Saturday
18 Nov 2017

വിലക്കയറ്റത്തിന് ശമനമില്ല, മൊത്ത – ചില്ലറ വിലസൂചികയില്‍ വീണ്ടും വര്‍ധന

By: Web Desk | Tuesday 14 November 2017 10:45 PM IST

ന്യൂഡല്‍ഹി:

രാജ്യത്ത് മൊത്ത – ചില്ലറ വ്യാപാരമേഖലയില്‍ വന്‍ വിലക്കയറ്റമെന്ന് വ്യക്തമാക്കി ഉപഭോക്തൃവില സൂചിക പുതുക്കി നിശ്ചയിച്ചു. ചില്ലറ വില്‍പന മേഖലയില്‍ കഴിഞ്ഞ ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്നനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ 3.28 ശതമാനമായിരുന്നത് ഒക്‌ടോബറില്‍ 3.58 ശതമാനമായാണ് ഉയര്‍ന്നത്.
മൊത്ത വിലയില്‍ 3.59 ശതമാനമാണ് വര്‍ധനയുണ്ടായത്. സെപ്റ്റംബറില്‍ ഇത് 2.60 ശതമാനമായിരുന്നു. ഇതേ നിലവാരത്തില്‍ പോകുകയാണെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ സൂചിക 4.5 ശതമാനം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ഭക്ഷ്യ വസ്തുക്കളുടെയും പച്ചക്കറിയുടെയും വില ഇരട്ടിയിലധികം വര്‍ധിച്ചതായാണ് ഇരുസൂചികയില്‍ നിന്നും വ്യക്തമാകുന്നത്. ഭക്ഷ്യവില സൂചിക 4.30 ശതമാനമായി ഉയര്‍ന്നു. പച്ചക്കറിയുടേത് സെപ്റ്റംബറില്‍ 15.48 ശതമാനമായിരുന്നത് ഒക്‌ടോബറില്‍ 36.61 ശതമാനമായി ഉയര്‍ന്നു. ഉള്ളിവില 127.04, മുട്ട, മാംസം, മത്സ്യം എന്നിവയുടെ വില 5.76 ശതമാനവും ഉയര്‍ന്നു. കുടുംബ ബജറ്റിനെ താളം തെറ്റിച്ചുകൊണ്ട് ഭവന നിരക്കിലും ഇന്ധന വിലയിലും വര്‍ധനയാണുണ്ടായിരിക്കുന്നത്. ഭവന നിരക്ക് 40 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. 6.7 ശതമാനമാണ് ഒക്‌ടോബര്‍ മാസത്തെ നിരക്ക്.
ഇന്ധന വില 5.56 ല്‍ നിന്ന് 6.36 ശതമാനമായി ഉയര്‍ന്നു. അതേസമയം ധാന്യവിലയില്‍ നേരിയ വ്യതിയാനമുണ്ടായി. 22.51 ല്‍ നിന്ന് 23.13 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി വിലക്കയറ്റം രൂക്ഷമായിക്കൊണ്ടേയിരിക്കുന്നുവെന്ന നിഗമനം ശരിവയ്ക്കുന്നതാണ് പുതുക്കിയ ഉപഭോക്തൃ വിലസൂചികയിലെ വര്‍ധനവ്. വാഹന നിയന്ത്രണത്തില്‍ ഇളവ്: ഡല്‍ഹി സര്‍ക്കാറിന്റെ
ആവശ്യം ഹരിത ട്രൈബ്യൂണല്‍ വീണ്ടുംതള്ളി
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വായൂമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഒറ്റ- ഇരട്ട നമ്പര്‍ വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ ഹരിത ട്രൈബ്യൂണല്‍ വീണ്ടും തള്ളി.
വനിതാ ഡ്രൈവര്‍മാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇളവു നല്‍കി പദ്ധതി നടപ്പാക്കാനിയിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ഹരിത ട്രൈബ്യൂണല്‍ രംഗത്തുവന്നതോടെ പദ്ധതി പിന്‍വലിച്ച് പുതിയ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ട്രൈബ്യൂണലിനെ വീണ്ടും സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പദ്ധതി യുക്തിരഹിതമാണെന്നും എന്തുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നതെന്നും ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു.
ഹെലികോപ്റ്റര്‍ വഴി നഗരത്തില്‍ വെള്ളം തളിച്ചത് മലീനീകരണം കുറയ്ക്കാന്‍ സാധിക്കുമോയെന്നും ട്രൈബ്യൂണല്‍ ചോദിച്ചു. വിഷയത്തെ സര്‍ക്കാര്‍ ഗൗവതരമായി തന്നെയാണോ കാണുന്നതെന്ന സംശയവും പ്രകടിപ്പിച്ചു. ഗതാഗതനിയന്ത്രണത്തില്‍ സ്ത്രീകള്‍ക്ക് ഇളവ് നല്‍കിയില്ലെങ്കില്‍ സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുമെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ വ്യക്തമാക്കി.
അതേസമയം, അന്തരീക്ഷ മലിനീകരണത്തില്‍ കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും സുപ്രീംകോതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും ഡല്‍ഹിയിലും പരിസരങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയാത്ത പശ്ചാത്തലത്തിലാണ് കോടതി സര്‍ക്കാറുകളില്‍ നിന്ന് വിശദീകരണം തേടിയിരുന്നത്.