Wednesday
23 Jan 2019

അലോക് വര്‍മ്മക്കെതിരെ തെളിവില്ലെന്ന് സിവിസി

By: Web Desk | Sunday 11 November 2018 10:58 PM IST

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയ അലോക് വര്‍മ്മക്കെതിരായ പരാതികളില്‍ കഴമ്പില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍. കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായി മാറിയേക്കാവുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും.
മൊയിന്‍ ഖുറേഷി കേസില്‍ രണ്ട് കോടി രൂപ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്നാണ് വിജിലന്‍സ് കമ്മീഷന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നു ഡയറക്ടര്‍ സ്ഥാനത്തുനിന്നും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടി വന്ന അലോക് വര്‍മ്മയ്ക്ക് സ്ഥാനം തിരിച്ചുനല്‍കേണ്ടിവരുമെന്നാണ് സൂചന.
സുപ്രിം കോടതി മുന്‍ ജസ്റ്റിസ് എ കെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരി, കമ്മീഷണര്‍മാരായ ശരത് കുമാര്‍, ടി എം ബാസില്‍ തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് അലോക് വര്‍മ്മക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയത്. പണം കൈമാറിയതിന്റെ തെളിവുകളോ പരാതിക്കാധാരമായ മറ്റ് തെളിവുകളോ ഹാജരാക്കാന്‍ അസ്താനക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
മാംസവ്യാപാരി മൊയിന്‍ ഖുറേഷിക്കെതിരായ കേസില്‍ ഇടനിലക്കാരനായ സതീഷ് സനയില്‍ നിന്നും അലോക് വര്‍മ്മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് രാകേഷ് അസ്താന നല്‍കിയ പരാതി. നരേന്ദ്ര മോഡിയോട് അടുപ്പമുള്ള രാകേഷ് അസ്താനയ്‌ക്കെതിരെ അഴിമതിക്കേസെടുത്തതിനു പിന്നാലെയാണ് അലോക് വര്‍മയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നത്.
ഇതേ ഇടനിലക്കാരനില്‍ നിന്നും അസ്താനയും മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരും മൂന്നുകോടി കൈക്കൂലി വാങ്ങിയെന്നായിരുന്നു സിബിഐ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ്. അസ്താനക്കെതിരെ സിബിഎ അന്വേഷണം തുടങ്ങിയതോടെ മോഡി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സതീഷ് സനയുടെയും, അലോക് വര്‍മ്മയുടെയും മൊഴി വിജിലന്‍സ് കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. അസ്താന കൈമാറിയ രേഖകളും, സിബിഐ ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത രേഖകളും പരിശോധിച്ചു. ഗുരുതര പിഴവുണ്ടെങ്കിലേ സിബിഐ ഡയറക്ടറെ സ്ഥാനത്തു നിന്ന് നീക്കാന്‍ കഴിയൂ. എന്നാല്‍ ആരോപണം തെളിയാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴടങ്ങേണ്ടിവരും.
ഒക്ടോബര്‍ 23 നാണ് ആരോപണ വിധേയരായ അലോക് വര്‍മ്മയെയും രാകേഷ് അസ്താനയെയും സിബിഐയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്. ഇരുവരോടും നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. 2017 ലാണ് അലോക് വര്‍മ്മ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്‌പെഷല്‍ ഡയറക്ടറായിരുന്ന അസ്താന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായി. അലോക് വര്‍മ്മയ്ക്ക് വിരമിക്കാന്‍ ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ട്.
ഇന്ന് 47-ാമത്തെ കേസായിട്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട ബഞ്ച് അലോക് വര്‍മ്മയുടെയും പ്രശാന്ത് ഭൂഷന്റെയും ഹര്‍ജികള്‍ പരിഗണിക്കുക. ഡയറക്ടറെ മടക്കി കൊണ്ടുവരാന്‍ കോടതി ഉത്തരവിട്ടാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തിരിച്ചടിയാകും. വിവാദമായ റഫാല്‍ ഇടപാടിലടക്കം സുപ്രധാനമായ ഏഴ് അന്വേഷണ ഫയലുകള്‍ പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ അലോക് വര്‍മ്മയെ നീക്കിയതെന്ന് വിവരങ്ങള്‍ പുറത്തുവന്നിരുന്നു.