Thursday
24 Jan 2019

കര്‍ണാടകമല്ല തോറ്റുപോകുന്നത് ഇന്ത്യ തന്നെയാണ്

By: Web Desk | Thursday 17 May 2018 11:11 PM IST

ബിജെപിയുടെ അധികാര ദുര്‍വിനിയോഗവും ഗവര്‍ണറെന്ന പദവിയുടെ താഴ്ത്തിക്കെട്ടലും നടന്ന മണിക്കൂറുകള്‍ക്കാണ് ഇന്ത്യയാകെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തിലേറി നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ജനാധിപത്യ ധ്വംസനത്തിന്റെയും ധാര്‍മികത, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവയോടുള്ള ധിക്കാരപൂര്‍വമായ വെല്ലുവിളിയുടെയും നിരവധി തൂവലുകളാണ് ബിജെപിയെന്ന ഫാസിസ്റ്റ് പാര്‍ട്ടിയുടെ തലയിലെ തൊപ്പിയില്‍ തൂങ്ങുന്നത്. അതില്‍ അവസാനത്തേതാകട്ടെ കര്‍ണാടകയിലെ നടപടികളെന്നാണ് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പെന്നത് ഒരു പ്രഹസനമാണെന്ന് അവര്‍ തെളിയിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായിരിക്കുന്നു.
ഗോവ, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ജനാധിപത്യത്തെ കൊല ചെയ്തതിന് നാം സാക്ഷികളായതാണ്. അവിടങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പതിവ് രീതിയെ മാറ്റുന്നതിനെയാണ് ബിജെപി ന്യായീകരിച്ചത്. അതിന് പകരം തെരഞ്ഞെടുപ്പ് കഴിഞ്ഞ് രൂപംകൊണ്ട മുന്നണി അധികാരത്തിലെത്തുന്നതിന് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് വഴിയൊരുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ കര്‍ണാടകയിലെത്തുമ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പരിഗണനയില്‍ ഗവര്‍ണറെ ഉപയോഗിച്ച് അധികാരം തരപ്പെടുത്തുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം രൂപംകൊണ്ട സഖ്യത്തിന് അധികാരത്തിലെത്താനുള്ള സാഹചര്യങ്ങളെ ഗവര്‍ണര്‍ എന്ന പാവയെ ഉപയോഗിച്ച് തടയുന്നു. അധികാരം നേടുന്നതിന് എന്ത് വില കുറഞ്ഞ നിലപാടുകളും വൃത്തികെട്ട സമീപനങ്ങളും സ്വീകരിക്കുമെന്ന ഈ തകിടംമറിച്ചില്‍ യഥാര്‍ഥത്തില്‍ രാഷ്ട്രീയ വ്യഭിചാരത്തിന് തുല്യമാണ്.
മുമ്പ് ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനമാണ് കര്‍ണാടകം. അവിടെ എന്തു വൃത്തികേട് കാട്ടിയും അധികാരം പിടിക്കണമെന്നതിന് പിന്നില്‍ ദുരൂഹമായ സാമ്പത്തിക താല്‍പര്യങ്ങളുമുണ്ട്. ഖനി മാഫിയയുടെ സംരക്ഷണവും മംഗലാപുരം വഴിയുള്ള അധോലോക ബന്ധവുമെല്ലാമാണ് ആ താല്‍പര്യത്തെ ഉത്തേജിപ്പിക്കുന്നത്. രാജ്യത്തെ ഖനിമാഫിയയുടെ വലിയ സാമ്പത്തിക സ്രോതസിലും ബിജെപി കണ്ണുവയ്ക്കുന്നുണ്ട്. രാജ്യഭരണം ഉണ്ടെന്നതിനാല്‍ തന്നെ ബിജെപിയേയാണ് ഖനിമാഫിയയ്ക്ക് ഇപ്പോള്‍ പഥ്യമെന്നതിനാല്‍ കുതിരക്കച്ചവടത്തിന് പണം കണ്ടെത്താന്‍ അവരും നന്നായി സഹായിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ധനസമാഹരണവും എളുപ്പത്തിലാവും.
