Sunday
18 Feb 2018

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാര്‍ക്കു സന്തോഷിക്കാം

By: Web Desk | Sunday 31 December 2017 12:56 PM IST

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാര്‍ക്കിടയില്‍ നല്ല പേരെടുക്കാന്‍ ശ്രമം തുടങ്ങി. അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിച്ച് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ അരുന്ധതി ഭട്ടാചാര്യക്കു ശേഷം വന്ന രജനീഷ് കുമാര്‍ ബാങ്കിലെ തൊഴിലന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നടപടികളിലാണ്. ജീവനക്കാര്‍ക്ക് അടുത്ത ബന്ധു മരിച്ചാല്‍ ഒരാഴ്ച ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചതാണ് സമാശ്വാസ നടപടി. ഇടക്കാലത്ത് ജീവനക്കാരും ബാങ്ക് മാനേജ്‌മെന്റും രണ്ടു ചേരിയിലായ അവസ്ഥയില്‍ ക്രമേണ മാറ്റം കണ്ടു തുടങ്ങിയതായി സംഘടന വൃത്തങ്ങളും പറയുന്നു.

ജീവനക്കാരുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍, ഭാര്യയുടെ/ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ മരിച്ചാല്‍ ദുഃഖാചരണം നടക്കുന്ന രണ്ടാഴ്ചക്കുള്ളില്‍ ഒരാഴ്ച പ്രത്യേക അവധി എടുക്കാമെന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് ബാങ്കിന്റെ എച്ച്.ആര്‍ വിഭാഗം പുറത്തിറക്കിയത്. എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ഥിരം ജീവനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ഇതിന് അര്‍ഹതയുണ്ട്.ഇതിനു പുറമെ ജീവനക്കാരുടെ ചികിത്സ സഹായത്തിന്റെ കാര്യത്തിലും അനുകൂല നടപടി എടുത്തിട്ടുണ്ട്. ഇതുവരെ ജീവനക്കാര്‍ക്ക് 100 ശതമാനവും കുടുംബാംഗങ്ങള്‍ക്ക് 75 ശതമാനവുമായിരുന്നു മെഡിക്ലെയിമിന് അര്‍ഹത. ഇത് കുടുംബത്തിനൊന്നാകെ 100 ശതമാനമാക്കി. 20,000 രൂപ വരെ പെന്‍ഷന്‍ വാങ്ങുന്ന, വിരമിച്ച ജീവനക്കാര്‍ക്ക് മെഡിക്ലെയിമില്‍ 75 ശതമാനം സബ്‌സിഡി അനുവദിച്ചതാണ് മറ്റൊരു തീരുമാനം. 20,000-30,000 പെന്‍ഷനുള്ളവര്‍ക്ക് ഇത് 60 ശതമാനം ആക്കിയിട്ടുണ്ട്.

കുറച്ചു കാലമായി നിര്‍ത്തിവെച്ച ക്ലറിക്കല്‍ നിയമന നടപടി പുനരാരംഭിക്കുന്നതാണ് എസ്.ബി.ഐയില്‍നിന്ന് ഉദ്യോഗാര്‍ഥികള്‍ക്കുള്ള നല്ല വാര്‍ത്ത. ജനുവരിയില്‍ സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷ നടക്കുകയാണ്. അതുകൂടി കണക്കിലെടുത്ത് അടുത്ത മാര്‍ച്ചോടെ ക്ലറിക്കല്‍ നിയമന നടപടിക്ക് നീക്കമുണ്ട്. കേരളത്തില്‍ മാത്രം രണ്ടായിരത്തോളം ഒഴിവ് വരുന്നുണ്ടെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് വക്താക്കള്‍ പറഞ്ഞു.
പുതിയ ചെയര്‍മാന്‍ സ്ഥാനമേറ്റയുടന്‍ പുറത്തിറക്കിയ ‘വര്‍ക്ക്‌ലൈഫ് ബാലന്‍സ്’ സര്‍ക്കുലര്‍ തൊഴിലന്തരീക്ഷത്തില്‍ മാറ്റത്തിന്റെ സൂചന ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. അവധി ദിനങ്ങളിലും അധിക സമയവും ജോലി ചെയ്യിക്കരുതെന്നും കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയം അപഹരിക്കരുതെന്നുമാണ് ചെയര്‍മാന്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍. ‘ജീവനക്കാരന്റെ മെച്ചപ്പെട്ട ആരോഗ്യം ബാങ്കിന്റെതന്നെ ആരോഗ്യമാണ്’ എന്നാണ് അദ്ദേഹം വിശദീകരിച്ചത്.
ഇതിനുപുറമെ, ജീവനക്കാര്‍ക്ക് ‘ടൗണ്‍ഹാള്‍’മീറ്റിങ് ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ പല കേന്ദ്രങ്ങളിലായി ഇത്തരം യോഗം നടന്നു. ജീവനക്കാര്‍ക്ക് ബാങ്കുമായും ജോലിയുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നു പറയാനുള്ള അവസരമാണ് ടൗണ്‍ഹാള്‍ മീറ്റിങ്. നേരത്തെ ഇടപാടുകാര്‍ക്കു വേണ്ടി ഇത്തരം കൂട്ടായ്മ നടന്നിരുന്നു.