Sunday
16 Dec 2018

നെയ്യാറ്റിന്‍കര കൊലപാതകം: മേല്‍നോട്ട ചുമതല ഐജി ശ്രീജിത്തിന്

By: Web Desk | Sunday 11 November 2018 9:05 PM IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡിവൈഎസ്പി കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ട ചുമതല ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്. ഐജി തലത്തിലുളള അന്വേഷണം സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അതേ സമയം കേസിലെ പ്രതി ഡി വൈ എസ് പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

തമിഴ്‌നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ നെടുമങ്ങാട് സ്വദേശി സതീഷ് കുമാര്‍, ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജുവലറി ഉടമ ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണ എന്നിവരാണ് പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ ഹരികുമാര്‍ എവിടെയാണെന്ന കാര്യം വ്യക്തമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ഡി വൈ എസ് പിക്ക് രക്ഷപ്പെടാന്‍ വാഹനം എത്തിച്ച് നല്‍കിയത് അനൂപാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പിന്നീട് രക്ഷപ്പെട്ട് ഡി വൈ എസ് പിയും സുഹൃത്ത് ബിനുവും എത്തിയത് സതീഷിനരികിലാണ്. ഇവര്‍ക്ക് സതീഷ് രണ്ട് സിം കാര്‍ഡുകള്‍ എടുത്തുനല്‍കി. െ്രെഡവറെയും ഏര്‍പ്പാടാക്കി. എന്നാല്‍ സിം കാര്‍ഡുകള്‍ ഈ മാസം ഏഴിന് ശേഷം പ്രവര്‍ത്തിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സിമ്മില്‍ നിന്നും വിളിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
പ്രതികള്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് തൃപ്പരപ്പില്‍നിന്നു പോയെന്ന് സതീഷ് പൊലീസിനോട് പറഞ്ഞു.

ഹരികുമാറുമായി നേരത്തെ തന്നെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് സതീഷെന്നും പൊലീസ് കണ്ടെത്തി. സതീഷിന്റെ ലോഡ്ജില്‍ നിന്നും ഹരികുമാര്‍ മധുരയിലേക്ക് രക്ഷപ്പെട്ടതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം സനല്‍കുമാറിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഡി ജി പി ഓഫീസിലേക്ക് വി എസ് ഡി പി നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Related News