Thursday
19 Jul 2018

ഉത്തര കൊറിയ സിറിയയിലേക്ക് നിരോധിത വസ്തുക്കള്‍ കയറ്റി അയയ്ക്കുന്നു

By: Web Desk | Wednesday 28 February 2018 10:33 PM IST

ഡമാസ്‌ക്കസ്: സിറിയയില്‍ രാസായുധങ്ങള്‍ നിര്‍മിക്കുന്നതിന് നിരോധിത വസ്തുക്കള്‍ ഉത്തരകൊറിയ നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കാനാവശ്യമായ വസ്തുക്കളും രാസായുധങ്ങളും ഉത്തര കൊറിയ സിറിയയ്ക്ക് നല്‍കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ നിരീക്ഷകര്‍ കണ്ടെത്തിയത്. എന്നാല്‍ ഈ യുഎന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല. വിവിദ രാജ്യങ്ങളില്‍ നിന്നുമുള്ള എട്ടംഗ പാനലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

ആസിഡ് പ്രതിരോധ ടൈലുകള്‍, വാല്‍വുകള്‍, പൈപ്പുകള്‍ തുടങ്ങിയവയാണ് ഉത്തരകൊറിയ സിറിയയ്ക്ക് കൈമാറുന്നതെന്നാണ് വിവരം. സിറിയന്‍ ആയുധ നിര്‍മാണവും ഇതിനുള്ള ഭൗതിക സാഹചര്യങ്ങളും ഉത്തരകൊറിയന്‍ മിസൈല്‍ വിദഗ്ധന്‍ പരിശോധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2012നും 2017നുമിടയില്‍ ഇത്തരത്തില്‍ 40-തോളം കൈമാറ്റങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയുധ ഇടപാട് ഏറ്റവും കാര്യക്ഷമമായി നടന്നിട്ടുണ്ടെന്നും ഇവര്‍ കണ്ടെത്തി.

സിറിയയ്ക്ക് പുറമേ മ്യാന്‍മറിനും നിരവധി ആയുധങ്ങള്‍ ഉത്തര കൊറിയ കൈമാറിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളും മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചറുകളും ഭൗമോപരിതലത്തില്‍ നിന്നും ആകാശത്തേക്ക് അയക്കാന്‍ പറ്റുന്ന മിസൈലുകളും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം ഒന്‍പത് മാസത്തെ കാലയളവിനുള്ളില്‍ മ്യാന്‍മറിലേക്കും സിറിയയിലേക്കും നടത്തിയ ആയുധ കടത്തിലൂടെ ഏകദേശം 200 ദശലക്ഷം ഡോളര്‍ ഉത്തര കൊറിയ നേടിയിട്ടുണ്ടെന്ന് ഈ മാസം രണ്ടാം തീയതി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആഭ്യന്തര സംഘര്‍ഷങ്ങളെ അടിച്ചമര്‍ത്താന്‍ സിറിയന്‍ സൈന്യം ജനങ്ങള്‍ക്ക് നേരെ ക്ലോറിന്‍ വാതകം പ്രയോഗിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉത്തരകൊറിയന്‍ ഇടപെടല്‍ സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നത്യ എന്നാല്‍ യുഎന്‍ സംഘത്തിന്റെ കണ്ടെത്തലുകളെ സാധൂകരിക്കാന്‍ തക്ക രേഖകളൊന്നും ഇല്ലെന്നാണ് അറിയുന്നത്. സിറിയയിലേക്ക് ഇക്കാലയളവില്‍ ഉത്തര കൊറിയന്‍ പ്രതിനിധികള്‍ നടത്തിയിട്ടുള്ള യാത്രകളുടെ വിവരങ്ങളും ലഭ്യമല്ല.