Thursday
18 Jan 2018

ന്യൂസിലാന്‍ഡ്: ലേബറിന് സാധ്യത

By: Web Desk | Monday 9 October 2017 12:59 AM IST

വെല്ലിങ്ടണ്‍: തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോള്‍ ന്യൂസിലാന്‍ഡ് ഭരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഔദ്യോഗിക ഫലങ്ങള്‍ പുറത്തുവരുമ്പോഴും ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല.
120 സീറ്റ് പാര്‍ലമെന്റില്‍ ഭരണപാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിക്ക് 58, ലേബര്‍ പാര്‍ട്ടിക്ക് 48 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. ഭരണത്തിനാവശ്യമായ 61 സീറ്റ് പൂര്‍ത്തിയാക്കാനുള്ള ചെറുതും വലുതുമായ സഖ്യകക്ഷിക്കുള്ള ചര്‍ച്ചകളാണ് വെല്ലിങ്ടണില്‍ പുരോഗമിക്കുന്നത്.
ന്യൂസിലാന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുടെ തീരുമാനമാണ് ഭരണപാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും ഭരണത്തിലെത്താന്‍ സാധിക്കുക. നാഷണല്‍- ന്യൂസിലാന്‍ഡ് ഫസ്റ്റ് പാര്‍ട്ടി സഖ്യത്തിലൂടെ 65 സീറ്റിന്റെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയും. എന്നാല്‍ ഇടതുചായ് വുള്ള ന്യൂസിലാന്‍ഡ് ഫസ്റ്റ് ലേബര്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാല്‍ വിജയം കൊയ്ത ഗ്രീന്‍ പാര്‍ട്ടിയേയും ചേര്‍ത്ത് 63 സീറ്റ് സ്വന്തമാക്കി ഭരണത്തിലെത്താന്‍ കഴിയും.
ന്യൂസിലാന്‍ഡ് ഫസ്റ്റിന്റെ മേധാവി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സിന്റെ തീര ുമാനത്തിനായി കാത്തിരിക്കുകയാണ് രണ്ട് പ്രധാനപാര്‍ട്ടികളും. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കുറവ് വന്ന നാഷണല്‍ പാര്‍ട്ടിയേക്കാള്‍ വന്‍ ജനപിന്തുണയുള്ള ലേബര്‍ പാര്‍ട്ടിക്കൊപ്പം നിക്കാനാകും ഇദ്ദേഹത്തിന്റെ തീരുമാനമെന്നാണ് കണക്കുകൂട്ടല്‍. വ്യാഴാഴ്ച ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം തീരുമാനമറിയിക്കാമെന്നാണ് പീറ്റേഴ്‌സിന്റെ നിലപാട്.