Saturday
23 Jun 2018

ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

By: Web Desk | Wednesday 6 September 2017 1:21 AM IST

ലോകരാഷ്ട്രങ്ങളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഉത്തരകൊറിയ വീണ്ടും ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയിരിക്കുന്നു. ലോകത്തെ എല്ലാ രാഷ്ട്രങ്ങളും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ)യാണ് ബോംബ് പരീക്ഷണത്തിന്റെ വാര്‍ത്ത പുറത്തുവിട്ടത്. ഹൈഡ്രജന്‍ ബോംബിന്റെ കൃത്യതയും വിശ്വാസ്യതയും നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നതിനായാണ് പരീക്ഷണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കിം ജോങ് ഉന്‍ പരീക്ഷണത്തിന് മുന്‍പായി ലോഞ്ചിങ് സ്ഥലത്തെത്തിയതിന്റെ ചിത്രങ്ങളും ഏജന്‍സി പുറത്തുവിട്ടിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാവുന്ന തരം ആണവ ബോംബ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് പരീക്ഷണത്തിന് മുന്‍പ് കെസിഎന്‍എ സൂചന നല്‍കിയിരുന്നു.
പരീക്ഷണത്തെ തുടര്‍ന്ന് ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആദ്യം സ്വാഭാവിക ഭൂചലനമാണെന്നാണ് കരുതിയിരുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയ നടത്തുന്ന ആദ്യത്തെ തെര്‍മോ ന്യൂക്ലിയര്‍ പരീക്ഷണമാണിത്. ആണവ പരീക്ഷണങ്ങളില്‍ ആറാമത്തേതും. 2006ല്‍ ആണ് ആദ്യമായി ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയത്. 2016 സെപ്റ്റംബര്‍ ഒമ്പതിനാണ് അഞ്ചാമത്തെ ബോംബ് പരീക്ഷണം ഉത്തര കൊറിയ നടത്തിയത്.
ആണവ ബോംബ് സ്‌ഫോടനത്തിന്റെ കെടുതികളും പരീക്ഷണത്തിന്റെ അനന്തരഫലങ്ങളും ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. ഭൂമുഖത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ചത് ജപ്പാനില്‍ അമേരിക്കയുടെ വകയായിട്ടായിരുന്നു. ഒരു ലക്ഷത്തിനാല്‍പ്പതിനായിരത്തിലധികം മനുഷ്യ ജീവനുകള്‍ നിമിഷങ്ങള്‍ക്കകം കത്തിച്ചാമ്പലായതായിരുന്നു ആ ബോംബ് വര്‍ഷത്തിന്റെ ഫലം. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം സകല ജീവജാലങ്ങളും കത്തിക്കരിഞ്ഞു. അണുബോംബിന്റെ പാര്‍ശ്വഫലങ്ങളായി ലുക്കീമിയ പോലുള്ള ക്യാന്‍സറും മാരകരോഗങ്ങളും പകര്‍ച്ചവ്യാധികളും ജപ്പാന്‍ ജനതയെ ഇപ്പോഴും കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്.
ബോംബ് വര്‍ഷിച്ചതിന്റെ ദുരന്താനുഭവങ്ങളുമായാണ് ജപ്പാന്‍ ലോകജനതയ്ക്ക് മുന്നില്‍ നില്‍ക്കുന്നതെങ്കില്‍ ആണവ നിലയത്തില്‍ ചോര്‍ച്ചയുണ്ടായതിന്റെ ദുരന്തമെന്തായിരുന്നുവെന്ന് റഷ്യയിലെ ചെര്‍ണോബില്‍ ലോകത്തിന് കാട്ടിത്തന്നു.
