Monday
15 Oct 2018

ഫാസിസത്തിനെതിരെ പൊരുതി മരിച്ചവള്‍

By: Web Desk | Thursday 26 October 2017 9:03 PM IST

മീനു എസ് പ്രസാദ്

ലോകം കണ്ടതില്‍ വച്ച് ഏറ്റവും ധൈര്യശാലിയായ ഇന്ത്യന്‍ വനിത അതായിരുന്നു നൂര്‍ ഇനായത്ത് ഖാന്‍. മൈസൂര്‍ ഭരിച്ചിരുന്ന ടിപ്പു സുല്‍ത്താന്റെ പിന്തുടര്‍ച്ചക്കാരിയായ നൂര്‍ ഫാസിസത്തിനെതിരെ പൊരുതി വീരമൃത്യുവരിക്കുകയുണ്ടായി. യുദ്ധത്തിനിടെ നാസി പടയണിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുക എന്ന ഏറെ ഉത്തരവാദിത്തമുള്ളതും അപകടകരവുമായ ജോലിയായിരുന്നു നൂര്‍ ചെയ്തത്.
1914 ജനുവരിയില്‍ മോസ്‌കോയില്‍ ജനനം, പിതാവ് സൂഫി സംഗീതജ്ഞനായ ഹസ്‌റത് ഇനായത് ഖാന്‍, മാതാവ് അമേരിക്കന്‍ വംശജയായ ഒറ റേ. പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ചിരുന്ന ടിപ്പു സുല്‍ത്താന്റെ കൊച്ചുമകളായിരുന്നു ഇനായത്ത്. ഒന്നാം ലോക മഹാ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ റഷ്യയില്‍നിന്നും ഫ്രാന്‍സിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടു നൂറും കുടുംബവും. സുരേസ്‌നസ് എന്ന ശാന്തസുന്ദരമായ മലയോര പ്രദേശത്തായിരുന്നു പിന്നീടുള്ള അവരുടെ ജീവിതം.
ചെറുപ്പത്തില്‍ നൂര്‍ വളരെ ശാന്തസ്വരൂപയും ചിന്താശീലയും ലജ്ജാവതിയുമായിരുന്നു. സംഗീതപ്രിയയായിരുന്ന നൂര്‍ വീണ, കിന്നരം തുടങ്ങിയ തന്ത്രിവാദ്യങ്ങളില്‍ അഭിരുചി പുലര്‍ത്തിയിരുന്നു. ബൗദ്ധ ജാതക കഥകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട നൂര്‍ 25-ാം വയസിലാണ് തന്റെ ആദ്യ കഥാപുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചൈല്‍ഡ് സൈക്കോളജിയില്‍ ബിരുദം നേടിയ നൂര്‍ ഫ്രഞ്ച് റേഡിയോയിലേക്ക് സ്ഥിരമായി കവിതകള്‍ അയയ്ക്കാറുണ്ടായിരുന്നു.
ഇങ്ങനെ ജീവിതം വളരെ സമാധാനപരമായി നീങ്ങുന്നതിനിടയിലാണ് നൂറിന്റെ ജീവിതത്തില്‍ രണ്ടാം ലോകമഹായുദ്ധം വഴിത്തിരിവാകുന്നത്. ജര്‍മന്‍ അധിനിവേശത്തില്‍ പാരിസ് തകര്‍ന്നടിഞ്ഞപ്പോള്‍, നൂറിന് തന്റെ നാടും വീടുമൊക്കെ നഷ്ടമായി. പിന്നീടാണവര്‍ കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് പോയത്. തുടര്‍ന്ന് ഫാസിസത്തിനെതിരെ പോരാടുന്നതിനായി നൂര്‍ വുമെന്‍സ് ഓക്‌സിലറി എയര്‍ ഫോഴ്‌സില്‍ ചേരാന്‍ തീരുമാനിച്ചു.
നാസികള്‍ക്കെതിരായ പോരാട്ടത്തില്‍ തന്റെ സഖ്യകക്ഷികളെ പിന്തുണയ്ക്കാനായിരുന്നു നൂറിന്റെ തീരുമാനം. യുദ്ധാനന്തരം തന്റെ രാജ്യമായ ഇന്ത്യയെ കോളനി ഭരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുമെന്നാണ് വുമണ്‍ ഓക്‌സിലറി എയര്‍ ഫോഴ്‌സിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത നൂര്‍ പറഞ്ഞത്. ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തുന്നത് വഴി തന്റെ ജോലി സാധ്യത നഷ്ടപ്പെടുമെന്ന് നൂറിന് അറിയാമായിരുന്നെങ്കിലും ഇന്ത്യയോടുള്ള അതിരറ്റ സ്‌നേഹമാണ് അതിന് അവരെ പ്രേരിപ്പിച്ചത്.
1942 ലാണ് നൂര്‍ ചര്‍ച്ചില്‍സ് സീക്രെട്ട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവില്‍ ചേരുന്നത്.
