Friday
20 Jul 2018

പ്രേക്ഷകര്‍ക്ക് ആശ്വസിക്കാം; നീലുവായി നിഷ തന്നെ

By: Web Desk | Sunday 8 July 2018 6:03 PM IST

കൊച്ചി: ചലച്ചിത്ര – ടിവി താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജം. പരമ്പരയിലെ നീലുവെന്ന കഥാപാത്രമായി നിഷ തുടരുമെന്നും താരവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചാനല്‍ മാനേജ്‌മെന്റ് അറിയിച്ചു. തന്നെ പുറത്താക്കിയതിനെ കുറിച്ചും സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും വ്യക്തമാക്കി നിഷ കഴിഞ്ഞദിവസം രംഗത്ത് വന്നതോടെ നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ചത്. താരസംഘടനയായ അമ്മയും വനിതാ കൂട്ടായ്മയും നടിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ നീലു ഇല്ലെങ്കില്‍ സീരിയല്‍ കാണില്ല എന്ന നിലപാടിലായിരുന്നു പ്രേക്ഷകര്‍.

അടുത്തിടെ അമേരിക്കയില്‍ ഒരു പുരസ്‌കാരം വാങ്ങാന്‍ അഞ്ച് ദിവസത്തെ അവധി വാങ്ങി നിഷ സാരംഗ് പോയിരുന്നു. ഔദ്യോഗികമായി ലീവ് ചോദിച്ചതിന് ശേഷമാണ് താന്‍ പോയതെന്നും എന്നാല്‍ തന്നെ പരമ്പരയില്‍ നിന്ന് പുറത്താക്കി എന്നുമായിരുന്നു താരം വ്യക്തമാക്കിയത്. കൂടാതെ ഉപ്പും മുളകിന്‍റെയും സെറ്റില്‍ നിന്ന് സംവിധായകന്‍റെ മോശം പെരുമാറ്റത്തെ കുറിച്ചും നിഷ ആരോപിച്ചിരുന്നു. ആരോപണ വിധേയനായ സംവിധായകനെ പുറത്താക്കി നിഷയെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പരമ്പരയുടെ ആരാധകര്‍ രംഗത്തെത്തിയതോടുകൂടി സംഭവം ചര്‍ച്ചയായി മാറി. ഒടുവില്‍ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചെന്നും നീലുവായി നിഷ തുടരുമെന്നും വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു.

Related News