Sunday
24 Sep 2017

സുരക്ഷാകൗണ്‍സില്‍ പ്രമേയം; അമേരിക്ക ദുഖിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയ

By: Web Desk | Monday 11 September 2017 8:23 PM IST

പ്യോങ്‌യാങ്: ഇന്ന് ചേരുന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ തങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയാല്‍ അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് പ്യോങ്‌യാങ്ങിന്റെ മുന്നറിയിപ്പ്. ഉത്തരകൊറിയയെ സാമ്പത്തികമായി പൂര്‍ണമായി തകര്‍ക്കുവാന്‍ ലക്ഷ്യംവെച്ചുള്ള യുഎസ് പ്രമേയമാണ്‌ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍  അവതരിപ്പിക്കപ്പെടുക. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരന്തമായിരിക്കും ഇതിലൂടെ യുഎസ് നേരിടുകയെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കി.

ഉത്തരകൊറിയയില്‍ നിന്നുള്ള സമുദ്രോല്‍പ്പന്നങ്ങള്‍, കല്‍ക്കരി, ഇരുമ്പ്, ലെഡ് എന്നിവയുടെ ഇറക്കുമതി നിരോധിക്കുവാനാണ് അമേരിക്കയുടെ നീക്കം. വര്‍ഷത്തില്‍ 3 ബില്യണ്‍ ഡോളര്‍ വരുമാനം ലഭിക്കുന്ന സ്രോതസ്സാണ് ഉത്തരകൊറിയയ്ക്ക് ഇതിലൂടെ നഷ്ടപ്പെടുക.

ഉത്തരകൊറിയന്‍ തൊഴിലാളികളെ ബഹിഷ്‌കരിക്കുക. ഇതിനുപുറമെ ഉത്തരകൊറിയയ്ക്കുള്ള ഓയില്‍ സപ്ലൈ പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കുക എന്നതും ഉപരോധത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിലൂടെ ഉത്തരകൊറിയന്‍ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായും സ്തംഭനാവസ്ഥയില്‍ എത്തിക്കുക എന്നതാണ് അമേരിക്കയും കൂട്ടാളികളും ലക്ഷ്യംവെക്കുന്നത്‌.

ഉത്തരകൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങളില്‍ പ്രതിഷേധിച്ചാണ് യുഎസും സഖ്യരാഷ്ട്രങ്ങളും കിം ജോങ് ഉന്നിനെതിരെ കടുത്ത നടപടികള്‍ക്ക് മുന്നിട്ടുവന്നത്.
ഹെഡ്രജന്‍ ബോംബ് ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ 5 സ്ഥിരാംഗങ്ങളും 10 താത്കാലിക അംഗങ്ങളും ചേര്‍ന് 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ ഉത്തരകൊറിയയ്‌ക്കെതിരെ പ്രമേയം പാസാക്കിയെടുക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് യുഎസ്‌.

പ്രമേയം പാസാക്കപ്പെടുകയാണെങ്കില്‍ യുഎസിനെ തകര്‍ക്കാന്‍ ഏതറ്റംവരെയും പോകുമെന്ന്‌ ഉത്തരകൊറിയ വെല്ലുവിളിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.