്ത്ര്യസമര പോരാളികള്‍!

By: Web Desk | Tuesday 7 August 2018 10:34 PM IST

karyavicharam

”ഭാരതം സ്വാതന്ത്ര്യസമര തീക്ഷ്ണതയില്‍ തിളച്ചുമറിയുന്ന കാലഘട്ടത്തിലാണ് രണ്ട് പുതിയ പ്രസ്ഥാനങ്ങള്‍ ഇവിടെ പിറവിയെടുക്കുന്നത്. അതും 1925 എന്ന ഒരേ വര്‍ഷത്തില്‍. ഒന്ന് കലര്‍പ്പില്ലാത്ത ദേശീയതയിലും കറയറ്റ രാഷ്ട്രഭക്തിയിലും അടിയുറച്ചുവിശ്വസിക്കുന്ന രാഷ്ട്രീയ സ്വയംസേവകസംഘം എന്ന തനി സ്വദേശി ഉല്‍പ്പന്നം. മറ്റൊന്ന് വിദേശയജമാനന്മാരോടുള്ള വിധേയത്വം പൂര്‍ണമനസോടെ സ്വീകരിച്ചുകൊണ്ട് അവരുടെ പരോക്ഷ നിയന്ത്രണത്തിന്‍കീഴില്‍ അവരുടെ താല്‍പ്പര്യസംരക്ഷണാര്‍ഥം പ്രതിജ്ഞാബദ്ധരായ ഒരുകൂട്ടം ഭാരതീയരുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്ന പ്രസ്ഥാനം.”ആര്‍എസ്എസിന്റെ കേരളത്തിലെ മുഖപത്രമായ കേസരി വാരികയില്‍ സ്വാതന്ത്ര്യസമരത്തിലെ ആര്‍എസ്എസ് പങ്കാളിത്തം എന്ന തലവാചകത്തിലുള്ള ലേഖനത്തിലെ പരാമര്‍ശമാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആര്‍എസ്എസ് പങ്കാളിത്തം തെളിയിക്കാന്‍ രണ്ട് ലേഖനങ്ങളാണ് ‘കേസരി’ വാരികയുടെ ജൂലൈ ആറിന്റെ ലക്കം പ്രസിദ്ധീകരിച്ചത്.
കമ്മ്യൂണിസ്റ്റുകാര്‍ ദേശീയവിരുദ്ധരും ആര്‍എസ്എസുകാര്‍ ദേശസ്‌നേഹികളുമായി ലേഖനങ്ങളില്‍ ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഒരുഘട്ടത്തിലും അതില്‍ പങ്കെടുക്കാത്തവരാണ് ആര്‍എസ്എസുകാര്‍ എന്നതാണ് സത്യം. പുരോഗമന വിപ്ലവശക്തികള്‍ എവിടെയെല്ലാം, എപ്പോഴെല്ലാം സംഘടിക്കുകയും വ്യാപകമായി ജനങ്ങളെ സ്വാധീനിക്കുകയും ചെയ്യുമ്പോഴെല്ലാം അവരെ തകര്‍ക്കാന്‍ പ്രതിവിപ്ലവശക്തികള്‍ ഒന്നിക്കുകയും സജീവമാകുകയും ചെയ്യുമെന്ന് ചരിത്രം തെളിയിക്കുന്നു. അവര്‍ വിഭജനത്തിന്റെയും ഭിന്നതകളുടെയും വിത്തുകള്‍ വിതയ്ക്കും. പുരോഗമന പ്രസ്ഥാനത്തിന്റെ അടിത്തറയെത്തന്നെ ആക്രമിക്കൂ… 1920 – 22 ല്‍ ദേശീയ വിമോചനപ്രസ്ഥാനത്തിലുണ്ടായ മുന്നേറ്റത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഹിന്ദുക്കളും മുസ്‌ലിങ്ങളും യോജിച്ചു പോരാടുന്നതും തൊഴിലാളികളും കര്‍ഷകരും മധ്യവര്‍ഗവും യുവാക്കളും ധാരാളമായി പങ്കെടുക്കുന്നതും കണ്ടതാണ്. സ്വാതന്ത്ര്യസമരപ്രസ്ഥാനം ജനകീയ സ്വഭാവം ആര്‍ജിച്ചുകഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തികളായും ഗ്രൂപ്പുകളായും സാമ്രാജ്യത്വിരുദ്ധ പ്രസ്ഥാനത്തിനു പുറമേ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലും സജീവമായിരുന്നു. കര്‍ഷകരുടെ ഇടയിലും അവര്‍ പ്രവര്‍ത്തിച്ചു.