നൂറിന്റെ സ്വഭാവ സവിശേഷതകള്‍ ഒന്നുംതന്നെ ചാര പ്രവര്‍ത്തിക്ക് ചേര്‍ന്നതായിരുന്നില്ല. ട്രെയിനിങ്ങിന്റെ ആദ്യ കാലഘട്ടത്തില്‍ നൂര്‍ തികച്ചും പിന്നിലായിരുന്നു എന്നാല്‍ നാസികളെ തകര്‍ക്കണമെന്ന അതിയായ മോഹം ഉണ്ടായിരുന്നതിനാല്‍ റെക്കോര്‍ഡ് വേഗത്തില്‍ അവര്‍ ചാരപ്പണിയില്‍ പ്രാഗത്ഭ്യം തെളിയിച്ചു. ‘മഡേലെയിന്‍’ എന്നായിരുന്നു നൂറിന്റെ കോഡ് നാമം. നൂര്‍ ഉപയോഗിച്ചിരുന്ന രഹസ്യ റേഡിയോ എന്‍ക്രിപ്ഷന്‍ കോഡ് ആകട്ടെ അവരുടെ തന്നെ കവിതയിലേതും.
1943 ജൂണില്‍ പാരീസിലേക്ക് പ്രവേശിച്ച നൂര്‍ ഫ്രാന്‍സിലെ ആദ്യ വനിതാ എസ് ഒ ഇ ഏജന്റായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഇവരുടെ സംഘത്തിലെ എല്ലാ ചാരപ്രവര്‍ത്തകരെയും ഗസ്റ്റപ്പോ (നാസി ജര്‍മനിയുടെ രഹസ്യ പൊലീസ്) പിടികൂടി. നൂര്‍ ഒഴികെ എല്ലാവരേയും അവര്‍ പിടികൂടി. തിരിച്ചു ലണ്ടനിലേക്ക് പോരാന്‍ നൂറിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് കൂട്ടാക്കിയില്ല.
വലിയൊരു ചാരവലയത്തെ ബന്ധിപ്പിച്ചു റേഡിയോ ഓപ്പറേറ്ററായി നൂര്‍ നിലകൊണ്ടു. എന്നാല്‍ അവരെ പിന്തുടര്‍ന്ന് നാസി രഹസ്യ അന്വേഷണ ഏജന്‍സിയും ഉണ്ടായിരുന്നു. ഇരുപത് മിനിറ്റില്‍ കൂടുതല്‍ സമയം ഒരിടവും തങ്ങാതെ അവര്‍ സ്ഥലങ്ങള്‍ മാറ്റിക്കൊണ്ടേയിരുന്നു. പക്ഷെ ഒടുവില്‍ അധികം വൈകാതെതന്നെ നൂറും പിടിയിലായി. തന്നെ പിടികൂടാന്‍ വന്നവരെ നൂര്‍ തനിക്കാവുംവിധം തടഞ്ഞു. അവരെ മര്‍ദിക്കുകയും കടിക്കുകയുമൊക്കെ ചെയ്ത് നൂര്‍ പ്രതിരോധം തീര്‍ത്തു. ഒടുവില്‍ ആറോളം ആളുകള്‍ വേണ്ടിവന്നു നൂറിനെ പിടിച്ചുകെട്ടാന്‍. അവിടെ നിന്നും അവര്‍ നൂറിനെ കൊണ്ടുപോയത് ഡച്ചൗ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്കായിരുന്നു. അറസ്റ്റ് ചെയ്ത നാസി രഹസ്യ അന്വേഷണ സംഘത്തിന്റെ കൈയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി നൂര്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.
രക്ഷപ്പെടല്‍ ശ്രമം പിടികൂടിയ നാസികള്‍ അവരെ ചങ്ങലയില്‍ ബന്ധിച്ചു. പിന്നീട് അങ്ങോട്ട് അതിക്രൂരമായ ചോദ്യം ചെയ്യല്‍. എന്നാല്‍ ഒരു രഹസ്യവും അവര്‍ക്ക് നൂറില്‍ നിന്നും അറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 1944 സെപ്റ്റംബറില്‍ 30-ാമത്തെ വയസില്‍ നൂറിനെ ഡൗച് രഹസ്യസേന വെടിവെച്ചുകൊല്ലുകയായിരുന്നു തന്റെ അവസാന ശ്വാസത്തിലും നൂര്‍ ഉറക്കെ വിളിച്ചു പറഞ്ഞത് ‘സ്വാതന്ത്ര്യം’ എന്ന വാക്കാണ്.
1949 ല്‍ ബ്രിട്ടന്‍ നൂറിനെ പരമോന്നത പദവിയായ ജോര്‍ജ് ക്രോസ്സ് നല്‍കി ആദരിച്ചു. നൂര്‍ ഇനായത്ത് ഖാന്റെ വെങ്കലശില്‍പം ആന്‍ രാജകുമാരി ലണ്ടനില്‍ അനാച്ഛാദനം ചെയ്തു. ബ്രിട്ടനില്‍ സ്മാരകം ഉയര്‍ത്തപ്പെടുന്ന ആദ്യ മുസ്ലിം ഏഷ്യന്‍ വനിതയുമാണ് നൂര്‍ ഇനായത്ത്.
നൂറിന്റെ ജീവചരിത്രം എഴുതിയ ശ്രബാനി ബസു നടത്തിയ നീണ്ട കാമ്പയിനിന്റെ വിജയം കൂടിയാണ് ശില്‍പം. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെയും നിരവധി പാര്‍ലമെന്റ് അംഗങ്ങളുടെയും പിന്തുണ കാമ്പയിനുണ്ടായിരുന്നു. ധീരതയും ത്യാഗവും നിറഞ്ഞ നൂറിന്റെ കഥ ഭാവി തലമുറ മറക്കാന്‍ പാടില്ല. അതിന് ഈ സ്മാരകം ഉപകരിക്കും എന്നാണ് ശ്രബാനിയുടെ പക്ഷം.