Thursday
24 Jan 2019

മോഡിയുടെ വിദേശസന്ദര്‍ശനം; ചെലവിന്റെ കണക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം

By: Web Desk | Thursday 4 October 2018 10:49 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആകെ ചെലവഴിച്ച തുകയുടെ കണക്ക് പ്രത്യേകമായി സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം.
2014 മുതല്‍ മോഡി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിന് എത്ര രൂപ ചെലവായി എന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി.
പ്രധാനമന്ത്രിയുടെ ആകെ യാത്രാച്ചെലവു സംബന്ധിച്ചു പ്രത്യേക രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നാണു കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ സീനിയര്‍ അക്കൗണ്ട്‌സ് ഓഫിസര്‍ നല്‍കിയിരിക്കുന്ന മറുപടി.
പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരുടെ എല്ലാ ചെലവുകളും പിഎംഒ എക്‌സ്‌പെന്‍സ് എന്ന ഒറ്റ അക്കൗണ്ട് ഹെഡിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പിന്നീട് വിദേശകാര്യ മന്ത്രാലയം കാബിനറ്റ് സെക്രട്ടേറിയറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചെലവ് ക്ലെയിം ചെയ്യുകയാണ് ചെയ്യുന്നതെന്നും അതുകൊണ്ടു പ്രത്യേക രേഖകള്‍ സൂക്ഷിക്കാറില്ലെന്നുമാണ് സീനിയര്‍ അക്കൗണ്ട്‌സ് ഓഫിസര്‍ വ്യക്തമാക്കുന്നത്.
അതേസമയം പ്രധാനമന്ത്രി മോഡിയുടെ വിദേശയാത്രകള്‍ക്കു മൂന്നു വിഭാഗങ്ങളിലായി 1,484 കോടി രൂപ ചെലവിട്ടതായി ജൂലൈയില്‍ വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍ മറുപടി നല്‍കിയിരുന്നു.
പ്രധാനമന്ത്രിയുടെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍, ഹോട്ട്‌ലൈന്‍ സൗകര്യം എന്നിവയ്ക്കായി ഇത്രയും തുക ചെലവഴിച്ചുവെന്നാണു വിദേശകാര്യ സഹമന്ത്രി വി കെ സിങ് മറുപടി നല്‍കിയിരുന്നത്.
2014 ജൂണ്‍ 15നു നടത്തിയ ഭൂട്ടാന്‍ യാത്ര മുതല്‍ 2018 ജൂണ്‍ 9നു നടത്തിയ ചൈനീസ് സന്ദര്‍ശനം വരെയുള്ള ചെലവുകള്‍ അന്നു പുറത്തുവിട്ടിരുന്നു.
പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 1088.42 കോടിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപയും ഹോട്ട്‌ലൈന്‍ സൗകര്യത്തിനായി 9.12 കോടി രൂപയുമാണു ചെലവഴിച്ചിരുന്നത്.

Related News