പ്രതിവിപ്ലവശക്തികള്‍ക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ല. ഈ സംഭവവികാസങ്ങളെ നേരിടാന്‍ ഒരു സംഘടന വേണമെന്ന് അവര്‍ക്ക് ബോധ്യമായി. അതിനായി അവര്‍ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ ആളിക്കത്തിച്ചു. ഭൂതകാലത്തെയും അന്നത്തെ പാരമ്പര്യങ്ങളെയും വിവേചനരഹിതമായി പ്രതിവിപ്ലവശക്തികള്‍ മഹത്വവല്‍ക്കരിച്ചു. ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ക്കെതിരെ വിരോധം ആളിക്കത്തിച്ചു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ഹിന്ദു ഐക്യം വേണമെന്ന് അവര്‍ വാദിച്ചു. അതുവരെ കോണ്‍ഗ്രസ് സേവാദളിലായിരുന്ന ഡോ. ഹെഡ്‌ഗേവാര്‍ അതുവിട്ട് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരിച്ചു. 1925ലെ വിജയദശമി (ദസറ) ദിനത്തിലായിരുന്നു ഇത്.
രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരിച്ചതിനുശേഷമുള്ള പ്രസംഗങ്ങളില്‍ ഹിന്ദു സംഘടനയെപ്പറ്റി മാത്രമാണ് ഡോ. സാഹിബ് (ഹെഡ്‌ഗേവാര്‍) സാധാരണ പറയാറുള്ളത്. സര്‍ക്കാരിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മിക്കവാറും ഇല്ലായിരുന്നു.
1930ല്‍ നിയമങ്ങള്‍ ലംഘിക്കാന്‍ മഹാത്മാഗാന്ധി ജനങ്ങളെ ആഹ്വാനം ചെയ്തു. ദണ്ഡിയാത്ര നടത്തി ഗാന്ധിജിതന്നെ ഉപ്പ് സത്യഗ്രഹം തുടങ്ങി. സത്യഗ്രഹത്തില്‍ സംഘ് പങ്കെടുക്കരുതെന്ന് ഡോ. സാഹിബ് എല്ലാവരെയും അറിയിച്ചു. 1942ലും നിരവധി പേരില്‍ ബ്രിട്ടീഷ് വിരുദ്ധവികാരം ശക്തമായിരുന്നു. ആ ഘട്ടത്തിലും സംഘിന്റെ ദൈനംദിന പ്രവര്‍ത്തനം നടന്നു. നേരിട്ടൊന്നും ചെയ്യരുതെന്ന് സംഘ് തീരുമാനിച്ചു. നേരിട്ടല്ലാതെ അവര്‍ ചെയ്തതെന്താണ്?
ദേശസ്‌നേഹത്തെയും ദേശീയതയെയും പറ്റി ഹെഡ്‌ഗേവാര്‍ പറയുന്നത് നോക്കുക: ”ദേശസ്‌നേഹവും ദേശീയതയുമെന്നാല്‍ ബ്രിട്ടനെതിരായി നില്‍ക്കുന്നതാണ് എന്ന് സ്ഥാപിക്കപ്പെട്ടു. ഈ പ്രതിലോമകരമായ വീക്ഷണം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയാകെയും അതിന്റെ നേതാക്കളെയും സാധാരണക്കാരെയും ദോഷകരമായി ബാധിച്ചു. നമ്മുടെ (ആര്‍എസ്എസ്) പ്രതിജ്ഞയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്നാല്‍ മതത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കലാണ്. ബ്രിട്ടീഷുകാരെ അകറ്റുന്നതിനെപ്പറ്റി അതിലൊന്നും പറയുന്നില്ല.”
നിസ്സഹകരണ പ്രസ്ഥാനത്തെപ്പറ്റി ഹെഡ്‌കേവാര്‍ എഴുതി: ”സമരത്തിന് ദോഷഫലങ്ങള്‍ ഉണ്ടാവും. 1920 – 21ലെ പ്രക്ഷോഭങ്ങള്‍ക്കുശേഷം യുവാക്കള്‍ അനിയന്ത്രിതരായി മാറി.”
നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരെ ഹെഡ്‌ഗേവാര്‍ വിലയിരുത്തുന്നത് ഇങ്ങനെ: ”സമൂഹത്തിലെ മാതൃകകളായി കണക്കാക്കരുത്. രക്തസാക്ഷിത്വത്തിലൂടെ മഹത്വത്തിന്റെ പരകോടിയില്‍ അവര്‍ എത്തിയെന്ന് നാം കരുതുന്നില്ല. എല്ലാറ്റിലുമുപരി ലക്ഷ്യം നേരിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഗുരുതരമായ വീഴ്ചയാണ് അവര്‍ക്ക് പറ്റിയതെന്ന് ഭാവിതലമുറ വിലയിരുത്തും.’
