Sunday
22 Oct 2017

യുദ്ധത്തിന് തിരികൊളുത്തുന്നത് ട്രംപ്: ഉത്തര കൊറിയ

By: Web Desk | Thursday 12 October 2017 11:41 PM IST

മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോയെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര കൊറിയ ആണവായുധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയാണ്. അത് ഇത്രയധികം ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമല്ല. തങ്ങളുടെ ആണവായുധങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടിയുള്ള സന്ധിസംഭാഷണങ്ങള്‍ക്ക് തങ്ങളൊരുക്കമല്ല. യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ടത് യുഎസ് ആണെന്നും റി യോങ് പറഞ്ഞു. ബുദ്ധിഭ്രമമുള്ള കലഹപ്രിയനായ ട്രംപ് ഐക്യരാഷ്ട്രസഭയില്‍ ഉത്തര കൊറിയക്കെതിരെ സംസാരിച്ചത് ഇതിന് ഉദാഹരണമാണെന്നും റി യോങ് ചൂണ്ടിക്കാട്ടി.
ലോകം ചര്‍ച്ചചെയ്യുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ട സമയമായെന്നും ഇതിനുള്ള മറുപടി വാക്കുകളിലൂടെ നല്‍കാനാകില്ലെന്നും തീമഴ മാത്രമാണ് ഉത്തരമെന്നും റി യോങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ലോകം ദുഷ്ടശക്തികളില്‍നിന്നു വലിയ ഭീഷണിയാണു നേരിടുന്നതെന്നും ഇവരെ അമര്‍ച്ച ചെയ്യാന്‍ മുന്‍കൈ എടുക്കണമെന്നുമാണു യുഎന്നിലെ പ്രസംഗത്തില്‍ ട്രംപ് ആവശ്യപ്പെട്ടത്. ഉത്തര കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളാണു ലോകത്തിനു ഭീഷണി സൃഷ്ടിക്കുന്നത്. ആണവായുധങ്ങളുള്ള രാജ്യങ്ങളും ഭീകരരുമാണ് ലോകം നേരിടുന്ന വെല്ലുവിളി. ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും നശിപ്പിക്കും. ഉത്തര കൊറിയയുടെ ‘റോക്കറ്റ് മാന്‍’ (കിം ജോങ് ഉന്‍) ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.