1945-ല്‍ 250 കോടി ഡോളര്‍ മുടക്കി അമേരിക്ക നിര്‍മിച്ച ‘ലിറ്റില്‍ ബോയ്’ എന്ന് പേരുള്ള അണുബോംബിന്റെ എത്രയോ മടങ്ങ് പ്രഹരശേഷിയുള്ള ബോംബുകളാണ് ഇന്ന് പല ലോകരാജ്യങ്ങളുടെയും കൈവശമുള്ളത്.
എന്താണ് ഹൈഡ്രജന്‍ ബോംബ് എന്ന് മനസിലാക്കുമ്പോഴാണ് ലോകം കൂടുതല്‍ ആശങ്കയില്‍ ആകുന്നത്. ഒരു ബോംബിനുള്ളില്‍ പല ബോംബുകള്‍ – അതാണ് തെര്‍മോ ന്യൂക്ലിയര്‍ ബോംബ് എന്ന ഹൈഡ്രജന്‍ ബോംബ്. അണുബോബിനേക്കാള്‍ 1000 മുതല്‍ 5000 വരെ മടങ്ങ് ശക്തിയേറിയതാണ് ഹൈഡ്രജന്‍ ബോംബ്.
ഇന്ന് അമേരിക്കയുടെ കൈവശം 7500 ലധികം ആണവായുധങ്ങളുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന, ഇസ്രയേല്‍, പാകിസ്ഥാന്‍, ഉത്തര കൊറിയ, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളും ആണവപരീക്ഷണങ്ങള്‍ നടത്തി തങ്ങളുടെ കൈവശം നൂറുകണക്കിന് അണുബോംബുകള്‍ ഉണ്ടെന്ന പ്രഖ്യാപനം നടത്തി മേനി നടിക്കുന്നവരാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും പല വിധത്തിലുള്ള സംഘര്‍ഷങ്ങളാണ് നിലനില്‍ക്കുന്നത്. അതില്‍ പ്രധാനമാണ് വിവിധ പേരുകളിലുള്ള ഭീകരവാദങ്ങള്‍. ഭീകര സംഘടനകളുടെ കൈകളില്‍ പോലും ആണവായുധങ്ങളുണ്ടെന്ന വെളിപ്പെടുത്തല്‍ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
ഉത്തരകൊറിയയുടെ ആണവ പരീക്ഷണം മേഖലയില്‍ സംഘര്‍ഷസാധ്യത ഉണ്ടാക്കുമെന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അയല്‍രാജ്യങ്ങളായ ജപ്പാനും ചൈനയുമെല്ലാം ഭീഷണി സ്വരത്തിലാണ് സംസാരിച്ചിരിക്കുന്നത്. ഏറ്റവുമധികം ആണവായുധങ്ങള്‍ കൈവശം വയ്ക്കുകയും ആയുധക്കച്ചവടം പ്രധാന വരുമാനമായി കരുതുകയും ചെയ്യുന്ന അമേരിക്കയും ഉത്തര കൊറിയയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അവരുടെ നിലപാട് പക്ഷേ സംശയാസ്പദമാണ്. കാരണം അസ്വസ്ഥമാണെന്ന പ്രതീതി സൃഷ്ടിച്ച് തങ്ങളുടെ ആയുധവ്യാപാരം വര്‍ധിപ്പിക്കാനാകുമോയെന്ന ദുഷ്ടബുദ്ധിയാണ് അവരുടേതെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.
ലോകമാഗ്രഹിക്കുന്നത് യുദ്ധമില്ലാത്ത നാളുകള്‍ തന്നെയാണ്. ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ലോക നാശത്തിലേയ്ക്കായിരിക്കും നയിക്കുകയെന്നത് പ്രവചനത്തിനപ്പുറം സംഭവിക്കാന്‍ പോകുന്ന യാഥാര്‍ഥ്യമാണ്. മനുഷ്യരാശിയെ സ്‌നേഹിക്കുന്ന രാഷ്ട്രനേതാക്കള്‍ അതുകൊണ്ട് ഇത്തരം പരീക്ഷണങ്ങളില്‍ നിന്ന് പിന്‍മാറുകയാണ് ചെയ്യേണ്ടത്.
ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയത് ശക്തമായ ഭാഷയില്‍ അപലപിക്കുമ്പോള്‍ തന്നെ അതിന്റെ മറവില്‍ ലോകത്ത് യുദ്ധാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്.