ഹെഡ്‌കേവാര്‍ മനുസ്മൃതിയെക്കുറിച്ച് എഴുതിയത് കാണുക: ”മനുസ്മൃതി അനുശാസിക്കുന്ന നിയമങ്ങള്‍ ലോകത്തിന്റെ ആദരം നേടിയിട്ടുണ്ട്. അവ ഒരു നിര്‍ബന്ധവും കൂടാതെ അനുസരിക്കപ്പെടാവുന്നതാണ്. പക്ഷേ, നമ്മുടെ ഭരണഘടനാ പണ്ഡിതന്മാര്‍ക്ക് അതൊന്നും വിഷയമല്ല.”
ഹിന്ദുക്കളെയും ഹിന്ദുരാജ്യത്തെയും പറ്റി ഹെഡ്‌കേവാര്‍ നിര്‍വചിക്കുന്നത് ഇങ്ങനെ: ”ഹിന്ദുസ്ഥാനിലെ വിദേശമതക്കാര്‍ ഹിന്ദുസംസ്‌കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ബഹുമാനത്തോടെ മനസിലാക്കുകയും സ്വീകരിക്കുകയും വേണം. ഹിന്ദുമതവും സംസ്‌കാരവും അല്ലാതെ മറ്റൊരാശയവും മഹത്തരമെന്ന് വിചാരിക്കരുത്. ഹിന്ദുരാജ്യത്തിലും മതത്തിലും ചേരാന്‍ സ്വന്തം അസ്ഥിത്വം അവര്‍ ഉപേക്ഷിക്കണം. ഇതൊന്നുമല്ലെങ്കില്‍ ഹിന്ദുരാജ്യത്തിനു പൂര്‍ണമായും വിധേയരായി രാജ്യത്ത് താമസിക്കണം. അങ്ങനെയുള്ളവര്‍ ഒന്നും ആവശ്യപ്പെടരുത്. അവര്‍ക്ക് വിശേഷാവകാശങ്ങളോ പ്രത്യേക പരിഗണനയോ പൗരാവകാശങ്ങള്‍പോലുമോ ഉണ്ടായിരിക്കില്ല. അവര്‍ക്ക് സ്വീകരിക്കാന്‍ മറ്റൊന്നും ഇല്ലതന്നെ.”
മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും ശത്രുക്കളായി കാണാനും അവര്‍ക്കെതിരെ അക്രമം അഴിച്ചുവിടാനും കമ്മ്യൂണിസ്റ്റുകാരെ അപകടകാരികളായും കടുത്ത ശത്രുക്കളായും കാണാനും ഫാസിസ്റ്റ് ആശയങ്ങളും പ്രവൃത്തികളും സ്വീകരിക്കാനും അനുകരിക്കാനും ഈ വിക്ഷണങ്ങള്‍ പ്രേരണ നല്‍കി.
മതവികാരങ്ങളെ ചൂഷണം ചെയ്തും സാമുദായിക വൈരം ആളിക്കത്തിച്ചും ആര്‍എസ്എസ് കലാപങ്ങള്‍ സംഘടിപ്പിച്ചു. സമുദായങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചു. ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി എന്നിവരുടെ വര്‍ഗീയവാദം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വര്‍ഗീയത വളര്‍ത്തുകയും അതുവഴി രാജ്യത്തിന്റെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് വലിയദോഷം ചെയ്തു. തങ്ങളുടെ ദുഷ്ടലാക്ക് നേടാന്‍വേണ്ടി വിഎച്ച്പി, ബജ്രംഗദള്‍, എബിവിപി, ബിഎംഎസ്, സ്വദേശിമഞ്ച് തുടങ്ങിയ നിരവധി സംഘടനകള്‍ക്ക് അവര്‍ രൂപം നല്‍കി.
ഭാരതീയ ജനതാപാര്‍ട്ടിയുടെയും സംഘപരിവാറിന്റെ ആകെയും ജനയിതാവ് ആര്‍എസ്എസ് ആണ്. ബിജെപി, ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചു എന്ന് പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്. കേന്ദ്രഭരണം നിയന്ത്രിക്കുന്നതും കയ്യാളുന്നതും ആര്‍എസ്എസ്തന്നെ. മോഡി ഭരണത്തിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കു പിന്നില്‍ ആര്‍എസ്എസാണുള്ളത്. ബിജെപിയുടെ ബൂത്ത് ഭാരവാഹികള്‍ വരെയുള്ളവരെ ആര്‍എസ്എസ് നിശ്ചയിക്കുന്നു.
ദേശീയ വിമോചനപ്രസ്ഥാനത്തിന്റെ പൊതുധാരയില്‍ നിന്ന് മാറിനിന്നവരാണ് ദേശീയവാദികളായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളെ സംഭാവനചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നത്; സ്വാതന്ത്ര്യപ്രാപ്തിയില്‍ തങ്ങളുടെ പങ്കിന് അവകാശം ഉന്നയിക്കുന്നത്. ഇന്ത്യന്‍ ജനതയ്ക്ക് മറവിരോഗം ബാധിച്ചിട്ടില്ലെന്ന് അവര്‍ ഓര്‍ക്കുക.