Saturday
17 Nov 2018

‘അടിയോടടി’; ഒരോവറില്‍ പിറന്നത് 43 റണ്‍സ്

By: Web Desk | Wednesday 7 November 2018 7:22 PM IST

വെല്ലിങ്ടണ്‍: ഒരോവറില്‍ ആറ് സിക്‌സ് അടക്കം 43 റണ്‍സ് നേടി ലിസ്റ്റ് എ ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ ഇനി കിവി ബാറ്റ്‌സ്മാന്മാര്‍ക്ക് സ്വന്തം. ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഫോര്‍ഡ് ട്രോഫിയിലാണ് രണ്ട് കിവി ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് ഒരോവറില്‍ 43 റണ്‍സ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എയില്‍ മാത്രമല്ല ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണിത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സും തമ്മില്‍ നടന്ന ഏകദിനത്തിനിടെയായിരുന്നു ഈ റെക്കോഡ് പ്രകടനം. നോര്‍തേണ്‍ ഡിസ്ട്രിക്റ്റിന് വേണ്ടി ജോ കാര്‍ട്ടര്‍ ബ്രെറ്റ് ഹാംപ്ടന്‍ എന്നിവരാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ആറാമതായി ബാറ്റിങ്ങിനിറങ്ങിയ കാര്‍ട്ടര്‍ 102 റണ്‍സും ഏഴാമതായി ഇറങ്ങിയ ഹാംപ്റ്റണ്‍ 95 റണ്‍സും അടിച്ചെടുത്തു. ഈ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ 313 റണ്‍സാണ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ് പടുത്തുയര്‍ത്തിയത്. രണ്ട് നോ ബോള്‍ കൂടെ ലൂഡിക്ക് എറിഞ്ഞതാണ് ഈ ലോകറെക്കോര്‍ഡിന് വഴിയൊരുക്കിയത്. ഓവറിലെ ആദ്യ പന്തില്‍ ഫോര്‍ പിറന്നപ്പോള്‍ പിന്നീട് എറിഞ്ഞ തുടര്‍ച്ചയായി മൂന്ന് പന്തിലും കാര്‍ട്ടര്‍ സിക്‌സ് നേടി അതില്‍ ആദ്യ രണ്ട് പന്തും നോ ബോള്‍ ആയിരുന്നു.

ഇരുപത്തിയൊന്നുകാരനായ ലൂഡിക്കിന്റെ ആ ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഹാംപ്റ്റണായിരുന്നു. ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് ബൗണ്ടറി ലൈന്‍ കടന്നു. ഭാഗ്യത്തിന്റെ അകമ്പടിയോടെ നാല് റണ്‍സ്. പിന്നീട് ബാറ്റ്‌സ്മാന്റെ അരയ്ക്ക് മുകളില്‍ നില്‍ക്കുന്ന തരത്തില്‍ രണ്ട് ഫുള്‍ ടോസാണ് ലൂഡിക്ക് എറിഞ്ഞത്. അത് രണ്ടും നോ ബോളായി. ഒപ്പം രണ്ട് പന്തും ഹാംപ്റ്റണ്‍ സിക്‌സിലേക്ക് പറത്തുകയായിരുന്നു. ഇതോടെ തന്നെ ലൂഡിക്ക് തളര്‍ന്ന അവസ്ഥയിലായി. അടുത്ത പന്തും ഹാംപ്റ്റണ്‍ സിക്‌സിലേക്ക് പറത്തിയതോടെ മൂന്നു പന്തില്‍ 24 റണ്‍സെന്ന നിലയിലായി. അടുത്ത പന്തില്‍ സിംഗിളെടുത്ത് ഹാംപ്റ്റണ്‍ കാര്‍ട്ടറിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് അടുത്ത മൂന്ന് പന്തും ബൗണ്ടറിയാണ് കണ്ടത്. ഒരോവറില്‍ 43 റണ്‍സ് എന്ന നേട്ടം കണ്ട് കാണികള്‍ അമ്പരന്നിരിക്കുകയാണ്.