Friday
20 Jul 2018

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഹരിത ട്രൈബ്യൂണല്‍ അന്ത്യശ്വാസം വലിക്കുന്നു

By: Web Desk | Thursday 15 February 2018 10:11 PM IST

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിസര്‍ക്കാരിന് കീഴില്‍ ഒഴിവുകള്‍ നികത്താതെയും അടിസ്ഥാനസൗകര്യങ്ങള്‍ ലഭിക്കാതെയും ഹരിത ട്രൈബ്യൂണല്‍ പ്രവര്‍ത്തനം തളരുന്നു. നിലവില്‍ എഴുപത് ശതമാനത്തോളംവരുന്ന ഒഴിവുകള്‍ നികത്താതെ ഹരിത ട്രൈബ്യൂണലിനെ ശ്വാസംമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പരിസ്ഥിതിവിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി കോടതികള്‍ സ്ഥാപിക്കുന്ന മൂന്നാമത്തെ ലോകരാജ്യമെന്ന പദവിയോടെ 2010 ല്‍ സ്ഥാപിച്ച ഹരിത ട്രൈബ്യൂണലുകളുടെ ഭാവി പ്രവര്‍ത്തനം വെല്ലുവിളികളെ നേരിടുകയാണ്. ഹരിത കോടതികളുടെ അധികാരം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഒഴിവുകള്‍ നികത്താതെ കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാട്ടുന്നത്.

ഏഴുവര്‍ഷംകൊണ്ട് നിരവധിയായ പരിസ്ഥിതി വിഷയങ്ങളില്‍ ശ്രദ്ധേയമായ വിധികള്‍ പുറപ്പെടുവിക്കാന്‍ ഹരിത ട്രൈബ്യൂണലിന് സാധിച്ചിരുന്നു. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഭോപ്പാല്‍ എന്നിവിടങ്ങളിലായി അഞ്ച് കോടതികളാണ് ട്രൈബ്യൂണലിനുള്ളത്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മേഖലാ ട്രൈബ്യൂണലുകള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ കാലതാമസം വന്നതോടെ സുപ്രിംകോടതി ഇടപെട്ടിരുന്നു. പല ജഡ്ജിമാരും അവഗണനയില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയും ചെയ്തിരുന്നു. മൂന്നുവര്‍ഷംകൊണ്ടാണ് മേഖലാ കോടതികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തത്. തുടര്‍ന്നെത്തിയ എന്‍ഡിഎ സര്‍ക്കാരും ഇതേ വിവേചനം തുടരുകയായിരുന്നു.

രാജ്യത്തുള്ള അഞ്ച് ട്രൈബ്യൂണലുകളില്‍ കുറഞ്ഞത് പത്ത് ജുഡീഷ്യല്‍ അംഗങ്ങളും പത്ത് സാങ്കേതിക വിദഗ്ധരും ഒരു ചെയര്‍മാനുമാണ് വേണ്ടതെന്ന് 2010 ലെ എന്‍ജിടി ആക്ടിന്റെ നാലാം ഖണ്ഡിക വ്യവസ്ഥ ചെയ്യുന്നുണ്ട്. ജസ്റ്റിസ് സ്വതന്ത്രര്‍കുമാര്‍ കഴിഞ്ഞ ഡിസംബറില്‍ വിരമിച്ചതിന് ശേഷം ഇതുവരെ പൂര്‍ണ്ണസമയ ചെയര്‍മാനെ നിയമിച്ചിട്ടില്ല.
ജുഡീഷ്യല്‍-സാങ്കേതിക അംഗങ്ങള്‍ ഇല്ലാതെ വന്നതോടെ ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ പ്രവര്‍ത്തനം ജനുവരി മൂന്ന് മുതല്‍ പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. കൊല്‍ക്കത്ത, പൂനെ ബെഞ്ചുകളില്‍ സാങ്കേതിക വിദഗ്ധരുടെ അഭാവംമൂലം 2017 നവംബര്‍ 16 ന് ശേഷം ഒരു വിധി പോലും പാസാക്കാനായിട്ടില്ല. കുറഞ്ഞത് ഒരു ജഡ്ജിയും ഒരു സാങ്കേതിക അംഗവും ചേര്‍ന്നാല്‍ മാത്രമേ വിധി പുറപ്പെടുവിക്കാന്‍ കഴിയൂ.

ന്യൂഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചില്‍ നിന്ന് സാങ്കേതിക അംഗം വിക്രംസിങ് സജ്വാന്‍, ജസ്റ്റിസ് സ്വതന്ത്രര്‍കുമാര്‍ എന്നിവര്‍ വിരമിച്ച ശേഷം ജസ്റ്റിസ് സാല്‍വി, സാങ്കേതിക അംഗം നാഗിന്‍ നന്ദ എന്നിവരെ പൂനെ ബെഞ്ചില്‍ ന്യൂഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. പകരം ജസ്റ്റിസ് ജവാദ് റഹിമിനെ ന്യൂഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് മാറ്റി. എന്നാല്‍ സാങ്കേതിക അംഗത്തിന്റെ നിയമനം ഇനിയും നടന്നിട്ടില്ല. ഇക്കാരണത്താലാണ് പൂനെ ബെഞ്ചിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുന്നത്. കൊല്‍ക്കത്ത ബെഞ്ചില്‍ ജസ്റ്റിസ് എസ് പി വാങ്ഡി മാത്രമാണുള്ളത്. ഇവിടെയും വിധി പുറപ്പെടുവിക്കാന്‍ തടസ്സം സാങ്കേതിക അംഗത്തിന്റെ അഭാവമാണ്.

Related News