Friday
15 Dec 2017

ആവശ്യമെങ്കില്‍ പ്രത്യാക്രമണം: അമേരിക്കന്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു

By: Web Desk | Wednesday 11 October 2017 4:45 PM IST

വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥ സംഘങ്ങളുമായി ചര്‍ച്ച നടത്തി. ‘ദൂരപരിധി’ വിഷയത്തിലാണ് അമേരിക്ക ചര്‍ച്ച നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടീസ് സൈനിക ഓഫീസര്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യമെങ്കില്‍ ഉത്തരകൊറിയയ്‌ക്കെതിരെ എല്ലാ പരിധി സാധ്യതകളും പ്രയോഗിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഉത്തരകൊറിയയ്ക്കുള്ള പ്രത്യാക്രമണങ്ങളില്‍ അമേരിക്കയുടെ ദൂര പരിധിയാണ് ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഉത്തരകൊറിയയുമായുള്ള ധാരണാ ചര്‍ച്ചകള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചു കാണിക്കുക എന്നതാണ് ആകെയുള്ള പോംവഴിയെന്നും അമേരിക്കന്‍ ഉന്നത മിലിട്ടറി ഓഫീസര്‍ ജനറല്‍ ജോസഫ് ഡണ്‍ഫോര്‍ഡ് പറഞ്ഞു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വിവാദപരാമര്‍ശങ്ങളാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധഭീഷണി വളര്‍ത്തുന്നതിന് കാരണമായത്.
കഴിഞ്ഞ 25 വര്‍ഷങ്ങളായി ഉത്തരകൊറിയയും അമേരിക്കയും ധാരണ ചര്‍ച്ചകളിലാണ്. വന്‍ തുക ഇതിനായി മുടക്കിയിട്ടുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
എന്നാല്‍ മഷിയുണങ്ങുന്നതിന് മുമ്പ് കരാറുകള്‍ ലംഘിക്കപ്പെട്ടു. യുഎസിന്റെ സംഘാംഗങ്ങള്‍ വിഡ്ഢികളാക്കപ്പെടുകയും ചെയ്തു. ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളില്‍ ശക്തമായി തിരിച്ചടിക്കുന്നതിന് കാത്തിരിക്കുകയാണ് ട്രംപ് ഭരണകൂടം.