അതുകൊണ്ട് കര്‍ണാടകയിലെ അധികാരം പിടിക്കുന്നതിന് ആദ്യം മുതല്‍ തന്നെ ബിജെപി വൃത്തികെട്ട കളികളാണ് കളിച്ചത്. പ്രചരണരംഗത്തും എന്തിന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയുടേതെന്ന പേരില്‍ വ്യാജ എക്‌സിറ്റ് പോള്‍ ഫലം പ്രഖ്യാപിച്ചും വരെ അവര്‍ വൃത്തികെട്ട കളികള്‍ നടത്തി. മോഡി, അമിത്ഷാ പ്രഭൃതികളുടെ ബുദ്ധിയിലുദിച്ച് വിധാന്‍ സൗധില്‍ പൂര്‍ത്തിയായൊരു അബദ്ധനാടകത്തിന്റെ തിരശീലയായിരുന്നു ഇന്നലെ നടന്ന സത്യപ്രതിജ്ഞയിലൂടെ ഉയര്‍ത്തപ്പെട്ടത്. ഓരോ സംഭവങ്ങള്‍ പരിശോധിച്ചാലും ഗവര്‍ണര്‍ പദവിയെന്നത് ചെരുപ്പുനക്കുന്നതാണെന്ന് ബോധ്യപ്പെടുത്തുന്ന നടപടികളായിരുന്നു ഉണ്ടായത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആരംഭിക്കുമ്പോള്‍തന്നെ അമിത്ഷായെന്ന ബിജെപി അധ്യക്ഷന്‍ കര്‍ണാടകയില്‍ തങ്ങള്‍ തന്നെ ഭരിക്കുമെന്ന് പ്രഖ്യാപിക്കുക, ഫലപ്രഖ്യാപനം പൂര്‍ത്തിയാകുന്നതിന് മുമ്പ് ആരെയും കാണില്ലെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ എന്നിട്ട് യെദ്യൂരപ്പയെന്ന ആര്‍എസ്എസുകാരനെ വിളിച്ചുവരുത്തി മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കുന്ന കത്ത് വാങ്ങി പോക്കറ്റിലിടുക, മറ്റുള്ള ആരെയും കാണാന്‍ അനുവദിക്കാതെ കക്കൂസിലൊളിക്കുക, പിന്നീട് ഭൂരിപക്ഷം തെളിയിക്കാനെത്തിയ കോണ്‍ഗ്രസ് – ജെഡിഎസ് എല്‍എമാരെ കാണാനനുവദിക്കാതിരിക്കുക, ബിജെപിക്കാരെ മാത്രം വീണ്ടും കാണുക, കോടതിയില്‍ കേസിരിക്കേ അത് പരിഗണിക്കാതെ സത്യപ്രതിജ്ഞയ്ക്ക് അവസരം നല്‍കുക ഇവയെല്ലാം അവിടെയുണ്ടായി.
തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ നിയോഗിച്ച പച്ചയായ ആര്‍എസ്എസുകാരനായ ഗവര്‍ണറെ ഉപയോഗിക്കുന്നതിന് കച്ചവട – വര്‍ഗീയ – ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ഷാ – മോഡി പ്രഭൃതികള്‍ക്ക് മടി ഉണ്ടാവേണ്ടതില്ല. പക്ഷേ ഉന്നതമെന്ന് കരുതിയിരുന്നൊരു പദവിയിലിരുന്ന് കര്‍ണാടക ഗവര്‍ണര്‍ ആ പണി ചെയ്യുമ്പോള്‍ ഇതിനെക്കാള്‍ മാന്യത വേറെ പണി നോക്കുകയാണെന്ന് എഴുതാത്തത് മാന്യന്മാര്‍ വായിക്കുന്നതാണ് ഇത് എന്നതിനാലാണ്. സമൂഹത്തിലെ ഏറ്റവും മോശമെന്ന് കരുതുന്ന ജോലികള്‍ ചെയ്യുന്നവരും പദവികളില്‍ ഇരിക്കുന്നവരും പോലും കാട്ടാത്ത വൃത്തികെട്ട നടപടികളാണ് ബിജെപിയില്‍ നിന്നും കര്‍ണാടക ഗവര്‍ണറില്‍ നിന്നുമുണ്ടായത്. സാമ്പത്തിക – അധികാര – വര്‍ഗീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ജനാധിപത്യവും ഭരണഘടനയും ധാര്‍മികമൂല്യങ്ങളും ഗവര്‍ണറെ ഉപയോഗിച്ച് തകര്‍ക്കപ്പെടുമ്പോള്‍ കര്‍ണാടകയിലെ ജനങ്ങള്‍ മാത്രമല്ല രാജ്യം തന്നെയാണ് തോറ്റുപോകുന്നത്.

Related News