Friday
25 May 2018

സ്ത്രീ സംവരണമല്ല, സമത്വമാണിവിടെ

By: Web Desk | Friday 19 January 2018 5:12 PM IST

കല്ലട ശ്രീകുമാര്‍
സ്ത്രീ സമത്വത്തിന്റെ വാതായനങ്ങള്‍ ആരെങ്കിലും ഔദാര്യപൂര്‍വം തൂറക്കുന്നതും കാത്തുനില്‍ക്കാത്ത 350 വനിതകള്‍. പ്രായം പോലും തളര്‍ത്താത്ത വനിതാ രത്‌നങ്ങള്‍ എന്ന് നിസ്സംശയം പറയാം. തിരുവനന്തപുരത്ത് നടന്ന 37-ാമത് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത 1050 അത്‌ലറ്റുകളില്‍ 350 പേര്‍ വനിതകളായിരുന്നു എന്നത് സ്ത്രീ സമത്വ വാദികളെ സംബന്ധിച്ച് ഏറെ സന്തോഷകരമായ സംഗതിയാണ്. 35 വയസ്സ്‌കഴിഞ്ഞ കണ്ണൂര്‍ സ്വദേശിനി മഞ്ചുറെജി മുതല്‍ 75 വയസ്സ് കഴിഞ്ഞ സി ഡി എല്‍സമ്മ വരെയുള്ള 350 വനിതകള്‍ ജനുവരി 13,14 തീയതികളില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഓടിയും ചാടിയും ജാവലിന്‍ എറിഞ്ഞും മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുത്തപ്പോള്‍ നല്‍കിയ സന്ദേശവും തിരുത്തിയ റെക്കോഡുകളും ഏര്‍പ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനവും കേരളം കാണാതെ പോകരുത്. വിവാഹത്തോടെ സ്വാതന്ത്ര്യവും പ്രസവത്തോടെ യൗവനവും നാല്പതുകളില്‍ ജീവിതം തന്നെയും അവസാനിക്കുന്നു എന്ന പരമ്പരാഗത കേരളീയ കാഴ്ച്ചപ്പാടുകളെ കാറ്റില്‍പ്പറത്തുവാനുള്ള ആഹ്വാനമാണ് ഈ വനിതകള്‍ നല്‍കിയത്.
കായിക വിനോദവും മല്‍സരവും പുരുഷന്‍മാരുടെയും യുവാക്കളുടെയും വേദികളാണെന്ന ചിന്തകളെയാണ് ഈ വനിതകള്‍ തകര്‍ത്തെറിഞ്ഞത്.
തങ്ങള്‍ അബലകളല്ലെന്ന്..
പ്രായം ഒരു പ്രശ്‌നമല്ലെന്ന്..
വാര്‍ദ്ധക്യം എന്നത് തളര്‍ന്നിരിക്കുവാനുള്ള കാരണമല്ലെന്ന്..
പെണ്ണായത് കൊണ്ട് പൊതു ഇടങ്ങള്‍ നിഷേധിക്കപ്പെടരുത് എന്നെല്ലാമുള്ള പ്രഖ്യാപനമായി മാറുകയായിരുന്നു മാസ്റ്റേഴ്‌സ് മീറ്റിലെ സ്ത്രീ സാനിധ്യങ്ങള്‍.
എന്തെങ്കിലും പരിഗണന കൊണ്ട് മീറ്റില്‍ പങ്കെടുക്കേണ്ടിവന്നവരല്ല ഇവരാരും എന്നതാണ് ഇവരുയര്‍ത്തുന്ന രാഷ്ട്രീയം. എല്ലാ ദിവസവും മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസ്സോസിയേഷന്‍ നടത്തുന്ന പരിശീലനങ്ങളില്‍ പങ്കെടുത്ത്, ജില്ലാതല മീറ്റുകളില്‍ ഒന്നാമതെത്തിയാണ് ഇവര്‍ സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. രാഷ്ട്രീയ രംഗങ്ങളിലെ സ്ത്രീ സംവരണ ഇടങ്ങളില്‍ ആരെയെങ്കിലും ഇരുത്തി ഭരണം നടത്തുന്ന പുരുഷ കേന്ദ്രീകൃത രാഷ്ട്രീയത്തിനുള്ള മുന്നറിയിപ്പ്. സംവരണം എന്ന സൗജന്യമല്ല, ലിംഗസമത്വം എന്ന സാമൂഹിക നീതിയാണ് വേണ്ടതെന്ന പ്രഖ്യാപനം. പെണ്ണിന് പ്രായം ഒരു ബാധ്യതയല്ലെന്നതിന്റെ നേര്‍ സാക്ഷ്യം. ഇതൊക്കെയാണ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിലെ 350 സ്ത്രീ സാനിധ്യങ്ങള്‍.
മീറ്റിലെ ഏറ്റവും പ്രായമുള്ള വനിത കണ്ണൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സി ഡി എല്‍സിയാണ്.1980 മുതല്‍ മുടങ്ങാതെ മാസ്റ്റേഴ്‌സ് മീറ്റില്‍ എല്‍സി പങ്കെടുക്കുന്നുണ്ട്.പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി വിരമിച്ച എല്‍സി ഇത് വരെ ഏഴ് തവണ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിലും പങ്കെടുത്തിട്ടുണ്ട്. ഇത്തവണ 100മീറ്റര്‍, 200മീറ്റര്‍, 400മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയാണ് ഈ 70കാരി തിരുവനന്തപുരത്തു നിന്നും മടങ്ങിയത്.
കൊല്ലം ജില്ലയില്‍ നിന്നുള്ള നസീന്‍ബീവിക്ക് വയസ്സ് എഴുപതാണ്. 300മീറ്റര്‍ ഹര്‍ഡില്‍സ്, 80മീറ്റര്‍ ഹര്‍ഡില്‍സ്, ലോംഗ് ജംമ്പ് എന്നീ ഇനങ്ങളിലാണ് ഇവര്‍ മല്‍സരിച്ചത്.