Sunday
16 Dec 2018

ഡിവൈഎസ്പി ഹരികുമാര്‍‍ മരിച്ച നിലയില്‍

By: Web Desk | Tuesday 13 November 2018 10:42 AM IST

നെയ്യാറ്റിന്‍കര/ആറ്റിങ്ങല്‍: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാറിനെ മര്‍ദ്ദിച്ച് കാറിന് മുന്നില്‍ തളളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ഹരികുമാറിനെ(52) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്ത് വെയിലൂരിലെ കുടുംബ വീടായ ദേവനന്ദനത്തിലാണ് രാവിലെ ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഷെഡിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. തിരുവന്തപുരം ആര്‍ ഡി ഒ യുടെ സാന്നിധ്യത്തിലാണ് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രിയോടെ മൃതദേഹം കല്ലമ്പലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ലേഖ, മകന്‍: അതുല്‍ഹരി.
ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ വിജി സംഭവം നടന്ന സ്ഥലത്ത് ഉപവാസസമരം ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുന്നതിനിടെയാണ് ഹരികുമാറിന്റെ മരണവാര്‍ത്തയെത്തുന്നത്. ദൈവത്തിന്റെ വിധി നടപ്പായെന്ന് സനല്‍ കുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചു. തുടര്‍ന്ന് ഉപവാസം അവസാനിപ്പിച്ച് സനല്‍ കുമാറിന്റെ കുടുംബം വീട്ടിലേക്ക് മടങ്ങി.
അതിനിടെ ഹരികുമാറിനൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനു, ഡ്രൈവര്‍ രമേശ് എന്നിവര്‍ ഇന്നലെ കീഴടങ്ങി. മരണവാര്‍ത്തയെത്തിയതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഇവര്‍ കീഴടങ്ങിയത്. ഈ മാസം അഞ്ചിന് രാത്രി പത്തു മണിയോടെയാണ് റോഡരികിലെ തര്‍ക്കത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കൊല്ലപ്പെടുന്നത്. പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ബിനുവിന്റെ വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയ ഹരികുമാര്‍ വാഹനം പാര്‍ക്കുചെയ്തതുമായി ബന്ധപ്പെട്ട് സനലുമായി വാക്കേറ്റം നടത്തുകയും അത് സനലിന്റെ മരണത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് ഹരികുമാറും ബിനുവും ഒളിവില്‍ പോയി. ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ച തമിഴ്‌നാട് തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരന്‍ സതീഷ്, ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജ് നടത്തിപ്പുകാരന്റെ ഡ്രൈവറാണ് ഇന്നലെ കീഴടങ്ങിയ രമേശ്.

കൊലപാതക കേസ് മാത്രമായിരുന്നു ലോക്കല്‍ പൊലീസ് ഹരികുമാറിനെതിരെ ആദ്യം ചുമത്തിയിരുന്നത്. എന്നാല്‍ െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരുന്നു. ഹരികുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് മരണം.

കല്ലമ്പലം പൊലീസ് സ്റ്റേഷനടുത്തുള്ള വീടിന്‍റെ ചായ്പ്പിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച പൊലീസ് ഈ വീട്ടില്‍ ഹരികുമാറിനായി തിരച്ചില്‍ നടത്തിയിരുന്നു.

 

Related News