Monday
25 Jun 2018

നീരവ് മോഡി ബാങ്ക് തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ

By: Web Desk | Monday 28 May 2018 11:01 PM IST

ന്യൂഡല്‍ഹി: വജ്ര വ്യാപാരികളായ നീരവ് മോഡിയും മെഹുള്‍ ചോക്‌സിയും നടത്തിയ 14,000 കോടി രൂപയുടെ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉന്നതരുടെ അറിവോടെയാണെന്ന് ഇതിനകം നടന്ന സിബിഐ അന്വേഷണത്തില്‍ വ്യക്തമാവുന്നു. ബാങ്കിന്റെ ഉന്നതരില്‍ ചിലര്‍ അകത്തായെങ്കിലും കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന. മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ചിലും ദുബായിലും ഹോങ്കോങ്ങിലുമുള്ള ബ്രാഞ്ചുകളും കേന്ദ്രീകരിച്ചു നടന്ന വന്‍തട്ടിപ്പ് പിഎന്‍ബി ഉന്നതരുടെ അറിവോടും ഒത്താശയോടുമാണ് നടന്നതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നും വെളിപ്പെടുന്നത്.
വ്യാജ വാഗ്ദത്ത പത്രങ്ങളും (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്) കടപ്പത്രങ്ങളും (ലെറ്റര്‍ ഓഫ് ക്രെഡിറ്റ്) വിദേശ ബ്രാഞ്ചുകള്‍ തങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് പിഎന്‍ബി ഇതുവരെ കൈക്കൊണ്ടിരുന്ന നിലപാട്. എന്നാല്‍ വിദേശ ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകളെപ്പറ്റി ബാങ്കിന്റെ എല്ലാതലങ്ങളിലും ഉന്നതര്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്.
2011 ഓഗസ്റ്റ് 18ന് ബ്രാഡി ഹൗസ് ബ്രാഞ്ച് പുറപ്പെടുവിച്ച 1.4 ദശലക്ഷം ഡോളറിന്റെ വായ്പയില്‍ കയറ്റുമതിയും ഇറക്കുമതിയും നീരവ്‌മോഡിയുടെ സ്ഥാപനങ്ങള്‍തന്നെ നടത്തിയതായാണ് തെളിയുന്നത്. നീരവ് മോഡിയുടെ സൂററ്റിലെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ലിമിറ്റഡും യുഎസിലെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്‍കോര്‍പറേറ്റഡും തമ്മിലായിരുന്നു ഇടപാട്. അതിനായി പിഎന്‍ബി ദുബായ് ശാഖയോട് 14,99,735 ഡോളര്‍ വായ്പ ദൗച് ബാങ്ക് ട്രസ്റ്റ് കമ്പനിയുടെ ന്യൂയോര്‍ക്ക് ശാഖയിലേക്ക് 71 ദിവസത്തെ കാലാവധിക്ക് നല്‍കാനുള്ള സ്വിഫ്റ്റ് നിര്‍ദ്ദേശം നല്‍കിയതിന്റെ രേഖയാണ് പുറത്തുവന്നിട്ടുള്ളത്.
തങ്ങള്‍ തുടര്‍ന്നുവരുന്ന തട്ടിപ്പ് ഒരുനാള്‍ പുറത്തുവരുമെന്ന് അറിഞ്ഞുകൊണ്ടാണ് നീരവ് മോഡിയും അമ്മാവന്‍ മെഹുള്‍ ചോക്‌സിയും കൊള്ള തുടര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ക്കെതിരെ തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാനും മറ്റുള്ളവരെ കുടുക്കാനും അവര്‍ പദ്ധതി തയാറാക്കിയിരുന്നുവെന്ന് വേണം കരുതാന്‍.
ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ സ്വതന്ത്ര നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി മികച്ച പ്രതിഭകളെ നിയമിച്ച് കമ്പനിയുടെ പ്രതിച്ഛായയും വിശ്വാസ്യതയും ഉറപ്പുവരുത്താനും ഇരുവരും ശ്രദ്ധിച്ചിരുന്നു. കമ്പനികളുടെ സാമ്പത്തിക ഇടപാടുകളില്‍ യാതൊരു പങ്കുമില്ലാത്ത അവര്‍ അതിലെ അസ്വാഭാവികതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം അത് താന്‍ ശരിയാക്കിക്കൊള്ളാമെന്നായിരുന്നു നീരവിന്റെ മറുപടി. തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് അത്തരക്കാര്‍ കമ്പനിയില്‍ നിന്ന രാജിവച്ചൊഴിയുകയായിരുന്നു.
വജ്രവ്യാപാര രംഗത്തെ ഏതാനും ആഗോള പ്രതിഭകളെ സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ച് മറസൃഷ്ടിച്ചാണ് നീരവ് മോഡി തന്റെ തട്ടിപ്പുകള്‍ക്ക് മികച്ച ആഗോള മുഖവും വിശ്വാസ്യതയും ആര്‍ജിച്ചത്. തട്ടിപ്പ് നടത്തി രാജ്യത്തുനിന്നും രക്ഷപ്പെടാനുള്ള കൃത്യമായ പദ്ധതിയുമായി എട്ടുവര്‍ഷം നീണ്ട ആസൂത്രണമാണ് മോഡി തുടര്‍ന്നുവന്നതെന്നാണ് അന്വേഷണത്തില്‍ വെളിവാകുന്നത്. അതില്‍ പിഎന്‍ബിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാണ് അന്വേഷണത്തില്‍ പുറത്തുവരുന്നത്.